YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 16:21-40

അപ്പൊ. പ്രവൃത്തികൾ 16:21-40 MALOVBSI

റോമക്കാരായ നമുക്ക് അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു. പുരുഷാരവും അവരുടെ നേരേ ഇളകി; അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോൽകൊണ്ട് അവരെ അടിപ്പാൻ കല്പിച്ചു. അവരെ വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കി കാരാഗൃഹപ്രമാണിയോട് അവരെ സൂക്ഷ്മത്തോടെ കാപ്പാൻ കല്പിച്ചു. അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി. അർധരാത്രിക്കു പൗലൊസും ശീലാസും പ്രാർഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെട്ടെന്നു വലിയൊരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിലൊക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു. കാരാഗൃഹപ്രമാണി ഉറക്കുണർന്നു കാരാഗൃഹത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നത് കണ്ടിട്ടു ചങ്ങലക്കാർ ഓടിപ്പൊയ്ക്കളഞ്ഞു എന്ന് ഊഹിച്ചു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു. അപ്പോൾ പൗലൊസ്: നിനക്ക് ഒരു ദോഷവും ചെയ്യരുത്; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അവൻ വെളിച്ചം ചോദിച്ച് അകത്തേക്കു ചാടി വിറച്ചുംകൊണ്ടു പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു. അവരെ പുറത്തു കൊണ്ടുവന്ന്: യജമാനന്മാരേ, രക്ഷപ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്ന് ചോദിച്ചു. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന് അവർ പറഞ്ഞു. പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. അവൻ രാത്രിയിൽ, ആ നാഴികയിൽതന്നെ, അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു. പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ട് അവർക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു. നേരം പുലർന്നപ്പോൾ അധിപതികൾ കോല്ക്കാരെ അയച്ചു: ആ മനുഷ്യരെ വിട്ടയയ്ക്കേണം എന്നു പറയിച്ചു. കാരാഗൃഹപ്രമാണി ഈ വാക്ക് പൗലൊസിനോട് അറിയിച്ചു: നിങ്ങളെ വിട്ടയപ്പാൻ അധിപതികൾ ആളയച്ചിരിക്കുന്നു; ആകയാൽ സമാധാനത്തോടെ പോകുവിൻ എന്നു പറഞ്ഞു. പൗലൊസ് അവരോട്: റോമാപൗരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവർ തന്നെ വന്ന് ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു. കോല്ക്കാർ ആ വാക്ക് അധിപതികളോടു ബോധിപ്പിച്ചാറെ അവർ റോമാപൗരന്മാർ എന്നു കേട്ട് അവർ ഭയപ്പെട്ടു ചെന്ന് അവരോട് നല്ല വാക്കു പറഞ്ഞ് അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്ന് അപേക്ഷിച്ചു. അവർ തടവു വിട്ടു ലുദിയായുടെ വീട്ടിൽ ചെന്നു സഹോദരന്മാരെ കണ്ട് ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടുപോയി.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy