സങ്കീര്‍ത്തനങ്ങള്‍ 119:9-16,97-105

സങ്കീര്‍ത്തനങ്ങള്‍ 119:9-16 MALCL-BSI

ഒരു യുവാവിന് എങ്ങനെ നിർമ്മലനായി ജീവിക്കാന്‍ കഴിയും? അവിടുത്തെ വചനപ്രകാരം ജീവിക്കുന്നതിനാൽ തന്നെ. ഞാന്‍ സർവാത്മനാ അങ്ങയെ അന്വേഷിക്കും. അവിടുത്തെ കല്പനകൾ വിട്ടുനടക്കാന്‍ എനിക്ക് ഇടയാകരുതേ. അങ്ങേക്കെതിരെ പാപം ചെയ്യാതിരിക്കാന്‍, അവിടുത്തെ വചനം ഞാന്‍ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. സർവേശ്വരാ, അങ്ങ് വാഴ്ത്തപ്പെടട്ടെ; അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. അവിടുന്നു നല്‌കിയ കല്പനകൾ, ഞാന്‍ പ്രഘോഷിക്കും. സമ്പൽസമൃദ്ധി ഉണ്ടായാലെന്നപോലെ, അവിടുത്തെ കല്പനകൾ അനുസരിക്കുന്നതിൽ ഞാന്‍ സന്തോഷിക്കുന്നു. അവിടുത്തെ പ്രമാണങ്ങൾ ഞാന്‍ ധ്യാനിക്കും. അവിടുത്തെ വഴികളിൽ ഞാന്‍ ദൃഷ്‍ടിയൂന്നും. അവിടുത്തെ ചട്ടങ്ങളിൽ ഞാന്‍ ആനന്ദിക്കുന്നു. അവിടുത്തെ വചനം ഞാന്‍ വിസ്മരിക്കുകയില്ല.
MALCL-BSI: സത്യവേദപുസ്തകം C.L. (BSI)
Share

സങ്കീര്‍ത്തനങ്ങള്‍ 119:97-105 MALCL-BSI

പരമനാഥാ, അവിടുത്തെ ധർമശാസ്ത്രത്തെ ഞാന്‍ എത്രയധികം സ്നേഹിക്കുന്നു; ഇടവിടാതെ ഞാന്‍ അതു ധ്യാനിക്കുന്നു. അവിടുത്തെ കല്പനകൾ എപ്പോഴും എന്നോടുകൂടെയുണ്ട്. അവ എന്നെ എന്‍റെ ശത്രുക്കളെക്കാൾ ജ്ഞാനിയാക്കുന്നു. അവിടുത്തെ കല്പനകൾ ധ്യാനിക്കുന്നതുകൊണ്ട്, എന്‍റെ ഗുരുക്കന്മാരെക്കാൾ ഞാന്‍ അറിവുള്ളവനായിരിക്കുന്നു. ഞാന്‍ അവിടുത്തെ പ്രമാണങ്ങൾ പാലിക്കുന്നതുകൊണ്ട്, വയോധികരിലും വിവേകമുള്ളവനായി തീർന്നിരിക്കുന്നു. അങ്ങയുടെ വചനം അനുസരിക്കാന്‍വേണ്ടി, എല്ലാ ദുർമാർഗങ്ങളിൽനിന്നും ഞാന്‍ പിന്തിരിയുന്നു. ഞാന്‍ അങ്ങയുടെ കല്പനകളിൽനിന്നു വ്യതിചലിച്ചിട്ടില്ല. അങ്ങാണല്ലോ അവ എന്നെ പഠിപ്പിച്ചത്. അങ്ങയുടെ വചനം എനിക്ക് എത്ര മധുരം! അവ എന്‍റെ വായ്‍ക്ക് തേനിനെക്കാൾ മധുരമുള്ളത്. അങ്ങയുടെ പ്രമാണങ്ങളിലൂടെയാണു ഞാന്‍ വിവേകം നേടുന്നത്. അതുകൊണ്ടു ദുഷ്ടമാർഗങ്ങളോട് എനിക്കു വെറുപ്പാണ്. അങ്ങയുടെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്‍ക്കു പ്രകാശവുമാകുന്നു.
MALCL-BSI: സത്യവേദപുസ്തകം C.L. (BSI)
Share

സങ്കീര്‍ത്തനങ്ങള്‍ 119:9-16,97-105

Share