YouVersion Logo
Search Icon

FILIPI 4

4
ചില നിർദേശങ്ങൾ
1അതുകൊണ്ട്, എന്റെ സഹോദരരേ, നിങ്ങൾ എനിക്ക് എത്ര വാത്സല്യമുള്ളവരാണ്! നിങ്ങളെ കാണുവാൻ ഞാൻ എത്രകണ്ട് അഭിവാഞ്ഛിക്കുന്നു! എന്റെ സന്തോഷവും എന്റെ കിരീടവുമായ പ്രിയരേ, ഇങ്ങനെ നിങ്ങൾ കർത്താവിൽ ഉറച്ചുനില്‌ക്കുക.
2കർത്താവിൽ ഏകമനസ്സുള്ളവരായി വർത്തിക്കണമെന്ന് ഞാൻ യുവൊദ്യയോടും സുന്തുക്കയോടും അഭ്യർഥിക്കുന്നു. 3എന്റെ ആത്മസുഹൃത്തേ, ആ സ്‍ത്രീകളെ സഹായിക്കണമെന്ന് ഞാൻ നിന്നോടപേക്ഷിക്കുന്നു. ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ട ക്ലെമൻറിനോടും മറ്റു സഹപ്രവർത്തകരോടുംകൂടി, സുവിശേഷഘോഷണത്തിൽ എന്നോടൊത്ത് അധ്വാനിച്ചവരാണല്ലോ അവർ.
4നിങ്ങൾ എപ്പോഴും കർത്താവിൽ ആനന്ദിക്കുക; വീണ്ടും ഞാൻ പറയുന്നു, ആനന്ദിക്കുക.
5നിങ്ങളുടെ സൗമ്യമനോഭാവം എല്ലാവരും അറിയട്ടെ. ഇതാ, കർത്താവു വേഗം വരുന്നു. 6ഒന്നിനെക്കുറിച്ചും ആകുലചിത്തരാകേണ്ടതില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃതജ്ഞതാസ്തോത്രത്തോടുകൂടി പ്രാർഥനയിലൂടെയും വിനീതമായ അഭ്യർഥനയിലൂടെയും ദൈവത്തെ അറിയിക്കുക. 7അപ്പോൾ മനുഷ്യന്റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവിൽ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും.
ഇവയെക്കുറിച്ചു ചിന്തിക്കുക
8അവസാനമായി സഹോദരരേ, സത്യമായും, വന്ദ്യമായും, നീതിയുക്തമായും, നിർമ്മലമായും, സുന്ദരമായും, ശ്രേഷ്ഠമായും, വിശിഷ്ടമായും, പ്രശംസാർഹമായും എന്തൊക്കെയുണ്ടോ, അവയെക്കുറിച്ചു ചിന്തിച്ചുകൊള്ളുക. 9എന്നിൽനിന്നു നിങ്ങൾ പഠിച്ചതും, സ്വീകരിച്ചതും, കേട്ടതും, എന്നിൽ നിങ്ങൾ കണ്ടതുമായ കാര്യങ്ങൾ ചെയ്യുക; അപ്പോൾ സമാധാനപ്രദനായ ദൈവം നിങ്ങളോടുകൂടി ഉണ്ടായിരിക്കും.
ഉദാരസംഭാവനയ്‍ക്കു നന്ദി
10എന്നെക്കുറിച്ചുള്ള നിങ്ങളുടെ താത്പര്യം ഇപ്പോഴും സജീവമായിരിക്കുന്നതിനാൽ കർത്താവിനോട് ഐക്യപ്പെട്ടുള്ള എന്റെ ജീവിതത്തിൽ ഞാൻ അത്യധികം ആനന്ദിക്കുന്നു. യഥാർഥത്തിൽ നിങ്ങൾ എന്നും എന്റെ കാര്യത്തിൽ തത്പരരായിരുന്നു. പക്ഷേ, നിങ്ങളുടെ താത്പര്യം പ്രകടിപ്പിക്കുവാനുള്ള അവസരം മുമ്പുണ്ടായിട്ടില്ല. 11എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടല്ല ഞാനിതു പറയുന്നത്. ഏതവസ്ഥയിലും സംതൃപ്തനായിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. 12സുഭിക്ഷതയിലും ദുർഭിക്ഷതയിലും കഴിയാൻ എനിക്കറിയാം. എന്നല്ല എല്ലാ സാഹചര്യങ്ങളിലും, വിഭവസമൃദ്ധിയെയും വിശപ്പിനെയും, ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും അഭിമുഖീകരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. 13എന്നെ ശക്തനാക്കുന്നവൻ മുഖേന എല്ലാം ചെയ്യുവാൻ എനിക്കു കഴിയും.
14എന്നിരുന്നാലും എന്റെ പ്രയാസത്തിൽ പങ്കുചേർന്ന് നിങ്ങൾ എന്നോട് ഔദാര്യം കാട്ടിയിരിക്കുന്നു. 15ഫിലിപ്പിയിലെ സഹോദരരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മാസിഡോണിയയിൽനിന്നു പുറപ്പെട്ടപ്പോൾ നിങ്ങളല്ലാതെ മറ്റൊരു സഭയും വരവുചെലവു കാര്യങ്ങളിൽ എന്നോടു സഹകരിച്ചില്ലെന്നുള്ളത് നിങ്ങൾക്ക് അറിയാമല്ലോ. 16ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾപോലും, എന്റെ ആവശ്യങ്ങളിൽ നിങ്ങൾ എനിക്കു പലവട്ടം സഹായം എത്തിച്ചുതന്നു. 17ദാനം ഞാൻ ആഗ്രഹിക്കുന്നു എന്നു വിചാരിക്കരുത്. പിന്നെയോ, നിങ്ങളുടെ കണക്കിൽ വർധിച്ചുവരുന്ന പ്രതിഫലമത്രേ ഞാൻ ആഗ്രഹിക്കുന്നത്. 18എനിക്കു വേണ്ടതും അതിലധികവും ലഭിച്ചിരിക്കുന്നു. നിങ്ങൾ എപ്പഫ്രൊദിത്തോസിന്റെ കൈയിൽ കൊടുത്തയച്ച സംഭാവന സ്വീകരിച്ച് ഞാൻ സംതൃപ്തനായിരിക്കുന്നു. അതു ദൈവത്തിനു പ്രസാദകരവും സ്വീകാര്യവുമായ യാഗവും, സുരഭിലമായ നിവേദ്യവും ആകുന്നു. 19എന്റെ ദൈവം ക്രിസ്തുയേശുവിലൂടെ അവിടുത്തെ മഹത്ത്വത്തിന്റെ സമൃദ്ധിക്കൊത്തവണ്ണം നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റും. 20നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ.
സമാപനാശംസകൾ
21ക്രിസ്തുയേശുവിനുള്ളവരായ എല്ലാ ദൈവജനങ്ങൾക്കും വന്ദനം പറയുക. എന്റെ കൂടെയുള്ള സഹോദരന്മാരും നിങ്ങളെ വന്ദനം പറയുന്നു. 22എല്ലാ ദൈവജനങ്ങളും വിശിഷ്യ കൈസറിന്റെ കൊട്ടാരത്തിലുള്ളവരും നിങ്ങൾക്കു വന്ദനം പറയുന്നു.
23നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ.

Currently Selected:

FILIPI 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy