YouVersion Logo
Search Icon

2 ശമൂവേൽ 21

21
1ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോൾ ശൗൽ ഗിബെയോന്യരെ കൊല്ലുകകൊണ്ട് അത് അവൻ നിമിത്തവും രക്തപാതകമുള്ള അവന്റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു. 2രാജാവ് ഗിബെയോന്യരെ വിളിച്ച് അവരോടു പറഞ്ഞു:- ഗിബെയോന്യർ യിസ്രായേല്യരല്ല അമോര്യരിൽ ശേഷിച്ചവരത്രേ; അവരോടു യിസ്രായേൽമക്കൾ സത്യംചെയ്തിരുന്നു; എങ്കിലും ശൗൽ യിസ്രായേല്യർക്കും യെഹൂദ്യർക്കുംവേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ സംഹരിച്ചുകളവാൻ ശ്രമിച്ചു- 3ദാവീദ് ഗിബെയോന്യരോട്: ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരേണം; നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന് ഞാൻ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു. 4ഗിബെയോന്യർ അവനോട്: ശൗലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങൾക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങൾ പറയുന്നതു ഞാൻ ചെയ്തുതരാം എന്ന് അവൻ പറഞ്ഞു. 5അവർ രാജാവിനോട്: ഞങ്ങളെ നശിപ്പിക്കയും യിസ്രായേൽദേശത്തെങ്ങും ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങൾക്കു ഏല്പിച്ചുതരേണം. 6ഞങ്ങൾ അവരെ യഹോവയുടെ വ്രതനായ ശൗലിന്റെ ഗിബെയയിൽ യഹോവയ്ക്കു തൂക്കിക്കളയും എന്ന് ഉത്തരം പറഞ്ഞു. ഞാൻ അവരെ തരാമെന്നു രാജാവ് പറഞ്ഞു. 7എന്നാൽ ദാവീദും ശൗലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം രാജാവ് ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ ഒഴിവാക്കി. 8അയ്യാവിന്റെ മകൾ രിസ്പാ ശൗലിനു പ്രസവിച്ച രണ്ടു പുത്രന്മാരായ അർമ്മോനിയെയും മെഫീബോശെത്തിനെയും ശൗലിന്റെ മകളായ മീഖൾ മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രീയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവ് പിടിച്ചു ഗിബെയോന്യരുടെ കൈയിൽ ഏല്പിച്ചു. 9അവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴു പേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നത്. 10അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭംമുതൽ ആകാശത്തുനിന്ന് അവരുടെമേൽ മഴ പെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു. 11ശൗലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പാ ചെയ്തത് ദാവീദ് കേട്ടിട്ടു 12ദാവീദ് ചെന്നു ഫെലിസ്ത്യർ ഗിൽബോവയിൽവച്ചു ശൗലിനെ കൊന്ന നാളിൽ ബേത്ത്-ശാൻ നഗരവീഥിയിൽ ഫെലിസ്ത്യർ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൗരന്മാർ അവിടെനിന്നു മോഷ്‍ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കൽനിന്ന് എടുത്തു. 13അങ്ങനെ അവൻ ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളെയും അവർ പെറുക്കിയെടുത്തു. 14ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവർ ബെന്യാമീൻദേശത്ത് സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കംചെയ്തു; രാജാവ് കല്പിച്ചതൊക്കെയും അവർ ചെയ്തു. അതിന്റെശേഷം ദൈവം ദേശത്തിന്റെ പ്രാർഥനയെ കേട്ടരുളി. 15ഫെലിസ്ത്യർക്കു യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ് തളർന്നുപോയി. 16അപ്പോൾ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാൾ അരയ്ക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബി-ബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു. 17എന്നാൽ സെരൂയയുടെ മകനായ അബീശായി അവനു തുണയായ് വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്റെ ഭൃത്യന്മാർ അവനോട്: നീ യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിന് മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിനു പുറപ്പെടരുത് എന്നു സത്യം ചെയ്തു പറഞ്ഞു.
18അതിന്റെശേഷം ഗോബിൽവച്ചു വീണ്ടും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു. 19ഗോബിൽവച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവച്ചു ബേത്‍ലഹേമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു. 20പിന്നെയും ഗത്തിൽവച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീർഘകായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈക്ക് ആറാറുവിരലും ഓരോ കാലിന് ആറാറു വിരലും ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; ഇവനും രാഫയ്ക്കു ജനിച്ചവനായിരുന്നു. 21അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു. 22ഈ നാലു പേരും ഗത്തിൽ രാഫയ്ക്കു ജനിച്ചവരായിരുന്നു. അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കൈയാൽ പട്ടുപോയി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy