YouVersion Logo
Search Icon

SAM 19

19
ദൈവത്തിന്റെ മഹത്ത്വം
ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം
1ആകാശം ദൈവത്തിന്റെ മഹത്ത്വത്തെ വർണിക്കുന്നു,
ആകാശമണ്ഡലം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.
2ദൈവത്തിന്റെ മഹത്ത്വത്തെക്കുറിച്ച്,
പകൽ പകലിനോടു നിരന്തരം സംസാരിക്കുന്നു;
രാത്രി രാത്രിക്ക് ആ അറിവു പകരുന്നു.
3വാക്കുകളില്ല, ഭാഷണമില്ല, ശബ്ദം കേൾക്കാനുമില്ല.
4എങ്കിലും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു;
അവയുടെ വാക്കുകൾ ഭൂമിയുടെ അറുതിവരെ എത്തുന്നു;
അവിടുന്നു സൂര്യന് ആകാശത്ത് ഒരു കൂടാരം സ്ഥാപിച്ചിരിക്കുന്നു.
5മണവറയിൽനിന്നു മണവാളനെപ്പോലെ
പുലർകാലത്ത് സൂര്യൻ അതിൽനിന്നു പുറത്തുവരുന്നു;
ബലശാലിയെപ്പോലെ പ്രസന്നചിത്തനായി ഓടാൻ തുടങ്ങുന്നു.
6ആകാശത്തിന്റെ ഒരറ്റത്തുനിന്ന് അതു പുറപ്പെടുന്നു,
മറ്റേ അറ്റംവരെ അതു യാത്ര ചെയ്യുന്നു;
അതിന്റെ ചൂടിൽനിന്ന് ഒന്നിനും ഒളിക്കാനാവുകയില്ല.
7സർവേശ്വരന്റെ ധർമശാസ്ത്രം തികവുള്ളത്;
അത് ആത്മാവിനു നവജീവൻ നല്‌കുന്നു.
സർവേശ്വരന്റെ പ്രബോധനങ്ങൾ വിശ്വാസ്യമായത്;
അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു.
8സർവേശ്വരന്റെ കല്പനകൾ നീതിനിഷ്ഠം;
അവ ഹൃദയത്തെ ആനന്ദിപ്പിക്കുന്നു.
അവിടുത്തെ പ്രമാണങ്ങൾ പവിത്രമായത്;
അവ കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
9സർവേശ്വരനോടുള്ള ഭക്തി നിർമ്മലമായത്;
അത് എന്നേക്കും നിലനില്‌ക്കുന്നു.
അവിടുത്തെ വിധികൾ സത്യമായവ;
അവ തികച്ചും നീതിയുക്തമാണ്.
10അവ പൊന്നിനെയും തങ്കത്തെയുംകാൾ അഭികാമ്യം;
തേനിനെയും തേൻകട്ടയെയുംകാൾ മധുരമുള്ളവ.
11ഈ ധർമശാസ്ത്രമാണ് അവിടുത്തെ ദാസനു പ്രബോധനം നല്‌കുന്നത്.
ഇതു പാലിക്കുന്നതുകൊണ്ട് എനിക്കു വളരെ പ്രതിഫലം ഉണ്ട്.
12സ്വന്തം തെറ്റുകൾ ഗ്രഹിക്കാൻ ആർക്കു കഴിയും?
അറിയാതെ ചെയ്തുപോകുന്ന തെറ്റുകളിൽ നിന്ന് എന്നെ രക്ഷിക്കണമേ.
13ബോധപൂർവം ചെയ്യുന്ന പാപങ്ങളിൽനിന്ന്
ഈ ദാസനെ കാത്തുകൊള്ളണമേ.
അവ എന്റെമേൽ ആധിപത്യം പുലർത്തരുതേ;
അങ്ങനെ ഞാൻ കുറ്റമറ്റവനായിരിക്കും.
അതിക്രമങ്ങളിൽനിന്നു വിമുക്തനുമായിരിക്കും.
14എന്റെ അഭയശിലയും വിമോചകനുമായ സർവേശ്വരാ,
എന്റെ വാക്കുകളും എന്റെ ചിന്തകളും
തിരുസന്നിധിയിൽ സ്വീകാര്യമായിരിക്കേണമേ.

Currently Selected:

SAM 19: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy