YouVersion Logo
Search Icon

THUPUAN 18

18
ബാബിലോണിന്റെ പതനം
1അനന്തരം വലിയ അധികാരമുള്ള മറ്റൊരു മാലാഖ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. ആ മാലാഖയുടെ തേജസ്സുകൊണ്ട് ഭൂമി പ്രകാശപൂരിതമായിത്തീർന്നു. 2ആ ദൈവദൂതൻ ഗംഭീരസ്വരത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “വീണുപോയി! മഹാബാബിലോൺ വീണുപോയി! അത് ദുർഭൂതങ്ങളുടെ പാർപ്പിടമായിത്തീർന്നിരിക്കുന്നു. സകല അശുദ്ധാത്മാക്കളുടെയും അഭയസ്ഥാനവും അറപ്പുതോന്നുന്ന സകല അശുദ്ധ പക്ഷികളുടെയും താവളവും ആകുന്നു. 3എല്ലാ ജനതകളും മാദകലഹരി പിടിപ്പിക്കുന്ന, അവളുടെ വേശ്യാവൃത്തിയാകുന്ന വീഞ്ഞുകുടിച്ചിരിക്കുന്നു. ഭൂമിയിലെ രാജാക്കന്മാർ അവളുമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും അവളുടെ ദുർവൃത്തിയുടെ ധനംകൊണ്ട് ഭൂമിയിലെ വ്യാപാരികൾ സമ്പന്നരാകുകയും ചെയ്തു.
4അനന്തരം സ്വർഗത്തിൽനിന്ന് ഇപ്രകാരം മറ്റൊരു ശബ്ദം ഞാൻ കേട്ടു:
“എന്റെ ജനമേ, അവളെ വിട്ടുപോരുക!
അവളുടെ പാപങ്ങളിൽ
പങ്കാളികളാകാതിരിക്കുന്നതിനും,
ബാധകളുടെ ഓഹരി പറ്റാതിരിക്കുന്നതിനും,
അവളെ വിട്ടു പോരുക!
5അവളുടെ പാപം ആകാശം മുട്ടെയുള്ള
കൂമ്പാരമായിത്തീർന്നിരിക്കുന്നു!
ദൈവം അവളുടെ അധർമങ്ങൾ വിസ്മരിക്കുന്നില്ല.
6അവൾ ചെയ്തതുപോലെ
അവൾക്കു നിങ്ങൾ പകരം ചെയ്യുക;
അവളുടെ പ്രവൃത്തികൾക്ക് ഇരട്ടി തിരിച്ചുകൊടുക്കുക;
അവൾ കലർത്തുന്ന പാനപാത്രത്തിൽ
അവൾക്ക് ഇരട്ടി കലർത്തിക്കൊടുക്കുക.
7അവൾ തന്നെത്തന്നെ
എത്രമാത്രം മഹത്ത്വപ്പെടുത്തുകയും
സുഖലോലുപതയിൽ മുഴുകുകയും ചെയ്തുവോ,
അത്രയ്‍ക്ക് അവൾക്കു പീഡനവും ദുഃഖവും നല്‌കുക.
‘ഞാൻ ഒരു രാജ്ഞിയായി വാഴുന്നു;
വിധവയല്ല; ദുഃഖം ഞാൻ കാണുകയുമില്ല!’
എന്ന് അവൾ ആത്മഗതം ചെയ്യുന്നു.
8അതുകൊണ്ട് മരണം, ദുഃഖം, ക്ഷാമം മുതലായ ബാധകൾ ഒരു ദിവസംതന്നെ അവൾക്കുണ്ടാകും;
അവളെ തീയിലിട്ടു ചുട്ടുകളയും;
അവളെ വിധിക്കുന്ന സർവേശ്വരനായ ദൈവം മഹാശക്തനാണല്ലോ.”
9അവളോടൊത്തു വ്യഭിചരിക്കുകയും ആഡംബരങ്ങളിൽ മുഴുകുകയും ചെയ്ത ഭൂമിയിലെ രാജാക്കന്മാർ അവളുടെ ചിതയിൽനിന്നു പൊങ്ങുന്ന പുക കാണുമ്പോൾ അവളെച്ചൊല്ലി കരയുകയും മാറത്തടിച്ചു വിലപിക്കുകയും ചെയ്യും. 10അവളുടെ ദണ്ഡനത്തെക്കുറിച്ചുള്ള ഭയം നിമിത്തം അകലെ മാറിനിന്നുകൊണ്ട് “കഷ്ടം! കഷ്ടം! മഹാ നഗരമേ! ബലിഷ്ഠനഗരമായ ബാബിലോണേ, ഒരു നാഴികകൊണ്ട് നിന്റെ വിധി വന്നുകഴിഞ്ഞല്ലോ” എന്നു പറഞ്ഞു വിലപിക്കും.
11ഭൂമിയിലെ വ്യാപാരികൾ അവളെച്ചൊല്ലി കരയുകയും സങ്കടപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ അവരുടെ ചരക്കുകൾ ഇനി വാങ്ങാൻ ആരുമില്ല. 12സ്വർണം, വെള്ളി, രത്നങ്ങൾ, മുത്തുകൾ, മൃദുലവസ്ത്രം, ധൂമ്രവസ്ത്രം, പട്ട്, കടുംചെമപ്പുതുണി, സുരഭിലമായ തടികൾ, ദന്തനിർമിതമായ ശില്പവസ്തുക്കൾ, വിലയേറിയ തടി, പിച്ചള, ഇരുമ്പ്, മാർബിൾ ഇവകൊണ്ടു നിർമിച്ചവസ്തുക്കൾ, 13ഇലവർഗം, ഏലം, ധൂപദ്രവ്യങ്ങൾ; മീറ, കുന്തുരുക്കം, വീഞ്ഞ്, എണ്ണ, നേർത്ത മാവ്, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥങ്ങൾ, അടിമകൾ, അതായത്, ആത്മാവുള്ള മനുഷ്യർ, ഈ വകകളൊക്കെ ആയിരുന്നു അവർ വ്യാപാരം ചെയ്തു വന്നിരുന്നത്. 14“നിന്റെ ആത്മാവ് അതിയായി ആശിച്ച ഫലം കൈവിട്ടുപോയി; സ്വാദിഷ്ഠവും പകിട്ടുള്ളവയുമായ എല്ലാ വസ്തുക്കളും നിനക്കു നഷ്ടപ്പെട്ടിരിക്കുന്നു. അവ ഇനി ഒരിക്കലും കാണപ്പെടുകയില്ല!” എന്ന് അവർ പറയുന്നു. 15-16മേൽപ്പറഞ്ഞ ചരക്കുകളുടെ വ്യാപാരംകൊണ്ട് അവളിൽനിന്നു ധനം ആർജിച്ച വ്യാപാരികൾ അവൾക്കു നേരിട്ട കഠിന യാതനയെക്കുറിച്ചുള്ള ഭയംകൊണ്ട് അകലെ മാറി നിന്ന് “അയ്യോ! കഷ്ടം! മഹാനഗരമേ! മൃദുലമനോഹരമായ ഉടയാടയും ധൂമ്രവർണവും കടുംചെമപ്പുള്ള വസ്ത്രങ്ങളും സ്വർണവും രത്നവും മുത്തും അണിഞ്ഞവളേ, ഒരു നാഴികകൊണ്ട് ഈ സമ്പത്തെല്ലാം നശിച്ചുപോയല്ലോ! എന്നു പറഞ്ഞുകൊണ്ട് ഉച്ചത്തിൽ അലമുറയിട്ടു കരയും.
17എല്ലാ കപ്പിത്താന്മാരും, സമുദ്രസഞ്ചാരികളും, നാവികരും, എന്നല്ല കടലിൽ ജോലി ചെയ്യുന്ന സകലരും, അകലെ നിന്ന്, അവൾ കത്തിയെരിയുന്നതിന്റെ പുക കണ്ട്, 18“ഈ മഹാനഗരത്തിനു തുല്യമായ നഗരം എവിടെയുണ്ട്? എന്നു പറഞ്ഞു നിലവിളിച്ചു. 19അവർ തലയിൽ പൂഴി വാരി ഇട്ടുകൊണ്ട്, “അയ്യോ! കഷ്ടം! കപ്പൽക്കച്ചവടം ചെയ്യുന്നവർക്കെല്ലാം തന്റെ ഐശ്വര്യസമൃദ്ധികൊണ്ട് സമ്പത്തു വർധിപ്പിച്ച മഹാനഗരമേ, നീ ഒരു മണിക്കൂറുകൊണ്ടു നിശ്ശേഷം നശിച്ചുപോയല്ലോ!” എന്നു പറഞ്ഞു സങ്കടപ്പെട്ടു നിലവിളിച്ചു.
20അല്ലയോ സ്വർഗമേ, വിശുദ്ധന്മാരേ, അപ്പോസ്തോലന്മാരേ, പ്രവാചകന്മാരേ, ദൈവം നിങ്ങൾക്കുവേണ്ടി അവളോടു പ്രതികാരം ചെയ്തിരിക്കുന്നതുകൊണ്ട് ആനന്ദിക്കുക.
21പിന്നീട് അതിശക്തനായ ഒരു മാലാഖ വലിയ തിരികല്ലുപോലെയുള്ള ഒരു കല്ലെടുത്ത് കടലിൽ എറിഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇതുപോലെ ബാബിലോൺനഗരത്തെ ആഞ്ഞ് എറിഞ്ഞുകളയും; ഇനി ഒരിക്കലും അതിനെ കാണുകയില്ല. 22വൈണികരുടെയും ഗായകരുടെയും കുഴലൂത്തുകാരുടെയും കാഹളം മുഴക്കുന്നവരുടെയും സ്വരം നിന്നിൽനിന്നു കേൾക്കുകയില്ല. കരകൗശലവിദഗ്ധരായ ശില്പികളിൽ ആരെയും ഇനിമേൽ നിന്നിൽ കാണുകയില്ല. തിരികല്ലു തിരിക്കുന്ന ശബ്ദം ഇനി നിന്നിൽ കേൾക്കുകയില്ല. 23വിളക്കിന്റെ വെളിച്ചം ഇനിമേൽ പ്രകാശിക്കുകയില്ല. വധൂവരന്മാരുടെ ആഹ്ലാദശബ്ദം ഇനി ഒരിക്കലും കേൾക്കുകയില്ല. നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹാന്മാരായിരുന്നു. നിന്റെ ഇന്ദ്രജാലപ്രയോഗത്താൽ എല്ലാ ജനതകളും വഞ്ചിക്കപ്പെട്ടു.”
24പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും എന്നല്ല ഭൂമിയിൽ വച്ചു കൊല്ലപ്പെട്ട എല്ലാവരുടെയും രക്തം ആ നഗരത്തിലാണല്ലോ കണ്ടത്.

Currently Selected:

THUPUAN 18: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy