YouVersion Logo
Search Icon

THUFINGTE 21

21
1സർവേശ്വരൻ നിയന്ത്രിക്കുന്ന നീർച്ചാലാണ് രാജാവിന്റെ ഹൃദയം;
അവിടുന്ന് അതു തനിക്ക് ഇഷ്ടമുള്ള ഇടത്തേക്കു തിരിച്ചുവിടുന്നു.
2തന്റെ എല്ലാ വഴികളും ശരിയാണെന്നു മനുഷ്യനു തോന്നുന്നു.
എന്നാൽ സർവേശ്വരൻ ഹൃദയം തൂക്കി നോക്കുന്നു.
3നീതിയും ന്യായവും പ്രവർത്തിക്കുന്നതാണു സർവേശ്വരനു യാഗത്തെക്കാൾ സ്വീകാര്യം.
4ഗർവിഷ്ഠ നയനങ്ങളും അഹങ്കാരഹൃദയവുമാണ് ദുഷ്ടരെ നയിക്കുന്നത്.
അവ പാപകരമത്രേ.
5ഉത്സാഹശീലന്റെ പദ്ധതികൾ നിശ്ചയമായും സമൃദ്ധിയിലേക്കു നയിക്കും,
എന്നാൽ തിടുക്കക്കാരൻ ദാരിദ്ര്യത്തിൽ അകപ്പെടും.
6വ്യാജംകൊണ്ടു നേടുന്ന ധനം നീരാവിയും മരണക്കെണിയുംതന്നെ.
7ദുഷ്ടരുടെ അക്രമം അവരെ പിഴുതെറിയും
ന്യായം പ്രവർത്തിക്കാൻ അവർ വിസമ്മതിക്കുന്നുവല്ലോ.
8അപരാധം ചെയ്യുന്നവന്റെ വഴി വക്രമാണ്;
എന്നാൽ നിർമ്മലന്റെ പെരുമാറ്റം നേരുള്ളതത്രേ.
9കലഹപ്രിയയായ സ്‍ത്രീയുമൊത്ത് വീട്ടിൽ ഒരുമിച്ചു കഴിയുന്നതിലും ഭേദം,
മട്ടുപ്പാവിന്റെ കോണിൽ കഴിഞ്ഞുകൂടുകയാണ്.
10ദുഷ്ടൻ തിന്മ അഭിലഷിക്കുന്നു;
അവൻ അയൽക്കാരോടു കാരുണ്യം കാണിക്കുന്നില്ല.
11പരിഹാസി ശിക്ഷിക്കപ്പെടുന്നതു കണ്ട്,
അറിവില്ലാത്തവൻ ജ്ഞാനിയായിത്തീരുന്നു.
പ്രബോധനംകൊണ്ടു ജ്ഞാനി അറിവു നേടുന്നു.
12നീതിമാൻ ദുഷ്ടന്റെ ഭവനത്തെ നിരീക്ഷിക്കുന്നു,
ദുഷ്ടൻ നാശത്തിലേക്കു തള്ളപ്പെടുന്നു.
13എളിയവൻ നിലവിളിക്കുമ്പോൾ ശ്രദ്ധിക്കാത്തവന്റെ കരച്ചിൽ ആരും കേൾക്കുകയില്ല.
14രഹസ്യസമ്മാനം കോപം ശമിപ്പിക്കുന്നു,
മടിയിൽ തിരുകി കൊടുക്കുന്ന കൈക്കൂലി കടുത്ത രോഷം ഒഴിവാക്കുന്നു.
15നീതി പ്രവർത്തിക്കുന്നതു നീതിമാന്മാർക്ക് സന്തോഷവും
ദുർജനത്തിനു പരിഭ്രാന്തിയും ഉളവാക്കുന്നു.
16വിവേകമാർഗം വെടിഞ്ഞ് അലയുന്നവൻ മൃതരുടെ ഇടയിൽ കഴിയും.
17സുഖലോലുപൻ ദരിദ്രനായിത്തീരും;
വീഞ്ഞിലും സുഗന്ധതൈലത്തിലും ആസക്തിയുള്ളവൻ സമ്പന്നനാകുകയില്ല.
18ദുഷ്ടൻ നീതിമാന്റെയും അവിശ്വസ്തൻ സത്യസന്ധന്റെയും മോചനദ്രവ്യം.
19കലഹപ്രിയയും ശുണ്ഠിക്കാരിയുമായ
സ്‍ത്രീയുമൊത്തു കഴിയുന്നതിൽ ഭേദം വിജനപ്രദേശത്തു പാർക്കുകയാണ്.
20ജ്ഞാനിയുടെ പാർപ്പിടത്തിൽ #21:20 അമൂല്യ നിക്ഷേപം = അമൂല്യ നിക്ഷേപവും തൈലവുമുണ്ട് എന്നു മൂലഭാഷയിൽ.അമൂല്യ നിക്ഷേപമുണ്ട്;
മൂഢനാകട്ടെ അതു ധൂർത്തടിച്ചുകളയുന്നു.
21നീതിയുടെയും വിശ്വസ്തതയുടെയും മാർഗം
സ്വീകരിക്കുന്നവൻ ജീവനും ബഹുമതിയും നേടും.
22ജ്ഞാനി കരുത്തന്മാരുടെ നഗരം ഭേദിച്ച്
അവർ സുരക്ഷിതമെന്നു കരുതിയിരുന്ന കോട്ട ഇടിച്ചു നിരത്തും.
23തന്റെ വാക്കുകൾ നിയന്ത്രിക്കുന്നവൻ
അനർഥങ്ങളിൽനിന്നു സ്വയം രക്ഷിക്കുന്നു.
24അഹങ്കാരവും ധിക്കാരവും ഉള്ളവന്റെ പേര് പരിഹാസി എന്നാണ്.
അവൻ ആരെയും കൂസാതെ അഹങ്കാരത്തോടെ വർത്തിക്കുന്നു.
25മടിയന്റെ ആഗ്രഹങ്ങൾ അവനെ കൊല്ലുന്നു.
അവൻ അധ്വാനിക്കാൻ വിസമ്മതിക്കുന്നുവല്ലോ.
26ദുഷ്ടൻ എന്നും ദുരാഗ്രഹത്തോടെ കഴിയുന്നു,
നീതിനിഷ്ഠനാകട്ടെ, നിർലോഭം കൊടുക്കുന്നു.
27ദുഷ്ടന്മാരുടെ യാഗം സർവേശ്വരനു വെറുപ്പാണ്;
അതു ദുരുദ്ദേശ്യത്തോടെ അർപ്പിക്കുമ്പോൾ വെറുപ്പ് എത്ര അധികമായിരിക്കും.
28കള്ളസ്സാക്ഷി നശിച്ചുപോകും;
എന്നാൽ പ്രബോധനം ശ്രദ്ധയോടെ അനുസരിക്കുന്നവന്റെ വാക്കുകൾ നിലനില്‌ക്കും.
29ദുഷ്ടൻ ധീരഭാവം കാട്ടുന്നു;
നേരുള്ളവൻ തന്റെ വഴി ഭദ്രമാക്കുന്നു.
30ജ്ഞാനമോ, ബുദ്ധിയോ, ആലോചനയോ
സർവേശ്വരനെതിരെ വിലപ്പോവുകയില്ല.
31യുദ്ധത്തിനു കുതിരയെ സജ്ജമാക്കുന്നു;
എന്നാൽ വിജയം സർവേശ്വരൻറേതത്രേ.

Currently Selected:

THUFINGTE 21: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy