YouVersion Logo
Search Icon

HLA CHHUANVÂWR 4

4
മണവാളൻ
1പ്രിയേ, നീ സുന്ദരി; നീ അതിസുന്ദരി;
മൂടുപടത്തിനുള്ളിൽ നിന്റെ കണ്ണുകൾ മാടപ്രാവുകൾ പോലെയാണ്;
ഗിലെയാദു മലഞ്ചെരിവിലൂടെ തുള്ളിച്ചാടി വരുന്ന കോലാട്ടിൻപറ്റം പോലെയാണു നിന്റെ കേശഭാരം.
2നിന്റെ പല്ലുകൾ, രോമം കത്രിച്ചു കുളിപ്പിച്ചു കൊണ്ടുവരുന്ന
ചെമ്മരിയാടുകളെപ്പോലെ വെൺമയുറ്റതാണ്;
അവ ഒന്നൊഴിയാതെ എല്ലാം നിരയൊത്തിരിക്കുന്നു.
3നിന്റെ അധരം ചെമ്പട്ടുനൂൽപോലെ ചുവന്നത്.
നിന്റെ വായ് എത്ര മനോഹരം!
നിന്റെ കവിൾത്തടം, മാതളപ്പഴപ്പാതിപോലെ
മൂടുപടത്തിനുള്ളിൽ ശോഭിക്കുന്നു.
4നിന്റെ കണ്ഠം, ദാവീദ് ആയുധശാലയ്‍ക്കായി നിർമ്മിച്ച ഗോപുരംപോലെയാണ്.
യുദ്ധവീരന്മാരുടെ ആയിരം പരിച തൂക്കിയിരിക്കുന്നതുപോലെ;
നിന്റെ കണ്ഠാഭരണങ്ങൾ ശോഭിക്കുന്നു.
5നിന്റെ സ്തനങ്ങൾ ലില്ലികൾക്കിടയിൽ
മേയുന്ന ഇരട്ട മാൻകുട്ടികളെപ്പോലെയാണ്.
6വെയിലാറി നിഴൽ നീളുമ്പോൾ
ഞാൻ മൂറിൻമലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കും.
7എന്റെ പ്രിയേ, നീ സർവാംഗസുന്ദരി;
നീ അവികലമോഹിനി.
8എന്റെ മണവാട്ടീ, ലെബാനോനിൽനിന്നു നീ എന്റെകൂടെ പോരുക,
ലെബാനോനിൽനിന്ന് എന്റെകൂടെ പോരുക.
അമാനാ പർവതശിഖരത്തിൽനിന്ന്,
ശെനീർ, ഹെർമ്മോൻ കൊടുമുടികളിൽനിന്ന്,
സിംഹഗുഹകളും പുള്ളിപ്പുലികളും നിറഞ്ഞ മലകളിൽനിന്ന് ഇറങ്ങിപ്പോരുക,
9എന്റെ സഹോദരീ, എന്റെ മണവാട്ടീ,
നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു.
നിന്റെ ഒറ്റ കടാക്ഷംകൊണ്ട്, നിന്റെ കണ്ഠാഭരണത്തിലെ ഒരു രത്നംകൊണ്ട്,
നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു.
10എന്റെ സഹോദരീ, എന്റെ മണവാട്ടീ,
നിന്റെ പ്രേമം എത്ര മധുരം!
നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ശ്രേഷ്ഠം.
നിന്റെ തൈലങ്ങളുടെ പരിമളം
സകല സുരഭിലവസ്തുക്കളിലും ഉത്തമം.
11എന്റെ പ്രിയതമേ, നിന്റെ അധരങ്ങൾ അമൃതം പൊഴിക്കുന്നു.
നിന്റെ നാവിൽ തേനും പാലും ഊറുന്നു;
നിന്റെ വസ്ത്രത്തിന്റെ സുഗന്ധം ലെബാനോനിലെ സുഗന്ധം പോലെയാകുന്നു.
12എന്റെ സഹോദരീ, എന്റെ മണവാട്ടീ,
കെട്ടിയടച്ചിരിക്കുന്ന ഉദ്യാനമാണു നീ,
അടച്ചുപൂട്ടിയ ഉദ്യാനം, മുദ്രവച്ച നീരുറവ.
13നീ ഒരു മാതളത്തോട്ടമാണ്;
അതിൽ വിശിഷ്ടഫലങ്ങൾ വിളയുന്നു.
മയിലാഞ്ചിയും നർദീനും
14അതേ, നർദീനും കുങ്കുമവും വയമ്പും ലവംഗവും
കുന്തുരുക്കം തരുന്ന എല്ലാവിധ വൃക്ഷങ്ങളും
മൂറും അകിലും സകല മുഖ്യസുഗന്ധവർഗങ്ങളും
അതിൽ ധാരാളമായി വളരുന്നു.
15തോട്ടങ്ങൾക്കു നീ ഒരു ഉറവ,
വറ്റിപ്പോകാത്ത കിണറാണു നീ.
നീ ലെബാനോനിൽ നിന്നൊഴുകുന്ന നീർച്ചാലാണ്.
മണവാട്ടി
16വടക്കൻ കാറ്റേ ഉണരൂ; തെക്കൻ കാറ്റേ വരൂ;
എന്റെ തോട്ടത്തിൽ വീശൂ;
അതിന്റെ സൗരഭ്യം ദൂരെ ദിക്കുകളിലും പരക്കട്ടെ.
എന്റെ പ്രിയൻ വന്ന് തന്റെ തോട്ടത്തിൽനിന്ന് അതിന്റെ വിശിഷ്ടഫലം ആസ്വദിക്കട്ടെ.

Currently Selected:

HLA CHHUANVÂWR 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy