YouVersion Logo
Search Icon

FILEMONA 1

1
1-2ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനായ പൗലൊസും സഹോദരനായ തിമൊഥെയോസും പ്രിയപ്പെട്ട സഹപ്രവർത്തകനായ ഫിലേമോനും സഹോദരി അപ്പിയയ്‍ക്കും സഹഭടനായ അർക്കിപ്പൊസിനും ഫിലേമോന്റെ വീട്ടിൽ കൂടിവരുന്ന സഭയ്‍ക്കും എഴുതുന്നത്:
3നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ലഭിക്കട്ടെ.
ഫിലേമോന്റെ സ്നേഹവും വിശ്വാസവും
4,5കർത്താവായ യേശുവിനോടും സകല വിശുദ്ധന്മാരോടും താങ്കൾക്കുള്ള സ്നേഹത്തെയും താങ്കളുടെ വിശ്വാസത്തെയും സംബന്ധിച്ചു ഞാൻ കേൾക്കുന്നതുകൊണ്ട് എന്റെ പ്രാർഥനയിൽ താങ്കളെ ഓർക്കുമ്പോഴെല്ലാം ഞാൻ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. 6ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നമുക്കു കൈവരുന്ന സർവ നന്മകളെയുംകുറിച്ചുള്ള പരിജ്ഞാനം വർധിക്കുന്നതിന് താങ്കളുടെ വിശ്വാസംമൂലം ഉണ്ടായ കൂട്ടായ്മ ഇടയാക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. 7പ്രിയപ്പെട്ട സഹോദരാ, താങ്കളുടെ സ്നേഹം എനിക്ക് അത്യധികമായ ആനന്ദവും ആശ്വാസവും ഉളവാക്കിയിരിക്കുന്നു. ദൈവജനത്തിന്റെ ഹൃദയങ്ങൾക്ക് താങ്കൾ ഉന്മേഷം പകർന്നുവല്ലോ.
ഒനേസിമോസിനുവേണ്ടി അപേക്ഷിക്കുന്നു
8ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ, സഹോദരൻ എന്ന നിലയിൽ യുക്തമായതു ചെയ്യുവാൻ താങ്കളോട് ആജ്ഞാപിക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. 9എങ്കിലും സ്നേഹത്തിന്റെ പേരിൽ ഞാൻ അഭ്യർഥിക്കുകയത്രേ ചെയ്യുന്നത്. വൃദ്ധനായ പൗലൊസ് എന്ന ഞാൻ ക്രിസ്തുയേശുവിനുവേണ്ടി ഇപ്പോൾ തടവുകാരനുമാണ്. എന്റെ പുത്രൻ ഒനേസിമോസിനുവേണ്ടി ഞാൻ താങ്കളോട് അപേക്ഷിക്കുന്നു. 10തടവിൽ കിടക്കുമ്പോഴാണ് ഞാൻ അവന്റെ ആത്മീയ പിതാവായിത്തീർന്നത്. 11മുമ്പ് അവൻ താങ്കൾക്കു പ്രയോജനമില്ലാത്തവനായിരുന്നു. എന്നാൽ ഇപ്പോൾ അവൻ നിശ്ചയമായും താങ്കൾക്കും എനിക്കും പ്രയോജനമുള്ളവൻതന്നെ.
12ഇപ്പോൾ ഞാൻ അവനെ താങ്കളുടെ അടുക്കലേക്കു തിരിച്ച് അയയ്‍ക്കുകയാണ്. അവനോടുകൂടി എന്റെ ഹൃദയവുമുണ്ട്. 13സുവിശേഷത്തെപ്രതിയുള്ള എന്റെ കാരാഗൃഹവാസകാലത്ത് എന്നെ സഹായിക്കേണ്ടതിന് താങ്കൾക്കു പകരം അവനെ എന്റെ അടുക്കൽ നിറുത്തുവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. 14പക്ഷേ, താങ്കളുടെ സമ്മതം കൂടാതെ ഒന്നും ചെയ്യരുതെന്നു ഞാൻ നിശ്ചയിച്ചു. താങ്കളുടെ ഔദാര്യം നിർബന്ധംകൊണ്ടല്ല, പൂർണ മനസ്സോടെ പ്രദർശിപ്പിക്കേണ്ടതാണല്ലോ.
15ഒനേസിമോസ് അല്പകാലത്തേക്ക് വേർപിരിഞ്ഞിരുന്നത് ഒരുവേള അവനെ എന്നേക്കുമായി താങ്കൾക്കു തിരിച്ചുകിട്ടുന്നതിനുവേണ്ടി ആയിരിക്കാം. 16അവൻ ഇനി വെറും ഒരു അടിമയല്ല; അടിമ എന്നതിലുപരി, അവൻ എനിക്കു പ്രിയങ്കരനായ ഒരു സഹോദരൻ ആകുന്നു. എങ്കിൽ അടിമ എന്ന നിലയിലും, കർത്താവുമായുള്ള ബന്ധത്തിൽ സഹോദരൻ എന്ന നിലയിലും അവൻ താങ്കൾക്ക് എത്രയധികം പ്രിയങ്കരനായിരിക്കും!
17അതുകൊണ്ട് എന്നെ താങ്കളുടെ സഹകാരിയായി പരിഗണിക്കുന്നു എങ്കിൽ എന്നെപ്പോലെതന്നെ താങ്കൾ അവനെ സ്വീകരിക്കുക. 18അവൻ താങ്കളോട് എന്തെങ്കിലും തെറ്റു ചെയ്യുകയോ, കടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് എന്റെ കണക്കിൽ ചേർത്തുകൊള്ളുക. 19പൗലൊസ് എന്ന ഞാൻ ഇതാ സ്വന്തം കൈകൊണ്ട് എഴുതിയിരിക്കുന്നു: ഞാൻ വീട്ടിക്കൊള്ളാം. താങ്കൾ തന്നെ എനിക്കു കടപ്പെട്ടിരിക്കുന്നു എന്നു ഞാൻ വിശേഷിച്ചു പറയേണ്ടതില്ലല്ലോ. 20അതേ, സഹോദരാ, കർത്താവിനോടുള്ള നമ്മുടെ ബന്ധത്തിൽ താങ്കളിൽനിന്ന് ഈ ഔദാര്യം ഞാൻ പ്രതീക്ഷിക്കുന്നു. ക്രിസ്തുവിൽ എന്റെ ഹൃദയത്തിന് ഉന്മേഷം പകരുക.
21താങ്കളുടെ അനുസരണത്തെപ്പറ്റി എനിക്ക് ഉറപ്പുണ്ട്. ഞാൻ ആവശ്യപ്പെടുന്നതിലധികം താങ്കൾ ചെയ്യുമെന്നറിഞ്ഞുകൊണ്ടാണ് ഇതെഴുതുന്നത്. മറ്റൊരു കാര്യംകൂടി: 22നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനകൾ ദൈവം കേൾക്കുമെന്നും, എന്നെ നിങ്ങൾക്കു വീണ്ടും ലഭിക്കുമെന്നുമാണ് എന്റെ പ്രത്യാശ. അതുകൊണ്ട് എനിക്കുവേണ്ടി ഒരു വാസസൗകര്യം അവിടെ ഒരുക്കിക്കൊള്ളണം.
സമാപനാശംസ
23ക്രിസ്തുയേശുവിനെപ്രതി എന്നോടുകൂടി തടവിലായിരിക്കുന്ന എപ്പഫ്രാസ് താങ്കൾക്കു വന്ദനം പറയുന്നു. 24അതുപോലെതന്നെ എന്റെ സഹപ്രവർത്തകരായ മർക്കോസും അരിസ്തർക്കൊസും ദേമാസും ലൂക്കോസും.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ.

Currently Selected:

FILEMONA 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy