YouVersion Logo
Search Icon

TITA 3

3
ക്രിസ്തീയ ജീവിതമര്യാദ
1ഭരണാധിപന്മാർക്കും മറ്റ് അധികാരികൾക്കും കീഴ്പെട്ടിരിക്കുവാനും, അനുസരണവും ഉത്തമമായ ഏതുജോലിയും ചെയ്യുവാൻ സന്നദ്ധതയും ഉള്ളവർ ആയിരിക്കുവാനും, 2ശണ്ഠകൾ ഒഴിവാക്കി സൗമ്യശീലരായി എല്ലാവരോടും തികഞ്ഞ മര്യാദ പാലിക്കുവാനും ജനത്തെ അനുസ്മരിപ്പിക്കുക. 3ഒരു കാലത്ത് നാം തന്നെ ബുദ്ധിയില്ലാത്തവരും, അനുസരണമില്ലാത്തവരും, വഴിപിഴച്ചു പോയവരും, വിവിധ വികാരങ്ങൾക്കും ഭോഗങ്ങൾക്കും അടിമപ്പെട്ടവരും, തിന്മയിലും ശത്രുതയിലും കഴിഞ്ഞിരുന്നവരും, മറ്റുള്ളവരാൽ വെറുക്കപ്പെട്ടവരും, അന്യോന്യം വിദ്വേഷത്തിൽ കഴിഞ്ഞിരുന്നവരും ആയിരുന്നുവല്ലോ. 4എങ്കിലും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നന്മയും സ്നേഹനിർഭരമായ ദയയും പ്രത്യക്ഷമായപ്പോൾ അവിടുന്നു നമ്മെ രക്ഷിച്ചു. 5അത് നമ്മുടെ പുണ്യപ്രവൃത്തികൾകൊണ്ടല്ല, പിന്നെയോ നമ്മെ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മസ്നാപനം കൊണ്ടാണ്. 6നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിൽകൂടി പരിശുദ്ധാത്മാവിനെ ദൈവം നമ്മുടെമേൽ സമൃദ്ധമായി വർഷിക്കുന്നു. 7അവിടുത്തെ കൃപാവരത്താൽ നമുക്കു തന്നോടുള്ള ബന്ധം ക്രമപ്പെടുത്തുന്നതിനും നാം പ്രത്യാശിക്കുന്ന അനശ്വരജീവൻ അവകാശമാക്കുന്നതിനുംവേണ്ടിയാണ് ദൈവം ഇങ്ങനെ ചെയ്തത്. 8ഇതു സത്യമാണ്.
ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ദത്തശ്രദ്ധരായിരിക്കേണ്ടതിന് ഇതു നീ ഊന്നിപ്പറയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഇവയെല്ലാം ശ്രേഷ്ഠവും മനുഷ്യനു പ്രയോജനകരവും ആകുന്നു. 9എന്നാൽ നിരർഥകമായ വാദപ്രതിവാദങ്ങളും വംശാവലി സംബന്ധിച്ച പ്രശ്നങ്ങളും ശണ്ഠയും നിയമത്തെച്ചൊല്ലിയുള്ള കലഹങ്ങളും ഒഴിവാക്കുക. ഇവ നിഷ്പ്രയോജനവും വ്യർഥവുമാണല്ലോ. 10സഭയിൽ ഭിന്നതയുണ്ടാക്കുന്നവന് ഒന്നോ രണ്ടോ വട്ടം താക്കീതു നല്‌കുക. ഫലമില്ലെന്നു കണ്ടാൽ അയാളെ ഒഴിച്ചുനിറുത്തുക. 11അയാൾ നേരായ മാർഗത്തിൽനിന്നു വ്യതിചലിച്ചവനാണ്. അയാൾ പാപം ചെയ്തു കുറ്റവാളിയെന്നു സ്വയം വിധിച്ചിരിക്കുന്നു.
വ്യക്തിപരമായ നിർദേശങ്ങൾ
12ഞാൻ അർത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ട് അയയ്‍ക്കുമ്പോൾ നീ നിക്കൊപ്പൊലിസിൽ എന്റെ അടുക്കൽ വരുവാൻ ആവോളം ശ്രമിക്കണം. ശീതകാലം ഞാൻ ഇവിടെ കഴിച്ചുകൂട്ടാൻ നിശ്ചയിച്ചിരിക്കുകയാണ്. 13നിയമജ്ഞനായ സേനാസിനെയും അപ്പൊല്ലൊസിനെയും എത്രയും വേഗം യാത്രയാക്കുവാൻ കഴിയുന്നത്ര ശ്രമിക്കണം. അവർക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാൻ നീ വേണ്ടതു ചെയ്യുമല്ലോ. 14നമ്മുടെ ആളുകൾ സൽകർമങ്ങൾ ചെയ്യുവാൻ പഠിക്കട്ടെ. അവർ പ്രയോജനശൂന്യരാകാതെ അടിയന്തരാവശ്യങ്ങൾ ഉള്ളവരെ സഹായിക്കേണ്ടതാണ്.
15എന്റെ കൂടെയുള്ള എല്ലാവരും നിനക്കു വന്ദനം പറയുന്നു. ഞങ്ങളെ സ്നേഹിക്കുന്ന സഹവിശ്വാസികൾക്ക് അഭിവാദനങ്ങൾ.
ദൈവത്തിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ.

Currently Selected:

TITA 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy