YouVersion Logo
Search Icon

THUFINGTE 5

5
വ്യഭിചാരത്തിനെതിരെ മുന്നറിയിപ്പ്
1മകനേ, ജ്ഞാനോപദേശം ശ്രദ്ധിക്കുക.
എന്റെ വിജ്ഞാന വചസ്സുകൾക്ക് ചെവികൊടുക്കുക.
2അപ്പോൾ നീ വകതിരിവു പുലർത്തും;
നിന്റെ ഭാഷണം പരിജ്ഞാനപൂർണമായിത്തീരും.
3വ്യഭിചാരിണിയുടെ ചുണ്ടുകൾ തേൻ പൊഴിക്കുന്നു.
അവളുടെ മൊഴികൾ എണ്ണയെക്കാൾ മയമുള്ളത്.
4ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്പും
ഇരുവായ്ത്തലയുള്ള വാൾപോലെ മൂർച്ചയുള്ളവളും ആയിരിക്കും.
5അവളുടെ പാദങ്ങൾ മരണത്തിലേക്ക് ഇറങ്ങുന്നു
അവളുടെ കാലടികൾ പാതാളത്തിലേക്കു ചരിക്കുന്നു.
6ജീവന്റെ മാർഗത്തെ അവൾ അനുഗമിക്കുന്നില്ല;
അവളുടെ വഴികൾ പിഴച്ചു പോകുന്നു, അത് അവൾ അറിയുന്നില്ല.
7മക്കളേ, എന്റെ വാക്കു കേൾക്കുക;
എന്റെ വചനങ്ങളിൽനിന്ന് വ്യതിചലിക്കയുമരുത്.
8ദുർവൃത്തരിൽനിന്ന് അകന്നു മാറുക;
അവളുടെ വീട്ടുവാതില്‌ക്കൽ ചെല്ലരുത്.
9അങ്ങനെ ചെന്നാൽ നിങ്ങളുടെ മാനം നഷ്ടപ്പെടും;
നിഷ്ഠുരന്മാർ നിങ്ങളുടെ ജീവൻ അപഹരിക്കുകയും ചെയ്യും.
10അപരിചിതർ നിങ്ങളുടെ സമ്പത്തുകൊണ്ടു പുഷ്‍ടിപ്പെടും;
നിങ്ങളുടെ അധ്വാനഫലം അന്യന്മാരുടേതായിത്തീരും.
11അവസാനം നീ വിശന്നുപൊരിഞ്ഞ്,
എല്ലും തോലുമായി നെടുവീർപ്പിട്ടുകൊണ്ടു പറയും:
12“ഞാൻ ശിക്ഷണത്തെ അത്യധികം വെറുത്തുവല്ലോ;
ശാസനയെ നിരസിച്ചല്ലോ.
13എന്റെ ഉപദേഷ്ടാക്കളുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചില്ല;
ഗുരുക്കന്മാരുടെ പ്രബോധനത്തിനു ചെവി കൊടുത്തതുമില്ല.
14സമൂഹമധ്യേ ഞാൻ തീർത്തും നിന്ദിതനായി തീർന്നിരിക്കുന്നു.”
15സ്വന്തം ഭാര്യയോടു നീ വിശ്വസ്തത പുലർത്തുക,
നിന്റെ സ്നേഹം അവൾക്കു മാത്രം നല്‌കുക.
16നിന്റെ ഭാര്യയിലല്ലാതെ നിനക്കു മക്കൾ ഉണ്ടാകണമോ?
സ്വഭവനത്തിലല്ലാതെ വേറെയും സന്താനങ്ങൾ തെരുവീഥികളിൽ നിനക്കു ജനിക്കണമോ?
17നിന്റെ മക്കൾ നിൻറേതു മാത്രം ആയിരിക്കട്ടെ,
അന്യർക്കു കൂടി അവർ അവകാശപ്പെടാതിരിക്കട്ടെ.
18നിന്റെ ഭാര്യ അനുഗൃഹീതയായിരിക്കട്ടെ;
നിന്റെ യൗവനത്തിലെ ഭാര്യയിൽ ആനന്ദംകൊള്ളുക.
19അവൾ മെയ്യഴകുള്ള പേടമാൻ;
ചാരുതയാർന്ന മാൻകിടാവ്.
അവളുടെ പ്രേമം നിന്നെ രമിപ്പിക്കട്ടെ,
അവളുടെ സ്നേഹത്താൽ നീ എപ്പോഴും മതിമറക്കട്ടെ.
20മകനേ, വ്യഭിചാരിണിയിൽ നീ ഭ്രമിച്ചു വശാകുന്നതെന്ത്?
അവളുടെ മാറിടത്തെ തഴുകുന്നതെന്ത്?
21മനുഷ്യന്റെ പ്രവൃത്തികളെല്ലാം സർവേശ്വരൻ കാണുന്നു;
അവന്റെ വഴികളെല്ലാം അവിടുന്നു പരിശോധിക്കുന്നു.
22സ്വന്തം അധർമങ്ങൾ ദുഷ്ടനെ കെണിയിൽ വീഴ്ത്തുന്നു,
സ്വന്തം പാശങ്ങളിൽതന്നെ അവൻ അകപ്പെടുന്നു.
23ശിക്ഷണരാഹിത്യത്താൽ അവൻ മരിക്കുന്നു.
വൻഭോഷത്തത്താൽ അവൻ നശിക്കുന്നു.

Currently Selected:

THUFINGTE 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy