Bible App logo
Search Icon

ROM 7:14-25

ROM 7:14-25 MALCLBSI

ധർമശാസ്ത്രം ആത്മികമാണെന്നു നമുക്കറിയാം. എന്നാൽ ഞാൻ മർത്യശരീരിയും പാപത്തിന് അടിമയായി വില്‌ക്കപ്പെട്ടവനുമാകുന്നു. എന്താണു ഞാൻ ചെയ്യുന്നതെന്ന് വാസ്തവത്തിൽ ഞാൻ അറിയുന്നില്ല; ചെയ്യണമെന്നു ഞാൻ ഇച്ഛിക്കുന്ന നന്മയല്ല, പിന്നെയോ വെറുക്കുന്ന തിന്മയാണ് ഞാൻ ചെയ്തുപോകുന്നത്. ഞാൻ ചെയ്യുന്നത് ചെയ്യരുതാത്തതാണെന്നു സമ്മതിക്കുമ്പോൾ, ധർമശാസ്ത്രം ശരിയാണെന്നു സമ്മതിക്കുകയാണു ചെയ്യുന്നത്. എന്റെ ഇച്ഛയ്‍ക്കു വിപരീതമായി പ്രവർത്തിക്കുമ്പോൾ അതു ചെയ്യുന്നത് ഞാനല്ല എന്നിൽ കുടികൊള്ളുന്ന പാപമത്രേ. എന്നിൽ, അതായത് എന്റെ മാനുഷിക സ്വഭാവത്തിൽ നന്മ വസിക്കുന്നില്ലെന്ന് എനിക്കറിയാം. നന്മ ചെയ്യുവാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും എനിക്കു കഴിയുന്നില്ല. ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നന്മയല്ല, പ്രത്യുത ആഗ്രഹിക്കാത്ത തിന്മയാണല്ലോ ഞാൻ ചെയ്യുന്നത്. ഞാൻ ആഗ്രഹിക്കാത്തതാണു ചെയ്യുന്നതെങ്കിൽ അതു പ്രവർത്തിക്കുന്നതു ഞാനല്ല, എന്നിൽ വസിക്കുന്ന പാപമത്രേ. അതുകൊണ്ട് നന്മ ചെയ്യണമെന്ന് ഇച്ഛിക്കുന്ന എനിക്കു തിന്മ തിരഞ്ഞെടുക്കുവാനേ കഴിയൂ എന്ന പ്രമാണമാണ് എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കാണുന്നത്. ദൈവത്തിന്റെ ധാർമികനിയമത്തിൽ എന്റെ അന്തരാത്മാവ് ആനന്ദിക്കുന്നു. എന്നാൽ എന്റെ അവയവങ്ങളിൽ ഒരു വ്യത്യസ്ത പ്രമാണം പ്രവർത്തിക്കുന്നതായി ഞാൻ കാണുന്നു. എന്റെ മനസ്സ് അംഗീകരിക്കുന്ന പ്രമാണത്തെ അത് എതിർക്കുന്നു. എന്റെ അവയവങ്ങളിൽ വ്യാപരിച്ചുകൊണ്ടിരിക്കുന്ന പാപത്തിന്റെ പ്രമാണത്തിന് അത് എന്നെ അടിമയാക്കുന്നു. ഹാ! എന്റെ സ്ഥിതി എത്ര ദയനീയം! ഈ മർത്യശരീരത്തിൽനിന്ന് എന്നെ ആർ മോചിപ്പിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു സ്തോത്രം. ഇങ്ങനെ മനസ്സുകൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും മാനുഷിക പ്രകൃതികൊണ്ട് പാപത്തിന്റെ പ്രമാണത്തെയും ഞാൻ സേവിക്കുന്നു.