YouVersion Logo
Search Icon

2 രാജാക്കന്മാർ 20:1-19

2 രാജാക്കന്മാർ 20:1-19 MALOVBSI

ആ കാലത്ത് ഹിസ്കീയാവിന് മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്ന് അവനോട്: നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്റെ നേരേ തിരിച്ചു യഹോവയോടു പ്രാർഥിച്ചു: അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്ന് ഓർക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവ് ഏറ്റവും കരഞ്ഞു. എന്നാൽ യെശയ്യാവ് നടുമുറ്റം വിട്ടുപോകുംമുമ്പേ അവനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: നീ മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടത്: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാൻ കാത്തു രക്ഷിക്കും. പിന്നെ യെശയ്യാവ് ഒരു അത്തിപ്പഴക്കട്ട കൊണ്ടു വരുവിൻ എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു, അവനു സൗഖ്യമായി. ഹിസ്കീയാവ് യെശയ്യാവോട്: യഹോവ എന്നെ സൗഖ്യമാക്കുകയും ഞാൻ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന് അടയാളം എന്ത് എന്നു ചോദിച്ചു. അതിന് യെശയ്യാവ്: യഹോവ അരുളിച്ചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന് യഹോവയിങ്കൽനിന്ന് ഇതു നിനക്ക് അടയാളം ആകും: നിഴൽ പത്തുപടി മുമ്പോട്ടു പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു. അതിനു ഹിസ്കീയാവ്: നിഴൽ പത്തു പടി ഇറങ്ങിപ്പോകുന്നത് എളുപ്പം ആകുന്നു; അങ്ങനെയല്ല, നിഴൽ പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു. അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി. ആ കാലത്ത് ബലദാന്റെ മകനായ ബെരോദാക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവ് ദീനമായിക്കിടന്നിരുന്നു എന്ന് കേട്ടിട്ടു ഹിസ്കീയാവിന് എഴുത്തും സമ്മാനവും കൊടുത്തയച്ചു. ഹിസ്കീയാവ് അവരുടെ വാക്കു കേട്ട് തന്റെ ഭണ്ഡാരഗൃഹം മുഴുവനും പൊന്നും വെള്ളിയും സുഗന്ധവർഗവും പരിമളതൈലവും തന്റെ ആയുധശാലയും തന്റെ ഭണ്ഡാരങ്ങളിൽ ഉള്ളതൊക്കെയും അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു. എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്ന് അവനോട്: ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നു നിന്റെ അടുക്കൽ വന്നു എന്നു ചോദിച്ചതിനു ഹിസ്കീയാവ്: അവർ ദൂരദേശത്തുനിന്ന്, ബാബേലിൽനിന്നു വന്നു എന്നു പറഞ്ഞു. അവർ രാജധാനിയിൽ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിനു ഹിസ്കീയാവ്: രാജധാനിയിലുള്ളതൊക്കെയും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവർക്കു കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നു പറഞ്ഞു. യെശയ്യാവ് ഹിസ്കീയാവോടു പറഞ്ഞത്: യഹോവയുടെ വചനം കേൾക്ക: രാജധാനിയിലുള്ളതൊക്കെയും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ടുപോകുന്ന കാലം വരുന്നു. നീ ജനിപ്പിച്ചവരായി നിന്നിൽ നിന്നുദ്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതിനു ഹിസ്കീയാവ് യെശയ്യാവോട്: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത് എന്നു പറഞ്ഞു; എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവൻ പറഞ്ഞു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy