YouVersion Logo
Search Icon

THUFINGTE 19

19
1ദുർഭാഷണം നടത്തുന്ന ഭോഷനിലും മെച്ചം
സത്യസന്ധമായി ജീവിക്കുന്ന ദരിദ്രനാണ്.
2പരിജ്ഞാനമില്ലാതെ കഴിയുന്നതു നന്നല്ല;
തിടുക്കം കൂട്ടുന്നവനു ചുവടു പിഴയ്‍ക്കും.
3ഭോഷത്തംകൊണ്ടു ചിലർ വിനാശം വരുത്തുന്നു,
പിന്നീട് അവർ സർവേശ്വരനെതിരെ രോഷം കൊള്ളുന്നു.
4സമ്പത്ത് അനേകം സ്നേഹിതരെ ഉണ്ടാക്കുന്നു;
എന്നാൽ ദരിദ്രനെ സ്നേഹിതർപോലും കൈവെടിയുന്നു.
5കള്ളസ്സാക്ഷിക്കു ശിക്ഷ ലഭിക്കാതിരിക്കയില്ല,
വ്യാജം പറയുന്നവൻ രക്ഷപെടുകയും ഇല്ല.
6ഉദാരമനസ്കന്റെ പ്രീതി സമ്പാദിക്കാൻ പലരും നോക്കുന്നു;
ദാനം ചെയ്യുന്നവന് എല്ലാവരും സ്നേഹിതന്മാരാണ്.
7ദരിദ്രന്റെ സഹോദരന്മാർപോലും അവനെ വെറുക്കുന്നു.
അങ്ങനെയെങ്കിൽ സ്നേഹിതന്മാർ അവനോട് എത്രയധികം അകന്നു നില്‌ക്കും?
നല്ല വാക്കുമായി പുറകേ ചെന്നാലും ആരും അവനോടു കൂടുകയില്ല.
8ജ്ഞാനം സമ്പാദിക്കുന്നവൻ തന്നെത്തന്നെ സ്നേഹിക്കുന്നു;
വിവേകം പാലിക്കുന്നവന് ഐശ്വര്യം ഉണ്ടാകും.
9കള്ളസ്സാക്ഷിക്കു ശിക്ഷ ലഭിക്കാതിരിക്കുകയില്ല;
വ്യാജം പറയുന്നവൻ നശിക്കും.
10ആഢംബരജീവിതം ഭോഷൻ അർഹിക്കുന്നില്ല.
പ്രഭുക്കന്മാരെ ഭരിക്കാൻ അടിമയ്‍ക്ക് അത്രപോലും അർഹതയില്ല.
11വകതിരിവു ക്ഷിപ്രകോപം നിയന്ത്രിക്കും;
അപരാധം പൊറുക്കുന്നതു ശ്രേയസ്കരം.
12രാജാവിന്റെ ഉഗ്രകോപം സിംഹഗർജനം പോലെയാണ്;
എന്നാൽ അദ്ദേഹത്തിന്റെ പ്രസാദം
പുൽക്കൊടിയിലെ മഞ്ഞുതുള്ളിപോലെ ആകുന്നു.
13മൂഢനായ മകൻ പിതാവിനു നാശം വരുത്തുന്നു;
ഭാര്യയുടെ കലഹം നിലയ്‍ക്കാത്ത ചോർച്ചപോലെയാണ്;
14വീടും സമ്പത്തും പൈതൃകമായി ലഭിക്കുന്നു;
വിവേകമുള്ള ഭാര്യയോ സർവേശ്വരന്റെ ദാനം.
15അലസത ഗാഢനിദ്രയിൽ ആഴ്ത്തുന്നു;
മടിയൻ പട്ടിണി കിടക്കും.
16കല്പന പാലിക്കുന്നവൻ സ്വന്തജീവനെ കാക്കുന്നു;
അവയെ അവഗണിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു.
17എളിയവനോടു ദയ കാട്ടുന്നവൻ സർവേശ്വരനു കടം കൊടുക്കുന്നു.
അവന്റെ പ്രവൃത്തിക്ക് അവിടുന്നു പ്രതിഫലം നല്‌കും.
18നന്നാകുമെന്ന പ്രതീക്ഷയുള്ളിടത്തോളം മകനു ശിക്ഷണം നല്‌കുക.
അവന്റെ നാശത്തിനു നീ കാരണമാകരുത്.
19ഉഗ്രകോപി അതിനുള്ള പിഴ ഒടുക്കേണ്ടിവരും;
നീ അവനെ വിടുവിച്ചാൽ അത് ആവർത്തിക്കേണ്ടിവരും.
20നീ ജ്ഞാനിയായിത്തീരേണ്ടതിന് ഉപദേശം ശ്രദ്ധിക്കുകയും
പ്രബോധനം സ്വീകരിക്കുകയും ചെയ്യുക.
21മനുഷ്യൻ പല കാര്യങ്ങൾ ആലോചിച്ചു വയ്‍ക്കുന്നു;
എന്നാൽ സർവേശ്വരന്റെ ഉദ്ദേശ്യങ്ങളാണ് നിറവേറ്റപ്പെടുക.
22ആരിലും നാം ആഗ്രഹിക്കുന്നതു വിശ്വസ്തതയാണ്.
ദരിദ്രനാണു വ്യാജം പറയുന്നവനെക്കാൾ ഉത്തമൻ.
23ദൈവഭക്തി ജീവനിലേക്കു നയിക്കുന്നു;
അതുള്ളവൻ സംതൃപ്തനായിരിക്കും;
അനർഥം അവനെ സമീപിക്കുകയില്ല.
24മടിയൻ ഭക്ഷണപാത്രത്തിൽ കൈ താഴ്ത്തുന്നെങ്കിലും
വായിലേക്ക് അതു കൊണ്ടുപോകുന്നില്ല.
25പരിഹാസി അടി ഏല്‌ക്കുന്നതു കണ്ടാൽ ബുദ്ധിഹീനൻ വിവേകം പഠിക്കും;
ബുദ്ധിയുള്ളവനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
26പിതാവിനോട് അതിക്രമം കാട്ടുകയും
അമ്മയെ ആട്ടി ഓടിക്കുകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്നു.
27മകനേ, ജ്ഞാനവചസ്സുകളെ വിട്ടുമാറണമെന്ന ഉപദേശം കേൾക്കാതിരിക്കുക.
28വിലകെട്ട സാക്ഷി നീതിയെ പുച്ഛിക്കുന്നു;
ദുഷ്ടൻ അധർമം വിഴുങ്ങുന്നു.
29പരിഹാസികൾക്കു ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന് അടിയും ഒരുക്കിയിട്ടുണ്ട്.

Currently Selected:

THUFINGTE 19: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy