YouVersion Logo
Search Icon

ROM 8

8
ആത്മാവിൽ വേരൂന്നിയ ജീവിതം
1ക്രിസ്തുയേശുവിനോട് ഏകീഭവിച്ചു ജീവിക്കുന്നവർക്ക് ഇനി ശിക്ഷാവിധിയില്ല. 2ക്രിസ്തുയേശുവിനോട് ഏകീഭവിക്കുന്നവർക്കു ജീവൻ നല്‌കുന്ന ആത്മാവിന്റെ നിയമം പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്ന് #8:2 ‘എന്നെ സ്വതന്ത്രനാക്കി’-ചില കൈയെഴുത്തു പ്രതികളിൽ ‘നിങ്ങളെ സ്വതന്ത്രരാക്കി’ എന്നും വേറെ ചിലതിൽ ‘നമ്മെ സ്വതന്ത്രരാക്കി’ എന്നും ആണ്. എന്നെ സ്വതന്ത്രനാക്കി. 3-4എന്നാൽ മനുഷ്യസ്വഭാവം ദുർബലമായതുകൊണ്ട് മനുഷ്യരെ ദൈവത്തോടു രഞ്ജിപ്പിക്കുന്നതിൽ നിയമം പരാജയപ്പെട്ടു. അതുകൊണ്ട് പാപത്തെ ഉന്മൂലനം ചെയ്യുന്നതിനും, അങ്ങനെ മനുഷ്യജീവിതത്തിലും സ്വഭാവത്തിലുമുള്ള പാപത്തിനു ശിക്ഷാവിധി നല്‌കുന്നതിനും, തന്റെ ഏക പുത്രനെ മനുഷ്യപ്രകൃതത്തോടു തുല്യതയുള്ളവനായി ദൈവം അയച്ചു. നിയമംകൊണ്ട് ഉദ്ദേശിക്കപ്പെട്ട ദൈവത്തിന്റെ രക്ഷകപ്രവർത്തനം ഇങ്ങനെ പൂർത്തീകരിക്കപ്പെട്ടു. 5പാപസ്വഭാവത്തിനു വിധേയരായവർ അതിന്റെ ഇച്ഛയ്‍ക്കനുസൃതമായും, ദൈവാത്മാവിന്റെ പ്രേരണയനുസരിച്ചു ജീവിക്കുന്നവർ അതിന് അനുസൃതമായും ചിന്തിക്കുന്നു. 6പാപസ്വഭാവത്താൽ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി മരണത്തിനും, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി സമാധാനപൂർണമായ ജീവിതത്തിനും കാരണമായിത്തീരുന്നു. 7പാപസ്വഭാവത്തിനു വിധേയമായ ചിന്താഗതിയുള്ളവർ ദൈവത്തോടു ശത്രുതയിൽ കഴിയുന്നു. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ പ്രമാണം അവർ അനുസരിക്കുന്നില്ല; അനുസരിക്കുവാൻ കഴിയുകയുമില്ല. 8പാപസ്വഭാവത്തിനു വിധേയരായവർക്കു ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്.
9ദൈവത്തിന്റെ ആത്മാവ് യഥാർഥമായി നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ പാപസ്വഭാവത്തിനു വിധേയരല്ല; ദൈവാത്മാവിനു വിധേയരത്രേ. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ ക്രിസ്തുവിനുള്ളവനല്ല. 10എന്നാൽ പാപം മൂലം നിങ്ങളുടെ ഭൗതികശരീരം മർത്യമാണെങ്കിലും ക്രിസ്തു നിങ്ങളിൽ ജീവിക്കുന്നതുകൊണ്ട് ദൈവത്തിന്റെ രക്ഷകപ്രവർത്തനംമൂലം നിങ്ങളിലുള്ള ദൈവാത്മാവു നിങ്ങൾക്കു ജീവനായിരിക്കും. 11യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നെങ്കിൽ ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവം ആത്മാവിനാൽ നിങ്ങളുടെ മർത്യശരീരങ്ങൾക്കും ജീവൻ നല്‌കും.
12അതുകൊണ്ട് സഹോദരരേ, ഇനിമേൽ പാപസ്വഭാവമനുസരിച്ചു ജീവിക്കുവാൻ നാം കടപ്പെട്ടവരല്ല. 13പാപസ്വഭാവമനുസരിച്ചു ജീവിക്കുന്നെങ്കിൽ നിങ്ങൾ നിശ്ചയമായും മരിക്കും. എന്നാൽ ആത്മാവിനു വിധേയരായി, ശരീരത്തിന്റെ പാപകരമായ പ്രവൃത്തികളെ നിഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും. 14ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ മക്കളാകുന്നു. 15നിങ്ങൾക്കു ലഭിച്ചിരിക്കുന്നത് വീണ്ടും ഭയം ഉളവാക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, അബ്ബാ-പിതാവേ - എന്നു വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെയത്രേ. 16നാം ദൈവത്തിന്റെ മക്കളാകുന്നുവെന്ന്, ഈ ആത്മാവു നമ്മുടെ ആത്മാവിനോടു ചേർന്നു പ്രഖ്യാപനം ചെയ്യുന്നു. 17നാം ദൈവത്തിന്റെ മക്കളായതുകൊണ്ട് അവിടുത്തെ അവകാശികളാകുന്നു; മാത്രമല്ല, ക്രിസ്തുവിന്റെ കൂട്ടവകാശികളുമാണ്. ക്രിസ്തുവിന്റെ കഷ്ടതകളിൽ നാം പങ്കാളികളാകുന്നെങ്കിൽ അവിടുത്തെ മഹത്ത്വത്തിനും നാം പങ്കാളികളാകും.
വെളിപ്പെടുവാനിരിക്കുന്ന തേജസ്സ്
18നമുക്ക് വെളിപ്പെടുവാനിരിക്കുന്ന തേജസ്സിനോടു തുലനം ചെയ്താൽ ഇപ്പോഴുള്ള കഷ്ടതകൾ ഏറ്റവും നിസ്സാരമെന്നു ഞാൻ കരുതുന്നു. 19ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനുവേണ്ടി സകല സൃഷ്‍ടികളും അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു. 20സ്വന്തം ഇച്ഛയാലല്ല, ദൈവേച്ഛയാൽത്തന്നെ, സൃഷ്‍ടി വ്യർഥമായിത്തീരുന്നതിനു വിധിക്കപ്പെട്ടു. 21എന്നിരുന്നാലും സൃഷ്‍ടിതന്നെ നശ്വരതയുടെ അടിമത്തത്തിൽനിന്ന് ഒരിക്കൽ സ്വതന്ത്രമാകുകയും ദൈവമക്കളുടെ മഹത്ത്വമേറിയ സ്വാതന്ത്ര്യത്തിൽ പങ്കുകൊള്ളുകയും ചെയ്യുമെന്നുള്ള പ്രത്യാശയുണ്ടായിരുന്നു. 22അതിനുവേണ്ടി സകല സൃഷ്‍ടിയും ഇന്നുവരെയും ഈറ്റുനോവുകൊണ്ടു ഞരങ്ങുന്നു എന്നു നാം അറിയുന്നുവല്ലോ. 23സൃഷ്‍ടിമാത്രമല്ല, ദൈവത്തിന്റെ വരദാനങ്ങളിൽ ആദ്യത്തേതായ ആത്മാവു ലഭിച്ചിരിക്കുന്ന നാമും അന്തരാത്മാവിൽ ഞരങ്ങുന്നു; നമ്മെ #8:23 ചില കൈയെഴുത്തു പ്രതികളിൽ ‘ദൈവത്തിന്റെ പുത്രന്മാരാക്കുന്നതിനും’ എന്നില്ല.ദൈവത്തിന്റെ പുത്രന്മാരാക്കുന്നതിനും പൂർണമായി സ്വതന്ത്രരാക്കുന്നതിനുംവേണ്ടി കാത്തിരുന്നുകൊണ്ടുതന്നെ. 24ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്; എന്നാൽ ഏതൊന്നിനുവേണ്ടി നാം പ്രത്യാശിക്കുന്നുവോ, അതു ദൃശ്യമാണെങ്കിൽ, ആ പ്രത്യാശ യഥാർഥമല്ല. കാണുന്ന ഒന്നിനുവേണ്ടി എന്തിനാണു പ്രത്യാശിക്കുന്നത്? 25എന്നാൽ അദൃശ്യമായതിനുവേണ്ടി പ്രത്യാശിക്കുന്നുവെങ്കിൽ അതിനുവേണ്ടി നിരന്തര ക്ഷമയോടെ നാം കാത്തിരിക്കുന്നു.
26അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ ആത്മാവു നമ്മെ സഹായിക്കുന്നു. എങ്ങനെയാണു പ്രാർഥിക്കേണ്ടതെന്നു നമുക്ക് അറിഞ്ഞുകൂടെങ്കിലും ആത്മാവ് വാക്കുകൾ കൂടാതെയുള്ള ഞരക്കത്താൽ നമുക്കുവേണ്ടി ദൈവത്തിന്റെ അടുക്കൽ നിവേദനം നടത്തുന്നു. 27ദൈവത്തിന്റെ ജനത്തിനുവേണ്ടി, അവിടുത്തെ ഹിതപ്രകാരം, ആത്മാവു തിരുസന്നിധിയിൽ പ്രാർഥിക്കുന്നു. മനുഷ്യഹൃദയങ്ങൾ കാണുന്നവനായ ദൈവം ആത്മാവിന്റെ ചിന്ത എന്താകുന്നു എന്ന് അറിയുകയും ചെയ്യുന്നു.
28ദൈവത്തെ സ്നേഹിക്കുന്നവർക്ക് ദൈവോദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവർക്കുതന്നെ, #8:28 ‘സമസ്തവും നന്മയ്‍ക്കായി........ പ്രവർത്തിക്കുന്നു എന്നു നമുക്ക് അറിയാം’ - ചില കൈയെഴുത്തു പ്രതികളിൽ ‘സമസ്തവും നന്മയ്‍ക്കായി പരിണമിക്കുന്നു എന്നു നമുക്ക് അറിയാം’ എന്നാണ്.സമസ്തവും നന്മയ്‍ക്കായി പരിണമിക്കുന്നതിന് അവരോടു ചേർന്ന് അവിടുന്നു പ്രവർത്തിക്കുന്നു എന്നു നമുക്കറിയാം. 29നേരത്തെ തിരഞ്ഞെടുത്തിട്ടുള്ളവരെ, തന്റെ പുത്രന്റെ പ്രതിബിംബത്തോടു സദൃശരായിത്തീരുന്നതിനു ദൈവം പ്രത്യേകം വേർതിരിച്ചിരിക്കുന്നു. അങ്ങനെ അവിടുത്തെ പുത്രൻ അസംഖ്യം സഹോദരന്മാരിൽ ആദ്യജാതനായിത്തീരുന്നു. 30താൻ വേർതിരിച്ചിരിക്കുന്നവരെ ദൈവം വിളിച്ചു; താൻ വിളിച്ചവരെ ദൈവം കുറ്റമറ്റവരായി അംഗീകരിച്ചു; കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടവരെ തേജസ്കരിക്കുകയും ചെയ്തിരിക്കുന്നു.
ക്രിസ്തുയേശുവിലൂടെ വെളിപ്പെട്ട ദൈവസ്നേഹം
31ഇതിനെ സംബന്ധിച്ച് നാം എന്താണു പറയുക? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ ആരു നമുക്ക് എതിരു നില്‌ക്കും? 32സ്വന്തം പുത്രനെന്നതുപോലും പരിഗണിക്കാതെ ദൈവം നമുക്കെല്ലാവർക്കുംവേണ്ടി ക്രിസ്തുവിനെ മരണത്തിന് ഏല്പിച്ചു. അങ്ങനെയെങ്കിൽ ദൈവം ക്രിസ്തുവിനോടൊപ്പം സമസ്തവും നമുക്കു കൃപയോടെ നല്‌കാതിരിക്കുമോ? 33ദൈവം തിരഞ്ഞെടുത്ത ജനത്തിന്മേൽ ആരു കുറ്റം ആരോപിക്കും? അവരെ കുറ്റമറ്റവരായി അംഗീകരിക്കുന്നത് ദൈവം ആണല്ലോ. 34അപ്പോൾ അവരെ കുറ്റവാളികളെന്നു വിധിക്കുവാൻ ആർക്കു കഴിയും? അതെ, മരിച്ചവനും മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവനുമായ ക്രിസ്തുയേശുതന്നെ ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നുകൊണ്ട് നമുക്കുവേണ്ടി നിവേദനം നടത്തുന്നു. 35നമ്മെ ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു വേർപെടുത്തുവാൻ ആർക്കു കഴിയും? കഷ്ടതയ്‍ക്കോ, ബുദ്ധിമുട്ടിനോ, പീഡനത്തിനോ, ക്ഷാമത്തിനോ, നഗ്നതയ്‍ക്കോ, വിപത്തിനോ, വാളിനോ കഴിയുമോ?
36അങ്ങയെപ്രതി കൊല്ലപ്പെടുമെന്ന ഭീഷണിയെ
ഞങ്ങൾ ദിനംതോറും നേരിടുന്നു;
കൊല്ലുവാൻ കൊണ്ടുപോകുന്ന ആടിനെപ്പോലെ
ഞങ്ങൾ എണ്ണപ്പെടുന്നു
എന്നു വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
37എന്നാൽ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇവയിലെല്ലാം നമുക്കു പൂർണവിജയമുണ്ട്. 38-39മരണത്തിനോ, ജീവനോ, മാലാഖമാർക്കോ, മാനുഷികമല്ലാത്ത അധികാരങ്ങൾക്കോ, ശക്തികൾക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, മുകളിലുള്ളതിനോ, താഴെയുള്ളതിനോ, സൃഷ്‍ടിയിലുള്ള യാതൊന്നിനും തന്നെയും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽക്കൂടി ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിൽനിന്നു നമ്മെ വേർപെടുത്തുവാൻ സാധ്യമല്ലെന്ന് എനിക്കുറപ്പുണ്ട്.

Currently Selected:

ROM 8: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy