YouVersion Logo
Search Icon

THUFINGTE 26

26
1വേനൽക്കാലത്തു മഞ്ഞും കൊയ്ത്തുകാലത്തു മഴയുംപോലെ
ഭോഷനു ബഹുമതി ചേരുകയില്ല.
2പാറിപ്പറക്കുന്ന കുരുവിയും തെന്നിപ്പറക്കുന്ന മീവൽപക്ഷിയും
എങ്ങും തങ്ങാത്തതുപോലെ,
അകാരണമായ ശാപവർഷം ആരിലും ഏശുകയില്ല.
3കുതിരയെ നിയന്ത്രിക്കാൻ ചാട്ട,
കഴുതയ്‍ക്കു കടിഞ്ഞാൺ, ഭോഷന്റെ മുതുകിനു വടി.
4നീ മൂഢനെപ്പോലെ ആകാതിരിക്കാൻ
അവന്റെ ഭോഷത്തത്തിനു മറുപടി കൊടുക്കാതിരിക്കുക.
5ഭോഷന്റെ ഭോഷത്തത്തിന് അർഹിക്കുന്ന മറുപടി പറയുക.
അല്ലെങ്കിൽ താൻ ജ്ഞാനിയെന്ന് അവൻ കരുതും.
6മൂഢന്റെ കൈയിൽ സന്ദേശം
കൊടുത്തയയ്‍ക്കുന്നവൻ സ്വന്തം കാലു മുറിച്ചുകളകയും,
വിപത്തു ക്ഷണിച്ചു വരുത്തുകയുമാണു ചെയ്യുന്നത്.
7ഭോഷന്മാരുടെ നാവിലെ സുഭാഷിതങ്ങൾ,
മുടന്തന്റെ നിരുപയോഗമായ കാലുകൾ പോലെയാണ്.
8മൂഢനു ബഹുമതി നല്‌കുന്നവൻ,
കവിണയിൽ കല്ലു ബന്ധിക്കുന്നവനെപ്പോലെ ആണ്.
9ഭോഷന്മാർ ഉപയോഗിക്കുന്ന സുഭാഷിതം
മദ്യപന്റെ കൈയിൽ തറച്ച മുള്ളുപോലെയാകുന്നു.
10വഴിയേ പോകുന്ന വിഡ്ഢിയെയോ മദ്യപനെയോ കൂലിക്കു നിർത്തുന്നവൻ,
കാണുന്നവരെയൊക്കെ മുറിവേല്പിക്കുന്ന വില്ലാളിക്കു തുല്യനാണ്.
11ഛർദിക്കുന്നതു സ്വയം ഭക്ഷിക്കുന്ന നായെപ്പോലെ
ഭോഷൻ വിഡ്ഢിത്തം ആവർത്തിക്കുന്നു.
12ജ്ഞാനിയെന്നു സ്വയം ഭാവിക്കുന്നവനിലും അധികം
ഒരു മൂഢനെക്കുറിച്ചു പ്രത്യാശിക്കാൻ വകയുണ്ട്.
13“വഴിയിൽ സിംഹമുണ്ട്, തെരുവീഥിയിൽ സിംഹമുണ്ട്” എന്നിങ്ങനെ മടിയൻ പറയും.
14കതകു വിജാഗിരിയിൽ തിരിയുന്നതുപോലെ
മടിയൻ കിടക്കയിൽ കിടന്നു തിരിയുന്നു.
15മടിയൻ തളികയിൽ കൈ പൂഴ്ത്തുന്നു.
അതു വായിലേക്കു കൊണ്ടുപോകാൻ അവനു മടിയാണ്.
16ബുദ്ധിപൂർവം ഉത്തരം പറയാൻ കഴിയുന്ന ഏഴു പേരെക്കാൾ
താൻ ബുദ്ധിമാനെന്നു മടിയൻ സ്വയം ഭാവിക്കുന്നു.
17അന്യരുടെ കലഹത്തിൽ ഇടപെടുന്നവൻ
വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനു തുല്യൻ.
18അയൽക്കാരനെ വഞ്ചിച്ചശേഷം
‘ഇതൊരു തമാശ’ എന്നു പറയുന്നവൻ
19അസ്ത്രവും കൊലയും തീക്കൊള്ളിയും വിതറുന്ന ഭ്രാന്തനു സമൻ.
20വിറകില്ലാഞ്ഞാൽ തീ കെട്ടുപോകും;
ഏഷണിക്കാരൻ ഇല്ലെങ്കിൽ വഴക്കും ഇല്ലാതെയാകും.
21കൽക്കരി തീക്കനലിനും വിറകു തീക്കും എന്നപോലെ
കലഹപ്രിയൻ ശണ്ഠ ജ്വലിപ്പിക്കുന്നു.
22ഏഷണിക്കാരന്റെ വാക്കുകൾ സ്വാദിഷ്ഠമായ ഭോജ്യംപോലെയാണ്.
അവ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
23ദുഷ്ടഹൃദയന്റെ മൃദുലഭാഷണം വിലകുറഞ്ഞ മൺപാത്രത്തിന്റെ
പുറമെയുള്ള മിനുസംപോലെയാണ്.
24വിദ്വേഷമുള്ളവൻ പുറമേ വാക്കുകൊണ്ടു സ്നേഹം നടിക്കുന്നു;
ഉള്ളിലാകട്ടെ വഞ്ചന വച്ചുപുലർത്തുന്നു.
25ഇമ്പമായി സംസാരിക്കുമ്പോഴും അവനെ വിശ്വസിക്കരുത്.
അവന്റെ ഹൃദയത്തിൽ വിദ്വേഷം നിറഞ്ഞിരിക്കുന്നു.
26കാപട്യംകൊണ്ട് ഉള്ളിലെ വിദ്വേഷം മറച്ചുവച്ചാലും
ജനമധ്യത്തിൽ വച്ച് അവന്റെ ദുഷ്ടത വെളിപ്പെടും.
27താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീഴും.
താൻ ഉരുട്ടി വീഴ്ത്തുന്ന കല്ല് തന്റെമേൽ തന്നെ പതിക്കും.
28അസത്യം പറയുന്നവൻ അതിനിരയാകുന്നവരെ ദ്വേഷിക്കും;
മുഖസ്തുതി നാശം വരുത്തിവയ്‍ക്കുന്നു.

Currently Selected:

THUFINGTE 26: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy