YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 15:1-21

അപ്പൊ. പ്രവൃത്തികൾ 15:1-21 MALOVBSI

യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏല്ക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്ന് സഹോദരന്മാരെ ഉപദേശിച്ചു. പൗലൊസിനും ബർന്നബാസിനും അവരോട് അല്പമല്ലാത്ത വാദവും തർക്കവും ഉണ്ടായിട്ടു പൗലൊസും ബർന്നബാസും അവരിൽ മറ്റുചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്ന് നിശ്ചയിച്ചു. സഭ അവരെ യാത്ര അയച്ചിട്ട് അവർ ഫൊയ്നീക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാർക്കു മഹാസന്തോഷം വരുത്തി. അവർ യെരൂശലേമിൽ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും അവർ അറിയിച്ചു. എന്നാൽ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ ചിലർ എഴുന്നേറ്റ് അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം എന്നു പറഞ്ഞു. ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി. വളരെ തർക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്: സഹോദരന്മാരേ, കുറെനാൾ മുമ്പേ ദൈവം നിങ്ങളിൽവച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ. ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താൽ അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വച്ചിട്ടില്ല. ആകയാൽ നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വയ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്? കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു. ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അദ്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു. അവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞത്: സഹോദരന്മാരേ, എന്റെ വാക്കു കേട്ടുകൊൾവിൻ; ദൈവം തന്റെ നാമത്തിനായി ജാതികളിൽനിന്ന് ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചത് ശിമോൻ വിവരിച്ചുവല്ലോ. ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു. “അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യ ശിഷ്ടങ്ങളെ വീണ്ടും പണിത് അതിനെ നിവിർത്തും; മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകല ജാതികളും കർത്താവിനെ അന്വേഷിക്കും എന്ന് ഇത് പൂർവകാലംമുതൽ അറിയിക്കുന്ന കർത്താവ് അരുളിച്ചെയ്യുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസം മുട്ടിച്ചത്തത്, രക്തം എന്നിവ വർജിച്ചിരിപ്പാൻ നാം അവർക്ക് എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു. മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവകാലംമുതൽ പട്ടണംതോറും അത് പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy