YouVersion Logo
Search Icon

ZAKARIA 1

1
അനുതാപത്തിനുള്ള ആഹ്വാനം
1പേർഷ്യൻചക്രവർത്തിയായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം വർഷം എട്ടാംമാസം ബെരെഖ്യായുടെ പുത്രനും ഇദ്ദോപ്രവാചകന്റെ പൗത്രനുമായ സെഖര്യാക്കു സർവേശ്വരനിൽനിന്ന് അരുളപ്പാടുണ്ടായി. 2സർവശക്തനായ അവിടുന്നു സെഖര്യായോടു പറഞ്ഞു: “ജനത്തോടു പറയുക. സർവേശ്വരനായ ഞാൻ നിങ്ങളുടെ പിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു. 3അതുകൊണ്ട് നിങ്ങൾ എങ്കലേക്കു തിരിയുക. അപ്പോൾ ഞാനും നിങ്ങളുടെ അടുക്കലേക്കു തിരിയും.” 4“നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആകരുത്. അവരോടു പ്രവാചകന്മാർ നിങ്ങളുടെ ദുഷ്പ്രവൃത്തികളെയും ദുർമാർഗങ്ങളെയും ഉപേക്ഷിക്കുക” എന്നു പ്രഘോഷിച്ചു. എന്നാൽ അവർ അതു കേൾക്കുകയോ എന്റെ വാക്കുകൾ ശ്രദ്ധിക്കുകയോ ചെയ്തില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 5നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ എന്നും ജീവിച്ചിരിക്കുമോ? 6എന്നാൽ എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞാൻ കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പൂർവികരെ പിന്തുടർന്നു പിടികൂടിയില്ലേ? അപ്പോൾ അവർ അനുതപിച്ചു പറഞ്ഞു: ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും അനുസൃതമായി സർവശക്തനായ സർവേശ്വരൻ ഉദ്ദേശിച്ചതുപോലെതന്നെ ഞങ്ങളോടു ചെയ്തിരിക്കുന്നു.
കുതിരകൾ
7ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം വർഷം പതിനൊന്നാം മാസമായ ശെബാത്ത് മാസം ഇരുപത്തിനാലാം ദിവസം ബെരെഖ്യായുടെ പുത്രനും ഇദ്ദോയുടെ പൗത്രനുമായ സെഖര്യാപ്രവാചകനു സർവശക്തനായ സർവേശ്വരന്റെ അരുളപ്പാടു ദർശനത്തിലൂടെ ഉണ്ടായി. 8ചുവന്ന കുതിരപ്പുറത്തു കയറി വരുന്ന ഒരാളിനെ രാത്രി ദർശനത്തിൽ ഞാൻ കണ്ടു. കുന്നുകളുടെ ഇടയ്‍ക്കുള്ള ഇടുങ്ങിയ താഴ്‌വരയിൽ സുഗന്ധച്ചെടികളുടെ ഇടയിൽ അയാൾ നില്‌ക്കുകയായിരുന്നു. അയാളുടെ പിന്നിൽ ചുവപ്പും തവിട്ടും വെളുപ്പും നിറമുള്ള കുതിരകൾ നില്‌ക്കുന്നു. 9ഞാൻ ചോദിച്ചു: “പ്രഭോ, എന്താണിത്?” എന്നോടു സംസാരിച്ച ദൂതൻ പറഞ്ഞു: “അത് എന്താണെന്നു നിനക്കു കാണിച്ചു തരാം.” 