YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 13:1-25

അപ്പൊ. പ്രവൃത്തികൾ 13:1-25 MALOVBSI

അന്ത്യൊക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൗൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു. അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് അവരെ എനിക്കു വേർതിരിപ്പിൻ എന്ന് പരിശുദ്ധാത്മാവ് പറഞ്ഞു. അങ്ങനെ അവർ ഉപവസിച്ചു പ്രാർഥിച്ച് അവരുടെമേൽ കൈ വച്ച് അവരെ പറഞ്ഞയച്ചു. പരിശുദ്ധാത്മാവ് അവരെ പറഞ്ഞയച്ചിട്ട് അവർ സെലൂക്യയിലേക്കു ചെന്നു; അവിടെനിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കു പോയി, സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ട് ഉണ്ടായിരുന്നു. അവർ ദ്വീപിൽകൂടി പാഫൊസ്‍വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ളപ്രവാചകനായൊരു വിദ്വാനെ കണ്ടു. അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടുകൂടെ ആയിരുന്നു; അവൻ ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു. എന്നാൽ എലീമാസ് എന്ന വിദ്വാൻ -ഇതാകുന്നു അവന്റെ പേരിന്റെ അർഥം- അവരോട് എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു. അപ്പോൾ പൗലൊസ് എന്നു പേരുള്ള ശൗൽ പരിശുദ്ധാത്മപൂർണനായി അവനെ ഉറ്റുനോക്കി: ഹേ! സകല കപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവനീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ? ഇപ്പോൾ കർത്താവിന്റെ കൈ നിന്റെമേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെമേൽ വീണു; കൈ പിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ട് അവൻ തപ്പിനടന്നു. ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു. പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗെരുക്കു ചെന്നു. അവിടെവച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി. അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്യയിൽ എത്തി ശബ്ബത്ത്നാളിൽ പള്ളിയിൽ ചെന്ന് ഇരുന്നു. ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു. പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി പറഞ്ഞത്: യിസ്രായേൽപുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, കേൾപ്പിൻ. യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്ത് ജനത്തെ വർധിപ്പിച്ചു, ഭുജവീര്യംകൊണ്ട് അവിടെനിന്നു പുറപ്പെടുവിച്ചു. മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു, കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്ക് അവകാശമായി വിഭാഗിച്ചു കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്‍സരം കഴിഞ്ഞു. അതിന്റെശേഷം അവൻ അവർക്ക് ശമൂവേൽപ്രവാചകൻവരെ ന്യായാധിപതിമാരെ കൊടുത്തു. അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു. അവനെ നീക്കിയിട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്ന് അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു. അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിനു യേശു എന്ന രക്ഷിതാവിനെ കൊടുത്തു. അവന്റെ വരവിനു മുമ്പേ യോഹന്നാൻ യിസ്രായേൽജനത്തിനൊക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു. യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്ന് നിരൂപിക്കുന്നു? ഞാൻ മശീഹായല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പ് അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy