YouVersion Logo
Search Icon

THUPUAN 10

10
ചെറിയ ഗ്രന്ഥച്ചുരുൾ
1അനന്തരം ശക്തനായ മറ്റൊരു മാലാഖ ആകാശത്തുനിന്ന് ഇറങ്ങി വരുന്നതു ഞാൻ കണ്ടു. മേഘത്തിൽ പൊതിഞ്ഞിരുന്ന ആ മാലാഖയുടെ ശിരസ്സിനു മുകളിൽ ഒരു മഴവില്ലുണ്ടായിരുന്നു. ആ ദൈവദൂതന്റെ മുഖം സൂര്യനെപ്പോലെയും കാലുകൾ അഗ്നിസ്തംഭങ്ങൾപോലെയും ഇരുന്നു. 2കൈയിൽ തുറന്ന ഒരു ഗ്രന്ഥച്ചുരുൾ ഉണ്ടായിരുന്നു. വലത്തുകാല് കടലിന്മേലും ഇടത്തുകാല് കരയിലും ഉറപ്പിച്ചുകൊണ്ട്, 3മാലാഖ സിംഹം ഗർജിക്കുന്നതുപോലെ അട്ടഹസിച്ചു. ആ ഗർജനത്തോടൊപ്പം ഏഴ് ഇടി മുഴങ്ങി. 4ഏഴ് ഇടി സംസാരിച്ചത് ഞാൻ എഴുതുവാൻ ഭാവിച്ചു. ഗർജനത്തോടൊപ്പം അപ്പോൾ “ആ ഏഴ് ഇടിമുഴക്കം സംസാരിച്ച കാര്യങ്ങൾക്കു മുദ്രവയ്‍ക്കുക; അവ എഴുതപ്പെടരുത്” എന്ന് ആകാശത്തുനിന്നു പറയുന്നതായി ഞാൻ കേട്ടു.
5കരയിലും കടലിലും കാലുറപ്പിച്ചു നില്‌ക്കുന്നതായി ഞാൻ കണ്ട മാലാഖ വലങ്കൈ ആകാശത്തേക്കുയർത്തി ഇപ്രകാരം പ്രതിജ്ഞ ചെയ്തു: 6“ആകാശവും അതിലുള്ളതും, ഭൂമിയും അതിലുള്ളതും എല്ലാം സൃഷ്‍ടിച്ചവനും നിത്യനുമായ ദൈവത്തിന്റെ നാമത്തിൽ ഞാൻ പറയുന്നു: ഇനി കാലവിളംബം ഉണ്ടാകുകയില്ല. 7ഏഴാമത്തെ മാലാഖയുടെ കാഹളം മുഴങ്ങുന്ന നാളുകളിൽ ദൈവം തന്റെ ദാസന്മാരായ പ്രവാചകന്മാരെ അറിയിച്ച നിഗൂഢ പദ്ധതി നിർവഹിക്കപ്പെടും.”
8“കടലിലും കരയിലും കാലൂന്നി നില്‌ക്കുന്ന മാലാഖയുടെ കൈയിലിരിക്കുന്ന തുറന്ന ഗ്രന്ഥച്ചുരുൾ വാങ്ങുക” എന്ന് ആകാശത്തുനിന്നു മുമ്പു സംസാരിച്ച ശബ്ദം എന്നോടു വീണ്ടും പറഞ്ഞു.
9ഞാൻ ആ മാലാഖയുടെ അടുത്തുചെന്ന് “ആ ചെറിയ ഗ്രന്ഥച്ചുരുൾ തന്നാലും” എന്ന് ആവശ്യപ്പെട്ടു. അപ്പോൾ മാലാഖ പറഞ്ഞു: “ഇതു വാങ്ങിത്തിന്നുകൊള്ളുക; ഇതു നിന്റെ വയറിനു കയ്പായിരിക്കുമെങ്കിലും നിന്റെ വായിൽ തേൻപോലെ മധുരമുള്ളതായിരിക്കും.”
10മാലാഖയുടെ കൈയിൽനിന്ന് ഞാൻ ആ ചെറിയ ഗ്രന്ഥച്ചുരുൾ വാങ്ങിത്തിന്നു; അതു തേൻപോലെ മധുരമുള്ളതായി തോന്നി. എങ്കിലും അതു വയറ്റിൽ ചെന്നപ്പോൾ വയറു വല്ലാതെ കയ്ച്ചുപോയി. 11“നീ ഇനി അനേകം ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഭാഷക്കാരെയും രാജാക്കന്മാരെയും സംബന്ധിച്ചു പ്രവചിക്കേണ്ടതാണ്” എന്നു മാലാഖ എന്നോടു പറഞ്ഞു.

Currently Selected:

THUPUAN 10: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy