YouVersion Logo
Search Icon

1 രാജാക്കന്മാർ 18

18
1ഏറിയനാൾ കഴിഞ്ഞിട്ട് മൂന്നാം സംവത്സരത്തിൽ ഏലീയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്ന് ആഹാബിനു നിന്നെത്തന്നെ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്നു പറഞ്ഞു. 2ഏലീയാവ് ആഹാബിനു തന്നെത്താൻ കാണിപ്പാൻ പോയി; ക്ഷാമമോ ശമര്യയിൽ കഠിനമായിരുന്നു. 3ആകയാൽ ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവെ ആളയച്ചുവരുത്തി; ഓബദ്യാവോ യഹോവയിങ്കൽ മഹാഭക്തനായിരുന്നു. 4ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്ന് ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു. 5ആഹാബ് ഓബദ്യാവോട്: നീ നാട്ടിലുള്ള എല്ലാ നീരുറവകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു. 6അവർ ദേശത്തുകൂടി സഞ്ചരിക്കേണ്ടതിന് അതിനെ തമ്മിൽ പകുത്തു; ആഹാബ് തനിച്ച് ഒരു വഴിക്കു പോയി, ഓബദ്യാവും തനിച്ചു മറ്റൊരു വഴിക്കു പോയി. 7ഓബദ്യാവ് വഴിയിൽ ഇരിക്കുമ്പോൾ ഏലീയാവ് എതിരേറ്റുവരുന്നതു കണ്ട് അവനെ അറിഞ്ഞിട്ടു സാഷ്ടാംഗം വീണു: എന്റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു. 8അവൻ അവനോട്: അതേ, ഞാൻതന്നെ; നീ ചെന്ന് ഏലീയാവ് ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു. 9അതിന് അവൻ പറഞ്ഞത്: അടിയനെ കൊല്ലേണ്ടതിന് ആഹാബിന്റെ കൈയിൽ ഏല്പിപ്പാൻ അടിയൻ എന്തു പാപം ചെയ്തു? 10നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയയ്ക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്ന് അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു. 11ഇങ്ങനെയിരിക്കെ നീ എന്നോട്: ചെന്നു നിന്റെ യജമാനനോട്: ഏലീയാവ് ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവല്ലോ. 12ഞാൻ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവ് നിന്നെ ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്ക് എടുത്തു കൊണ്ടുപോകും; ഞാൻ ആഹാബിനോടു ചെന്നറിയിക്കയും അവൻ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താൽ അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവാഭക്തൻ ആകുന്നു. 13ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഞാൻ യഹോവയുടെ പ്രവാചകന്മാരിൽ നൂറു പേരെ ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനൻ അറിഞ്ഞിട്ടില്ലയോ? 14അങ്ങനെയിരിക്കെ നീ എന്നോട്: ചെന്നു നിന്റെ യജമാനനോട്: ഏലീയാവ് ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ. 15അതിന് ഏലീയാവ്: ഞാൻ സേവിച്ചു നില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്ന് അവന് എന്നെത്തന്നെ കാണിക്കും എന്നു പറഞ്ഞു. 16അങ്ങനെ ഓബദ്യാവ് ആഹാബിനെ ചെന്നുകണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാൺമാൻ ചെന്നു. 17ആഹാബ് ഏലീയാവെ കണ്ടപ്പോൾ അവനോട്: ആർ ഇത്? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു. 18അതിന് അവൻ പറഞ്ഞത്: യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടുതന്നെ. 19എന്നാൽ ഇപ്പോൾ ആളയച്ച് എല്ലാ യിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പത് പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറ് അശേരാപ്രവാചകന്മാരെയും കർമ്മേൽപർവതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക. 20അങ്ങനെ ആഹാബ് എല്ലാ യിസ്രായേൽമക്കളുടെയും അടുക്കൽ ആളയച്ചു കർമ്മേൽപർവതത്തിൽ ആ പ്രവാചകന്മാരെ കൂട്ടിവരുത്തി. 21അപ്പോൾ ഏലീയാവ് അടുത്തുചെന്നു സർവജനത്തോടും: നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽ വയ്ക്കും? യഹോവ ദൈവമെങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ എന്നു പറഞ്ഞു; എന്നാൽ ജനം അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല. 22പിന്നെ ഏലീയാവ് ജനത്തോടു പറഞ്ഞത്: യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളൂ; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പത് പേരുണ്ട്. 23ഞങ്ങൾക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവർ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വയ്ക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വയ്ക്കാം. 24നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ട് ഉത്തരം അരുളുന്ന ദൈവംതന്നെ ദൈവം എന്ന് ഇരിക്കട്ടെ; അതിനു ജനം എല്ലാം: അതു നല്ലവാക്ക് എന്ന് ഉത്തരം പറഞ്ഞു. 25പിന്നെ ഏലീയാവ് ബാലിന്റെ പ്രവാചകന്മാരോട്: നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്ത് ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ എന്നു പറഞ്ഞു. 26അങ്ങനെ അവർക്കു കൊടുത്ത കാളയെ അവർ എടുത്ത് ഒരുക്കി: ബാലേ, ഉത്തരം അരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിനു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു. 27ഉച്ചയായപ്പോൾ ഏലീയാവ് അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷേ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു. 28അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേല്പിച്ചു. 29ഉച്ചതിരിഞ്ഞിട്ട് ഭോജനയാഗം കഴിക്കുന്ന സമയംവരെ അവർ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല. 30അപ്പോൾ ഏലീയാവ്: എന്റെ അടുക്കൽ വരുവിൻ എന്നു സർവജനത്തോടും പറഞ്ഞു. സർവജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി; 31നിനക്കു യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ലെടുത്തു, 32കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടുണ്ടാക്കി. 33പിന്നെ അവൻ വിറക് അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന്മീതെ വച്ചു; നാലു തൊട്ടിയിൽ വെള്ളം നിറച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ എന്നു പറഞ്ഞു. 34രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്ന് അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്ന് അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു. 35വെള്ളം യാഗപീഠത്തിന്റെ ചുറ്റും ഒഴുകി; അവൻ തോട്ടിലും വെള്ളം നിറച്ചു. 36ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രായേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസനെന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ. 37യഹോവേ, എനിക്ക് ഉത്തരം അരുളേണമേ; നീ ദൈവംതന്നെ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്ന് ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരം അരുളേണമേ എന്നു പറഞ്ഞു. 38ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. 39ജനം എല്ലാം അതു കണ്ട് കവിണ്ണു വീണു: യഹോവ തന്നെ ദൈവം, യഹോവ തന്നെ ദൈവം എന്നു പറഞ്ഞു. 40ഏലീയാവ് അവരോട്: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുത് എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻതോട്ടിനരികെ കൊണ്ടുചെന്നു, അവിടെവച്ചു വെട്ടിക്കൊന്നുകളഞ്ഞു. 41പിന്നെ ഏലീയാവ് ആഹാബിനോട്: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ട് എന്നു പറഞ്ഞു. 42ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിനു മല കയറിപ്പോയി. ഏലീയാവോ കർമ്മേൽപർവതത്തിന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞ് മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വച്ചു. 43തന്റെ ബാല്യക്കാരനോട്: നീ ചെന്നു കടലിനു നേരേ നോക്കുക എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ട്: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന് അവൻ പിന്നെയും ഏഴു പ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു. 44ഏഴാം പ്രാവശ്യമോ അവൻ: ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നുപറഞ്ഞു. അതിന് അവൻ: നീ ചെന്ന് ആഹാബിനോട്: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിനു രഥംപൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു. 45ക്ഷണത്തിൽ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രെയേലിലേക്കു പോയി. 46എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കിയുംകൊണ്ടു യിസ്രെയേലിൽ എത്തുംവരെ ആഹാബിനു മുമ്പായി ഓടി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy