YouVersion Logo
Search Icon

ZAKARIA 14

14
സർവേശ്വരന്റെ ദിനം
1ഇതാ സർവേശ്വരന്റെ ദിനം വരുന്നു. അന്ന് യെരൂശലേമിൽനിന്ന് കൊള്ളയടിച്ച മുതൽ നിങ്ങളുടെ കൺമുമ്പിൽവച്ചുതന്നെ അവർ പങ്കിടും. 2യെരൂശലേമിനോടു യുദ്ധംചെയ്യാൻ ഞാൻ സകല ജനതകളെയും ഒരുമിച്ചുകൂട്ടും. നഗരം പിടിച്ചെടുക്കപ്പെടും. വീടുകൾ കൊള്ളയടിക്കപ്പെടും. സ്‍ത്രീകൾ അപമാനിക്കപ്പെടും. നഗരവാസികളിൽ പകുതിയും പ്രവാസികളായിത്തീരും. എന്നാൽ ശേഷിക്കുന്ന ജനത്തെ നഗരത്തിൽനിന്നു വിച്ഛേദിക്കുകയില്ല. 3യുദ്ധദിനത്തിൽ എന്നപോലെ സർവേശ്വരൻ പടയ്‍ക്കു പുറപ്പെട്ട് ആ ജനതകളോടു പോരാടും. 4യെരൂശലേമിനു കിഴക്കുള്ള ഒലിവുമലയിൽ അന്ന് അവിടുന്നു നില്‌ക്കും; ഒലിവുമല കിഴക്കുപടിഞ്ഞാറായി പിളരും; അവയ്‍ക്കു നടുവിൽ വിശാലമായ ഒരു താഴ്‌വര ഉണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും. 5മലയെ രണ്ടായി ഭാഗിക്കുന്ന താഴ്‌വര ആസൽവരെ എത്തും. യെഹൂദാരാജാവായ ഉസ്സിയായുടെ കാലത്ത് ഭൂകമ്പമുണ്ടായപ്പോൾ നിങ്ങളുടെ പൂർവികർ ഓടി രക്ഷപെട്ടതുപോലെ നിങ്ങൾ ഈ താഴ്‌വരയിലൂടെ ഓടി രക്ഷപെടും. അപ്പോൾ എന്റെ ദൈവമായ സർവേശ്വരൻ അവിടുത്തെ സകല വിശുദ്ധരോടുമൊപ്പം എഴുന്നള്ളും.
6അന്നു ശൈത്യമോ മൂടൽമഞ്ഞോ ഉണ്ടാകുകയില്ല. ദിനരാത്രങ്ങൾ അന്നുണ്ടായിരിക്കുകയില്ല. 7എപ്പോഴും പകലായിരിക്കും. രാത്രിയിലും വെളിച്ചമുണ്ടായിരിക്കും. ഇത് എപ്പോഴെന്നു സർവേശ്വരനു മാത്രമേ അറിയാവൂ.”
8അന്നു യെരൂശലേമിൽനിന്നു ജീവജലം ഒഴുകും. പകുതി കിഴക്കേകടലിലേക്കും പകുതി പടിഞ്ഞാറേകടലിലേക്കും ഒഴുകും. ശീതകാലത്തും ഉഷ്ണകാലത്തും ഒരുപോലെ അത് ഒഴുകിക്കൊണ്ടിരിക്കും.”
സർവലോകത്തിന്റെയും രാജാവ്
9സർവേശ്വരൻ സർവഭൂമിയുടെയും രാജാവാകും. അന്നു സർവേശ്വരനായി അവിടുന്നു മാത്രം; അവിടുത്തേക്ക് ഒരു നാമം മാത്രം.
10ഗേബമുതൽ യെരൂശലേമിനു തെക്ക് രിമ്മോൻവരെ ദേശം മുഴുവൻ സമതലമായിത്തീരും. യെരൂശലേംനഗരമാകട്ടെ ബെന്യാമീൻഗോപുരംമുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനത്തുള്ള കോൺഗോപുരംവരെയും ഹനനേൽഗോപുരംമുതൽ രാജാവിന്റെ മുന്തിരിച്ചക്കുകൾവരെയും വ്യാപിച്ചു സമീപദേശങ്ങളെക്കാൾ ഉയർന്നുനില്‌ക്കും. 11ജനങ്ങൾ അവിടെ വസിക്കും. കാരണം അവിടം ഇനിമേൽ ശാപഗ്രസ്തമാവുകയില്ല. യെരൂശലേം സുരക്ഷിതമായിരിക്കും.
12യെരൂശലേമിനോടു യുദ്ധം ചെയ്ത സകല ജനതകൾക്കും സർവേശ്വരൻ വരുത്തുന്ന ഭയങ്കരമായ വ്യാധി ഇതാണ്: അവർ ജീവനോടിരിക്കുമ്പോൾത്തന്നെ അവരുടെ മാംസം ചീഞ്ഞഴുകും; അവരുടെ കണ്ണുകളും നാവുകളും അഴുകിപ്പോകും. 13അന്നു സർവേശ്വരൻ അവർക്കു കൊടുംഭീതി ഉളവാക്കും. തത്ഫലമായി അവർ പരസ്പരം കടന്നുപിടിക്കും; പരസ്പരം കൈ ഉയർത്തും. 14യെഹൂദാപോലും യെരൂശലേമിനോടു പടവെട്ടും; ചുറ്റുമുള്ള സകല ജനതകളുടെയും സമ്പത്ത് അവർ പിടിച്ചെടുക്കും. ധാരാളം പൊന്നും വെള്ളിയും വസ്ത്രങ്ങളും തന്നെ. 15ശത്രുവിന്റെ പാളയത്തിലെ കുതിര, കോവർകഴുത, ഒട്ടകം, കഴുത എന്നിങ്ങനെ സകല മൃഗങ്ങൾക്കും മുൻപറഞ്ഞവിധം മഹാവ്യാധി ഉണ്ടാകും.
16യെരൂശലേമിനു നേരെ യുദ്ധത്തിനു വന്നവരിൽ ശേഷിച്ച സകല ജനതകളും രാജാധിരാജനും സർവശക്തനുമായ സർവേശ്വരനെ ആരാധിക്കാനും കൂടാരപ്പെരുന്നാൾ ആചരിക്കാനും വർഷംതോറും യെരൂശലേമിൽ വരും. 17ഏതെങ്കിലും ജനത രാജാധിരാജനായ സർവശക്തനായ സർവേശ്വരനെ ആരാധിക്കാൻ യെരൂശലേമിലേക്കു വരുന്നില്ലെങ്കിൽ അവർക്കു മഴ കിട്ടുകയില്ല. 18ഈജിപ്തുകാർ വരുന്നില്ലെങ്കിൽ അവർക്കും മഴ ലഭിക്കുകയില്ല. കൂടാരപ്പെരുന്നാൾ ആചരിക്കാൻ വരാത്ത ഈജിപ്തുകാർക്ക് ഇതര ജനതകൾക്കുണ്ടാകുന്ന ബാധകൾതന്നെ നേരിടും. 19ഇതായിരിക്കും ഈജിപ്തിനും കൂടാരപ്പെരുന്നാൾ ആചരിക്കാൻ വരാത്ത മറ്റു ജനതകൾക്കും ലഭിക്കുന്ന ശിക്ഷ.
20അന്നു കുതിരകളുടെ മണികളിൽ “സർവേശ്വരനു വിശുദ്ധം” എന്ന് രേഖപ്പെടുത്തിയിരിക്കും. ദേവാലയത്തിലെ കലങ്ങൾ യാഗപീഠത്തിന്റെ മുമ്പിലെ കലശങ്ങൾപോലെ വിശുദ്ധമായിരിക്കും. 21യെരൂശലേമിലെയും യെഹൂദ്യയിലെയും കലങ്ങളൊക്കെയും സർവശക്തനായ സർവേശ്വരനു വിശുദ്ധമായിരിക്കും. യാഗം കഴിക്കാൻ വരുന്നവർ യാഗമാംസം വേവിക്കാൻ ആ കലങ്ങൾ ഉപയോഗിക്കും; അന്നുമുതൽ സർവശക്തനായ സർവേശ്വരന്റെ ആലയത്തിൽ ഒരു വ്യാപാരിയും ഉണ്ടായിരിക്കുകയില്ല.

Currently Selected:

ZAKARIA 14: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy