YouVersion Logo
Search Icon

HLA CHHUANVÂWR 8

8
1അങ്ങ്, എന്റെ അമ്മയുടെ മുലപ്പാൽ കുടിച്ച സ്വന്തം സഹോദരൻ ആയിരുന്നെങ്കിൽ!
വെളിയിൽ വച്ചു കണ്ടുമുട്ടുമ്പോഴും ഞാൻ അങ്ങയെ ചുംബിക്കുമായിരുന്നു;
ആരും എന്നെ പഴിക്കുകയില്ല.
2എന്റെ അമ്മയുടെ വീട്ടിലേക്ക്,
എന്നെ ഉദരത്തിൽ പോറ്റിയവളുടെ ഉറക്കറയിലേക്ക്
അങ്ങയെ ഞാൻ കൂട്ടിക്കൊണ്ടു പോകുമായിരുന്നു;
അങ്ങേക്കു കുടിക്കാൻ സുഗന്ധ മുന്തിരിച്ചാറും
എന്റെ മാതളപ്പഴങ്ങളുടെ ചാറും ഞാൻ തരുമായിരുന്നു.
3അവിടുത്തെ ഇടങ്കൈ എനിക്കു തലയണയായിരുന്നെങ്കിൽ!
അങ്ങയുടെ വലങ്കൈ എന്നെ പുണർന്നിരുന്നെങ്കിൽ!
മണവാളൻ
4യെരൂശലേംപുത്രിമാരേ, ഞാൻ നിങ്ങളോടു കെഞ്ചുന്നു;
പ്രേമനിർവൃതിയിൽ മുഴുകിയ എന്റെ പ്രേമഭാജനത്തെ മതിവരുംമുമ്പേ
വിളിച്ചുണർത്തരുതേ.
ഗീതം ആറ്
തോഴിമാർ
5ആത്മപ്രിയന്റെ തോളിൽ ചാരി
വിജനതയിൽനിന്നു വരുന്ന ഇവൾ ആരാണ്?
മണവാളൻ
മാതളനാരകത്തിന്റെ ചുവട്ടിൽ വച്ച് ഞാൻ നിന്നെ ഉണർത്തി;
അവിടെവച്ചാണല്ലോ, നിന്നെ പെറ്റവൾക്ക് ഈറ്റുനോവ് ആരംഭിച്ചത്;
അവിടെവച്ചാണല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്;
6ഹൃദയത്തിൽ ഒരു മുദ്രയായും ഭുജത്തിൽ ഒരു അടയാളമായും നീ എന്നെ ധരിച്ചാലും;
പ്രേമം മൃത്യുപോലെ ശക്തം;
ജാരശങ്ക ശവക്കുഴിപോലെ ക്രൂരം;
ജ്വലിക്കുന്ന അഗ്നിപോലെ അതും ആളിക്കത്തുന്നു.
7സാഗരങ്ങൾ ഒത്തുചേർന്നാലും പ്രേമാഗ്നി കെടുത്താൻ സാധ്യമല്ല.
പ്രളയത്തിനും അതു മുക്കിക്കെടുത്താൻ കഴിയുകയില്ല.
പ്രേമത്തിനുവേണ്ടി കുടുംബസ്വത്തു മുഴുവൻ കൊടുത്താലും
അതു തുച്ഛമായിരിക്കും.
മണവാട്ടിയുടെ സഹോദരന്മാർ
8നമുക്ക് ഒരു കുഞ്ഞുപെങ്ങളുണ്ട്;
അവളുടെ മാറിടം വളർന്നിട്ടില്ല;
അവൾക്കു വിവാഹാലോചന വരുമ്പോൾ നാം എന്തു ചെയ്യും?
9അവൾ ഒരു മതിൽ ആയിരുന്നെങ്കിൽ,
മീതെ വെള്ളികൊണ്ട് ഒരു ഗോപുരം പണിയാമായിരുന്നു;
വാതിൽ ആയിരുന്നെങ്കിൽ,
ദേവദാരുപ്പലകകൊണ്ട് കതകു പണിയാമായിരുന്നു.
മണവാട്ടി
10അന്നു ഞാൻ ഒരു മതിൽ ആയിരുന്നു;
എന്റെ സ്തനങ്ങൾ അതിന്റെ ഗോപുരങ്ങളും ആയിരുന്നു.
അപ്പോൾ പ്രിയന്റെ ദൃഷ്‍ടിയിൽ ഞാൻ സംതൃപ്തി നല്‌കുന്നവളായിരുന്നു.
മണവാളൻ
11ശലോമോന് ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു;
അദ്ദേഹം ആ തോട്ടം കാവൽക്കാരെ ഏല്പിച്ചു.
ഓരോരുത്തനും ആയിരം വെള്ളിനാണയം
വീതം പാട്ടം കൊടുക്കേണ്ടിയിരുന്നു.
12എന്റെ മുന്തിരിത്തോപ്പ്, എന്റെ സ്വന്തം തോട്ടം എനിക്കുവേണ്ടിയുള്ളതാണ്.
അല്ലയോ ശലോമോനേ, അങ്ങേക്ക് ആയിരവും
കാവല്‌ക്കാർക്കു ഇരുനൂറും വേണമെങ്കിൽ തരാം.
13ഉദ്യാനത്തിൽ വസിക്കുന്നവളേ, എന്റെ തോഴന്മാർ നിന്റെ സ്വരത്തിനു കാതോർക്കുന്നു;
നിന്റെ ശബ്ദം ഞാൻ കേൾക്കട്ടെ.
മണവാട്ടി
14പ്രിയതമാ, സുഗന്ധസസ്യങ്ങൾ വളരുന്ന മലയിലെ മാൻകുട്ടിയെപ്പോലെയും
കലമാൻകിടാവിനെപ്പോലെയും എന്റെ അടുക്കലേക്കു കുതിച്ചുവരിക.

Currently Selected:

HLA CHHUANVÂWR 8: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy