YouVersion Logo
Search Icon

1 കൊരിന്ത്യർ 11:17-34

1 കൊരിന്ത്യർ 11:17-34 MALOVBSI

ഇനി ആജ്ഞാപിപ്പാൻ പോകുന്നതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല; നിങ്ങൾ കൂടി വരുന്നതിനാൽ നന്മയ്ക്കല്ല തിന്മയ്ക്കത്രേ ഇടയാകുന്നത്. ഒന്നാമതു നിങ്ങൾ സഭ കൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്നു ഞാൻ കേൾക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു. നിങ്ങളിൽ കൊള്ളാകുന്നവർ വെളിവാകേണ്ടതിനു നിങ്ങളുടെ ഇടയിൽ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു തന്നെ. നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നത്. ഭക്ഷണം കഴിക്കയിൽ ഓരോരുത്തൻ താന്താന്റെ അത്താഴം മുമ്പേ കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരി പിടിച്ചും ഇരിക്കുന്നു. തിന്നുവാനും കുടിപ്പാനും നിങ്ങൾക്കു വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങൾ തുച്ഛീകരിച്ച്, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോട് എന്തു പറയേണ്ടൂ? നിങ്ങളെ പുകഴ്ത്തുകയോ? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല. ഞാൻ കർത്താവിങ്കൽനിന്നു പ്രാപിക്കയും നിങ്ങൾക്ക് ഏല്പിക്കയും ചെയ്തത് എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലിനുറുക്കി: ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമയ്ക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു. അവ്വണ്ണംതന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമയ്ക്കായി ചെയ്‍വിൻ എന്നു പറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു. അതുകൊണ്ട് അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും. മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ. തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു. ഇതു ഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു. നാം നമ്മെത്തന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല. വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിനു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു. ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഭക്ഷണം കഴിപ്പാൻ കൂടുമ്പോൾ അന്യോന്യം കാത്തിരിപ്പിൻ. വല്ലവനും വിശക്കുന്നുവെങ്കിൽ നിങ്ങൾ ഒരുമിച്ച് കൂടുന്നത് ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന് അവൻ വീട്ടിൽവച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാൻ വന്നിട്ടു ക്രമപ്പെടുത്തും.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy