YouVersion Logo
Search Icon

1 ശമൂവേൽ 20:26-34

1 ശമൂവേൽ 20:26-34 MALOVBSI

അന്ന് ശൗൽ ഒന്നും പറഞ്ഞില്ല; അവന് എന്തോ ഭവിച്ചു അവന് ശുദ്ധിയില്ലായിരിക്കും; അതേ, അവനു ശുദ്ധിയില്ല എന്ന് അവൻ വിചാരിച്ചു. അമാവാസിയുടെ പിറ്റന്നാളും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൗൽ തന്റെ മകനായ യോനാഥാനോട്: യിശ്ശായിയുടെ മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിനു വരാതിരിക്കുന്നത് എന്ത് എന്നു ചോദിച്ചു. യോനാഥാൻ ശൗലിനോട്: ദാവീദ് ബേത്‍ലഹേമിൽ പോകുവാൻ എന്നോട് താൽപര്യമായി അനുവാദം ചോദിച്ചു: ഞങ്ങളുടെ കുലത്തിനു പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ട് എന്നെ വിട്ടയയ്ക്കേണമേ; എന്റെ ജ്യേഷ്ഠൻ തന്നെ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാൽ നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നു കാൺമാൻ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവൻ രാജാവിന്റെ പന്തിഭോജനത്തിനു വരാതിരിക്കുന്നത് എന്നുത്തരം പറഞ്ഞു. അപ്പോൾ ശൗലിന്റെ കോപം യോനാഥാന്റെ നേരേ ജ്വലിച്ചു; അവൻ അവനോട്: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജയ്ക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജയ്ക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്ന് എനിക്ക് അറിഞ്ഞുകൂടയോ? യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയും നിന്റെ രാജത്വവും ഉറയ്ക്കയില്ല. ഉടനെ ആളയച്ച് അവനെ എന്റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു. യോനാഥാൻ തന്റെ അപ്പനായ ശൗലിനോട്: അവനെ എന്തിനു കൊല്ലുന്നു? അവൻ എന്തു ചെയ്തു എന്നു ചോദിച്ചു. അപ്പോൾ ശൗൽ അവനെ കൊല്ലുവാൻ അവന്റെ നേരേ കുന്തം എറിഞ്ഞു; അതിനാൽ തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ നിർണയിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു. യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്ന് എഴുന്നേറ്റു; അമാവാസിയുടെ പിറ്റന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ട് അവനെക്കുറിച്ച് അവൻ വ്യസനിച്ചിരുന്നു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy