YouVersion Logo
Search Icon

1 ശമൂവേൽ 4:1-11

1 ശമൂവേൽ 4:1-11 MALOVBSI

ശമൂവേലിന്റെ വചനം എല്ലാ യിസ്രായേലിനും വന്നിട്ട്: യിസ്രായേൽ ഫെലിസ്ത്യരുടെ നേരേ യുദ്ധത്തിനു പുറപ്പെട്ടു, ഏബെൻ-ഏസെരിനരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി. ഫെലിസ്ത്യർ യിസ്രായേലിന്റെ നേരേ അണിനിരന്നു; പട പരന്നപ്പോൾ യിസ്രായേൽ ഫെലിസ്ത്യരോടു തോറ്റുപോയി; സൈന്യത്തിൽ ഏകദേശം നാലായിരം പേരെ അവർ പോർക്കളത്തിൽവച്ചു സംഹരിച്ചു. പടജ്ജനം പാളയത്തിൽ വന്നാറെ യിസ്രായേൽമൂപ്പന്മാർ: ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോല്ക്കുമാറാക്കിയത് എന്ത്? നാം ശീലോവിൽനിന്ന് യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ വരുത്തുക; അതു നമ്മുടെ ഇടയിൽ വന്നാൽ നമ്മെ നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും എന്നു പറഞ്ഞു. അങ്ങനെ ജനം ശീലോവിലേക്ക് ആളയച്ചു. അവർ കെരൂബുകളുടെ മധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്നു കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു. യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു. ഫെലിസ്ത്യർ ആർപ്പിന്റെ ഒച്ച കേട്ടിട്ട്: എബ്രായരുടെ പാളയത്തിൽ ഈ വലിയ ആർപ്പിന്റെ കാരണം എന്ത് എന്ന് അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു. ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു ഭയപ്പെട്ടു: നമുക്ക് അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല. നമുക്ക് അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കൈയിൽനിന്നു നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ സകലവിധ ബാധകളാലും ബാധിച്ച ദൈവം ഇതു തന്നെ. ഫെലിസ്ത്യരേ, ധൈര്യം പൂണ്ടു പുരുഷത്വം കാണിപ്പിൻ; എബ്രായർ നിങ്ങൾക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങൾ അവർക്ക് ആകരുത്; പുരുഷത്വം കാണിച്ചു പൊരുതുവിൻ എന്നു പറഞ്ഞു. അങ്ങനെ ഫെലിസ്ത്യർ പട തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്ക് ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ വീണുപോകത്തക്കവണ്ണം ഒരു മഹാസംഹാരം ഉണ്ടായി. ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി.

Video for 1 ശമൂവേൽ 4:1-11

Free Reading Plans and Devotionals related to 1 ശമൂവേൽ 4:1-11