YouVersion Logo
Search Icon

1 കൊരിന്ത്യർ 10:1-18

1 കൊരിന്ത്യർ 10:1-18 MALOVBSI

സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു; എല്ലാവരും സമുദ്രത്തൂടെ കടന്ന് എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു. എല്ലാവരും ഒരേ ആത്മികാഹാരം തിന്ന് എല്ലാവരും ഒരേ ആത്മികപാനീയം കുടിച്ചു- അവരെ അനുഗമിച്ച ആത്മികപാറയിൽനിന്നല്ലോ അവർ കുടിച്ചത്; ആ പാറ ക്രിസ്തു ആയിരുന്നു- എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമോഹികൾ ആകാതിരിക്കേണ്ടതിനു തന്നെ. “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്ന് എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുത്. അവരിൽ ചിലർ പരസംഗം ചെയ്ത് ഒരു ദിവസത്തിൽ ഇരുപത്തിമൂവായിരം പേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുത്. അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുത്. അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുത്. ഇതു ദൃഷ്ടാന്തമായിട്ട് അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിനായി എഴുതിയുമിരിക്കുന്നു. ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ. മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും. അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ. നിങ്ങൾ വിവേകികൾ എന്നുവച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ. നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? അപ്പം ഒന്ന് ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ. ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ?

Free Reading Plans and Devotionals related to 1 കൊരിന്ത്യർ 10:1-18