10സുഗന്ധച്ചെടികളുടെ ഇടയിൽ നില്‌ക്കുന്ന മനുഷ്യൻ എന്നോടു പറഞ്ഞു: “ഭൂമിയെ നിരീക്ഷിക്കാൻ സർവേശ്വരൻ അയച്ചിട്ടുള്ളവരാണിവർ.” 11അവർ സുഗന്ധച്ചെടികളുടെ ഇടയിൽ നില്‌ക്കുന്ന സർവേശ്വരന്റെ ദൂതനോടു പറഞ്ഞു: “ഞങ്ങൾ ഭൂമിയിലെങ്ങും ചുറ്റി സഞ്ചരിച്ചു. സർവലോകവും ശാന്തമായിരിക്കുന്നു.” 12പിന്നീട് സർവേശ്വരന്റെ ദൂതൻ ചോദിച്ചു: “സർവശക്തനായ സർവേശ്വരാ, യെരൂശലേമിനോടും യെഹൂദാനഗരങ്ങളോടും അങ്ങു കരുണ കാട്ടാതിരിക്കുമോ? ഈ എഴുപതു വർഷവും അവിടുന്ന് അവയോടു കോപിച്ചിരുന്നുവല്ലോ.” 13എന്നോടു സംസാരിച്ച ദൂതനോടു സ്നേഹപൂർണവും ആശ്വാസകരവുമായ വാക്കുകൾ സർവേശ്വരൻ അരുളിച്ചെയ്തു. 14ദൂതൻ എന്നോടു പറഞ്ഞു: സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ യെരൂശലേമിനോടും സീയോനോടും അത്യന്തം സ്നേഹവും കരുതലും ഉള്ളവനായിരുന്നു. 15ഇപ്പോൾ സ്വസ്ഥതയനുഭവിക്കുന്ന ജനതകളോട് എനിക്ക് അത്യന്തം കോപമുണ്ട്. ഞാൻ എന്റെ ജനത്തോട് അല്പം മാത്രം കോപിച്ചിരുന്നപ്പോൾ അവർ എന്റെ ജനത്തിന്റെ അനർഥം വർധിപ്പിച്ചു. 16അതുകൊണ്ട് സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ കാരുണ്യപൂർവം യെരൂശലേമിലേക്കു മടങ്ങിവന്നിരിക്കുന്നു. അവിടെ എന്റെ ആലയം നിർമിക്കും. യെരൂശലേമിന്മേൽ അളവുനൂൽ പിടിച്ച് അതിനെ പുനരുദ്ധരിക്കും. 17വീണ്ടും ഉദ്ഘോഷിക്കുക എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ നഗരങ്ങളിൽ ഐശ്വര്യസമൃദ്ധി കവിഞ്ഞൊഴുകും. സർവേശ്വരൻ വീണ്ടും സീയോനെ ആശ്വസിപ്പിക്കും. യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കും.”
നാലു കൊമ്പുകൾ
18മറ്റൊരു ദർശനത്തിൽ ഞാൻ നാലു കൊമ്പുകൾ കണ്ടു. 19എന്നോടു സംസാരിക്കുന്ന ദൂതനോട് ഇതെന്ത്? എന്നു ഞാൻ ചോദിച്ചു. യെഹൂദായെയും ഇസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ച കൊമ്പുകളാണിവ എന്നു ദൂതൻ പറഞ്ഞു. 20പിന്നീട് ലോഹപ്പണി ചെയ്യുന്ന നാലുപേരെ സർവേശ്വരൻ എനിക്ക് കാണിച്ചുതന്നു. 21ഇവർ എന്തു ചെയ്യാൻ വന്നിരിക്കുന്നു? എന്നു ഞാൻ ചോദിച്ചു. ദൂതൻ പറഞ്ഞു: “യെഹൂദാദേശത്തെ ചിതറിക്കാനായി കൊമ്പുയർത്തിയ വിജാതീയരെ സംഭീതരാക്കാനും ഒരിക്കലും തല ഉയർത്താത്തവിധം യെഹൂദായെയും യെരൂശലേമിനെയും ചിതറിച്ച ഈ കൊമ്പുകളെ തകർത്തുകളയാനും ഇവർ വന്നിരിക്കുന്നു.”

Currently Selected:

ZAKARIA 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy