YouVersion Logo
Search Icon

SAM 109

109
പീഡിതന്റെ ആവലാതി
ഗായകസംഘനേതാവിന്; ദാവീദിന്റെ സങ്കീർത്തനം
1ദൈവമേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു;
അവിടുന്നു മൗനമായിരിക്കരുതേ.
2ദുഷ്ടരും വഞ്ചകരും എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു.
അവർ എനിക്കെതിരെ നുണ ചൊരിയുന്നു.
3വിദ്വേഷം നിറഞ്ഞ വാക്കുകൾകൊണ്ട് അവർ എന്നെ വളയുന്നു.
കാരണം കൂടാതെ എന്നെ ആക്രമിക്കുന്നു.
4ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു.
ഞാൻ അവരെ സ്നേഹിക്കുന്നു.
എന്നിട്ടും അവർ എനിക്കെതിരെ ദോഷം ആരോപിക്കുന്നു.
5നന്മയ്‍ക്കു പകരം തിന്മയും
സ്നേഹത്തിനു പകരം ദ്വേഷവും അവർ എനിക്കു നല്‌കുന്നു.
6എന്റെ ശത്രുവിനെതിരെ ഒരു ദുഷ്ടനെ നിയോഗിക്കണമേ.
അവന്റെ കുറ്റാരോപണം അവനെ വിചാരണയിൽ നിർത്തട്ടെ.
7വിസ്തരിക്കപ്പെടുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ.
അവന്റെ പ്രാർഥന പാപമായി കണക്കാക്കപ്പെടട്ടെ.
8അവന്റെ ആയുസ്സ് ചുരുങ്ങിപ്പോകട്ടെ.
അവന്റെ സമ്പത്ത് ആരെങ്കിലും കൈയടക്കട്ടെ.
9അവന്റെ മക്കൾ അനാഥരും
അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ.
10അവന്റെ സന്തതികൾ യാചകരായി അലഞ്ഞുതിരിയട്ടെ.
അവർ സങ്കേതമാക്കുന്ന ജീർണാവശിഷ്ടങ്ങൾക്കിടയിൽനിന്ന് അവർ തുരത്തപ്പെടട്ടെ.
11അവനുള്ളതെല്ലാം കടക്കാർ പിടിച്ചെടുക്കട്ടെ.
അവന്റെ അധ്വാനഫലം അന്യർ അപഹരിക്കട്ടെ.
12അവനോടു കരുണ കാട്ടാൻ ആരും ഉണ്ടാകാതിരിക്കട്ടെ.
അവന്റെ അനാഥരായ മക്കളോട് ആർക്കും അലിവു തോന്നാതിരിക്കട്ടെ.
13അവന്റെ വംശം ഇല്ലാതാകട്ടെ.
അടുത്ത തലമുറപോലും അവനെ ഓർക്കാതിരിക്കട്ടെ.
14അവന്റെ പിതാക്കന്മാരുടെ അകൃത്യങ്ങൾ സർവേശ്വരൻ ഓർക്കട്ടെ.
അവന്റെ മാതാവിന്റെ പാപം അവിടുന്നു ക്ഷമിക്കാതിരിക്കട്ടെ.
15അവരുടെ പാപം സർവേശ്വരൻ എപ്പോഴും ഓർക്കട്ടെ.
അവരുടെ സ്മരണ ഭൂമിയിൽനിന്ന് ഇല്ലാതാക്കട്ടെ.
16അവൻ ദരിദ്രനോടും എളിയവനോടും മനം തകർന്നവനോടും
കരുണ കാട്ടുന്നതിനു പകരം അവരെ മരണപര്യന്തം പീഡിപ്പിച്ചു.
17ശപിക്കുന്നത് അവന് പ്രിയമായിരുന്നു;
ശാപം അവന്റെമേൽ പതിക്കട്ടെ.
അനുഗ്രഹിക്കുന്നത് അവന് ഇഷ്ടമില്ലായിരുന്നു.
അവനെ ആരും അനുഗ്രഹിക്കാതിരിക്കട്ടെ.
18ശാപോക്തികളായിരുന്നു അവന്റെ മേലങ്കി.
അതു വെള്ളംപോലെ അവന്റെ ശരീരത്തിലേക്കും
എണ്ണപോലെ അസ്ഥികളിലേക്കും ഇറങ്ങിച്ചെല്ലട്ടെ.
19അത് അവൻ ധരിക്കുന്ന അങ്കിപോലെയും
എന്നും കെട്ടുന്ന അരക്കച്ചപോലെയും ആയിരിക്കട്ടെ.
20എന്റെമേൽ കുറ്റം ആരോപിക്കുന്നവർക്കും
എനിക്കെതിരെ ദോഷം പറയുന്നവർക്കും
സർവേശ്വരൻ നല്‌കുന്ന ശിക്ഷ ഇതായിരിക്കട്ടെ.
21എന്റെ ദൈവമായ സർവേശ്വരാ,
അവിടുത്തെ നാമത്തിനൊത്തവിധം എന്നോട് ഇടപെടണമേ.
അവിടുത്തെ അചഞ്ചലസ്നേഹത്തിനും നന്മയ്‍ക്കും
ചേർന്നവിധം എന്നെ വിടുവിക്കണമേ.
22ഞാൻ എളിയവനും ദരിദ്രനുമാണ്.
എന്റെ ഹൃദയം തകർന്നിരിക്കുന്നു.
23സായാഹ്നത്തിലെ നിഴൽപോലെ ഞാൻ കടന്നുപോകുന്നു.
വെട്ടുക്കിളിയെപ്പോലെ ഞാൻ തൂത്തെറിയപ്പെടുന്നു.
24ഉപവാസംകൊണ്ട് എന്റെ കാൽമുട്ടുകൾ ദുർബലമായിരിക്കുന്നു.
എന്റെ ശരീരം ശോഷിച്ചിരിക്കുന്നു.
25എന്റെമേൽ കുറ്റമാരോപിക്കുന്നവർക്ക് ഞാൻ നിന്ദാപാത്രമായിത്തീർന്നിരിക്കുന്നു.
അവർ എന്നെ പരിഹസിച്ചു തല കുലുക്കുന്നു.
26എന്റെ ദൈവമായ സർവേശ്വരാ, എന്നെ സഹായിക്കണമേ.
അവിടുത്തെ അചഞ്ചലസ്നേഹത്തിനൊത്ത വിധം എന്നെ രക്ഷിക്കണമേ.
27പരമനാഥാ, അവിടുന്നാണു പ്രവർത്തിച്ചതെന്ന്,
അതേ, അവിടുന്നാണ് എന്നെ രക്ഷിച്ചതെന്ന്,
എന്റെ ശത്രുക്കൾ അറിയട്ടെ.
28അവർ എന്നെ ശപിച്ചുകൊള്ളട്ടെ,
എന്നാൽ അവിടുന്ന് എന്നെ അനുഗ്രഹിക്കണമേ.
എന്റെ ശത്രുക്കൾ ലജ്ജിതരാകട്ടെ.
അങ്ങയുടെ ഈ ദാസൻ സന്തോഷിക്കട്ടെ.
29എന്റെമേൽ കുറ്റമാരോപിക്കുന്നവർ നിന്ദ ധരിക്കട്ടെ.
പുതപ്പെന്നപോലെ ലജ്ജ അവരെ മൂടട്ടെ.
30ഞാൻ സർവേശ്വരന് ഏറെ സ്തോത്രം അർപ്പിക്കും.
ജനമധ്യത്തിൽ നിന്നുകൊണ്ടു ഞാൻ അവിടുത്തെ പ്രകീർത്തിക്കും.
31മരണത്തിനു വിധിക്കുന്നവരിൽനിന്ന് എളിയവനെ രക്ഷിക്കാൻ
അവിടുന്നു അവന്റെ വലത്തുവശത്തു നില്‌ക്കുന്നു.

Currently Selected:

SAM 109: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy