YouVersion Logo
Search Icon

1 ദിനവൃത്താന്തം 29:1-9

1 ദിനവൃത്താന്തം 29:1-9 MALOVBSI

പിന്നെ ദാവീദുരാജാവ് സർവസഭയോടും പറഞ്ഞത്: ദൈവംതന്നെ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തി വലിയതും ആകുന്നു; മന്ദിരം മനുഷ്യനല്ല, യഹോവയായ ദൈവത്തിനത്രേ. എന്നാൽ ഞാൻ എന്റെ സർവബലത്തോടുംകൂടെ എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി പൊന്നുകൊണ്ടുള്ളവയ്ക്കു പൊന്നും വെള്ളികൊണ്ടുള്ളവയ്ക്കു വെള്ളിയും താമ്രംകൊണ്ടുള്ളവയ്ക്കു താമ്രവും ഇരുമ്പുകൊണ്ടുള്ളവയ്ക്ക് ഇരുമ്പും മരംകൊണ്ടുള്ളവയ്ക്കു മരവും, ഗോമേദകക്കല്ലും പതിപ്പാനുള്ള കല്ലും ഖചിതപ്രവൃത്തിക്കുള്ള കല്ലും നാനാവർണമുള്ള കല്ലും വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വച്ചിരിക്കുന്നു. എന്റെ ദൈവത്തിന്റെ ആലയത്തോട് എനിക്കുള്ള പക്ഷം നിമിത്തം വിശുദ്ധമന്ദിരത്തിനുവേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ എന്റെ സ്വന്തഭണ്ഡാരത്തിലെ പൊന്നും വെള്ളിയും ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിനായി കൊടുത്തിരിക്കുന്നു. ആലയഭിത്തികളെ പൊന്നുകൊണ്ടു വേണ്ടതു പൊന്നുകൊണ്ടും, വെള്ളികൊണ്ടു വേണ്ടതു വെള്ളികൊണ്ടും പൊതിവാനും കൗശലപ്പണിക്കാരുടെ എല്ലാ പണിക്കായിട്ടും ഓഫീർപൊന്നായി മൂവായിരം താലന്ത് പൊന്നും ഏഴായിരം താലന്ത് ഊതിക്കഴിച്ച വെള്ളിയുംതന്നെ. എന്നാൽ ഇന്നു യഹോവയ്ക്കു കരപൂരണം ചെയ്‍വാൻ മനഃപൂർവം അർപ്പിക്കുന്നവൻ ആർ? അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവദാനങ്ങളെ കൊണ്ടുവന്നു. ദൈവാലയത്തിന്റെ വേലയ്ക്കായിട്ട് അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരുമ്പും കൊടുത്തു. രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽ മുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു. അങ്ങനെ ജനം മനഃപൂർവമായി കൊടുത്തതുകൊണ്ട് അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവമായിട്ടായിരുന്നു അവർ യഹോവയ്ക്കു കൊടുത്തത്. ദാവീദുരാജാവും അത്യന്തം സന്തോഷിച്ചു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy