YouVersion Logo
Search Icon

NUMBERS 31

31
മിദ്യാന്യരോടുള്ള യുദ്ധം
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“ഇസ്രായേൽജനത്തിനുവേണ്ടി മിദ്യാന്യരോടു നീ പ്രതികാരം ചെയ്യുക. അതിനുശേഷം നീ മരിച്ചു പൂർവികരോടു ചേരും.” 3മോശ ജനത്തോടു പറഞ്ഞു: “സർവേശ്വരനുവേണ്ടി മിദ്യാന്യരോടു പ്രതികാരം ചെയ്യാൻ യുദ്ധത്തിന് ഒരുങ്ങുക. 4ഇസ്രായേലിലെ ഓരോ ഗോത്രത്തിൽനിന്നും ആയിരം പേരെ വീതം യുദ്ധത്തിന് അയയ്‍ക്കണം.” 5ഓരോ ഗോത്രത്തിൽനിന്നും ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധത്തിനായി വേർതിരിച്ചു. 6മോശ ഓരോ ഗോത്രത്തിൽനിന്നും ആയിരംപേർ വീതമുള്ള ഗണത്തെ എലെയാസാർ പുരോഹിതന്റെ മകനായ ഫീനെഹാസിനോടൊപ്പം യുദ്ധത്തിനയച്ചു; അയാളുടെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും സൂചനാശബ്ദം പുറപ്പെടുവിക്കുന്ന കാഹളങ്ങളും ഉണ്ടായിരുന്നു. 7സർവേശ്വരൻ മോശയോടു കല്പിച്ചപ്രകാരം അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു; പുരുഷപ്രജകളെയെല്ലാം കൊന്നൊടുക്കി. 8മിദ്യാന്യരുടെ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു പേരും കൊല്ലപ്പെട്ടു. ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ സംഹരിച്ചു. 9ഇസ്രായേൽജനം മിദ്യാന്യസ്‍ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; അവരുടെ ആടുമാടുകളും സകല സമ്പത്തും അവർ കൊള്ളയടിച്ചു. 10അവരുടെ പട്ടണങ്ങളും എല്ലാ പാർപ്പിടങ്ങളും ഇസ്രായേല്യർ അഗ്നിക്കിരയാക്കി. 11മനുഷ്യരും മൃഗങ്ങളുമടങ്ങിയ കൊള്ളവസ്തുക്കൾ അവർ സ്വന്തമാക്കി. 12തടവുകാരോടൊപ്പം കൊള്ളവസ്തുക്കളും അവർ യെരീഹോവിന്റെ എതിർവശത്തു യോർദ്ദാനരികെയുള്ള മോവാബ്സമഭൂമിയിൽ പാളയമടിച്ചിരുന്ന മോശയുടെയും എലെയാസാർ പുരോഹിതന്റെയും ഇസ്രായേൽജനസമൂഹം മുഴുവന്റെയും മുമ്പാകെ കൊണ്ടുവന്നു.
സൈന്യത്തെ എതിരേല്‌ക്കുന്നു
13തിരിച്ചെത്തിയ സൈന്യത്തെ എതിരേല്‌ക്കാൻ മോശയും എലെയാസാർപുരോഹിതനും ജനനേതാക്കന്മാരും പാളയത്തിനു പുറത്തുവന്നു. 14യുദ്ധരംഗത്തുനിന്നു തിരിച്ചുവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സേനാനായകന്മാരോടു മോശ കുപിതനായി ചോദിച്ചു: 15“സ്‍ത്രീകളെയെല്ലാം നിങ്ങൾ ജീവിക്കാൻ അനുവദിച്ചതെന്ത്? 16ബിലെയാമിന്റെ ഉപദേശത്താൽ പെയോരിൽവച്ച് ഇസ്രായേൽജനം സർവേശ്വരനോട് അവിശ്വസ്തരായി പെരുമാറിയതിനു കാരണക്കാർ ഈ സ്‍ത്രീകളായിരുന്നില്ലേ? അതുകൊണ്ടല്ലേ അവിടത്തെ ജനസമൂഹത്തിന്റെ ഇടയിൽ ബാധയുണ്ടായത്? 17അതിനാൽ സകല ആൺകുട്ടികളെയും പുരുഷനോടൊത്തു ശയിച്ചിട്ടുള്ള സകല സ്‍ത്രീകളെയും വധിക്കുക. 18എന്നാൽ പുരുഷനോടൊത്തു ശയിച്ചിട്ടില്ലാത്ത പെൺകുട്ടികളെ നിങ്ങൾക്കുവേണ്ടി ജീവിക്കാൻ അനുവദിക്കാം. 19ആരെയെങ്കിലും കൊന്നവരും ശവത്തെ സ്പർശിച്ചവരും ഏഴു ദിവസം പാളയത്തിനു പുറത്തു പാർക്കണം; അവർ മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെത്തന്നെയും ബന്ധനസ്ഥരാക്കിയ സ്‍ത്രീകളെയും ശുദ്ധീകരിക്കണം. 20സകല വസ്ത്രങ്ങളും തോലുകൊണ്ടുള്ള എല്ലാ വസ്തുക്കളും കോലാട്ടിൻരോമംകൊണ്ടും തടികൊണ്ടും നിർമ്മിച്ച സകല സാധനങ്ങളും ശുദ്ധീകരിക്കണം.” 21യുദ്ധരംഗത്തുനിന്നു തിരിച്ചുവന്ന യോദ്ധാക്കളോട് എലെയാസാർപുരോഹിതൻ പറഞ്ഞു: “സർവേശ്വരൻ മോശയോടു കല്പിച്ചിട്ടുള്ള നിയമം ഇതാണ്. 22സ്വർണം, വെള്ളി, ഓട്, ഇരുമ്പ്, വെളുത്തീയം, കാരീയം മുതലായ അഗ്നിയിൽ നശിച്ചുപോകാത്ത സാധനങ്ങൾ തീയിൽ ശുദ്ധിവരുത്തണം. 23പിന്നീടു ശുദ്ധീകരണജലംകൊണ്ട് അവ വിശുദ്ധീകരിക്കണം. തീയിൽ നശിച്ചുപോകുന്ന എല്ലാ സാധനങ്ങളും ജലംകൊണ്ടു ശുദ്ധീകരിക്കണം. 24ഏഴാം ദിവസം നിങ്ങൾ വസ്ത്രം അലക്കണം. അപ്പോൾ നിങ്ങൾ ശുദ്ധിയുള്ളവരായിത്തീരും; അതിനുശേഷം നിങ്ങൾക്കു പാളയത്തിൽ പ്രവേശിക്കാം.”
കൊള്ളമുതൽ പങ്കിടുന്നു
25സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 26“മനുഷ്യരും മൃഗങ്ങളും ഉൾപ്പെടെ കൊള്ളവസ്തുക്കളായി പിടിച്ചെടുത്ത എല്ലാറ്റിന്റെയും കണക്ക് നീയും എലെയാസാർ പുരോഹിതനും പിതൃഗോത്രനേതാക്കളും ചേർന്ന് എടുക്കണം. 27അവ യുദ്ധത്തിനു പോയ യോദ്ധാക്കൾക്കും ജനസമൂഹത്തിനുമായി രണ്ടായി ഭാഗിക്കണം. 28യോദ്ധാക്കളുടെ പങ്കായി വേർതിരിച്ച തടവുകാരിലും കന്നുകാലി, കഴുത, ആട് എന്നീ മൃഗങ്ങളിലുംനിന്ന് അഞ്ഞൂറിന് ഒന്നുവീതം സർവേശ്വരനുള്ള ഓഹരിയായി വാങ്ങണം. 29അത് അവരുടെ പങ്കിൽനിന്ന് എടുത്ത് സർവേശ്വരനുള്ള വഴിപാടായി എലെയാസാർ പുരോഹിതനെ ഏല്പിക്കണം. 30എന്നാൽ ഇസ്രായേൽജനങ്ങളുടെ പങ്കായി ലഭിച്ച തടവുകാർ, കന്നുകാലി, കഴുത, ആട് എന്നിവയിൽനിന്ന് അമ്പതിന് ഒന്നുവീതം എടുത്തു സർവേശ്വരന്റെ തിരുസാന്നിധ്യകൂടാരത്തിന്റെ ചുമതല വഹിക്കുന്ന ലേവ്യർക്കു കൊടുക്കണം.” 31സർവേശ്വരൻ കല്പിച്ചതുപോലെ മോശയും എലെയാസാർപുരോഹിതനും പ്രവർത്തിച്ചു. 32കൊള്ളമുതലിൽനിന്നു യോദ്ധാക്കൾ എടുത്തതിനു ശേഷമുണ്ടായിരുന്ന ആടുകൾ ആറുലക്ഷത്തി എഴുപത്തയ്യായിരവും കന്നുകാലികൾ എഴുപത്തീരായിരവും 33-34കഴുതകൾ അറുപത്തോരായിരവും 35പുരുഷനുമായി ബന്ധപ്പെടാത്ത സ്‍ത്രീകൾ മുപ്പത്തീരായിരവും ആയിരുന്നു. 36യുദ്ധത്തിനു പോയവരുടെ പകുതി ഓഹരി മൂന്നു ലക്ഷത്തിമുപ്പത്തേഴായിരത്തി അഞ്ഞൂറ് ആടുകളും, 37അവയിൽ സർവേശ്വരന്റെ ഓഹരി അറുനൂറ്റെഴുപത്തഞ്ചും 38കന്നുകാലികൾ മുപ്പത്താറായിരവും അവയിൽ സർവേശ്വരന്റെ ഓഹരി എഴുപത്തിരണ്ടും ആയിരുന്നു. 39കഴുതകൾ മുപ്പതിനായിരത്തി അഞ്ഞൂറും അവയിൽ സർവേശ്വരന്റെ ഓഹരി അറുപത്തൊന്നും 40തടവുകാർ പതിനാറായിരവും അവരിൽ സർവേശ്വരന്റെ ഓഹരി മുപ്പത്തിരണ്ടും ആയിരുന്നു. 41സർവേശ്വരന് ഓഹരിയായി അർപ്പിച്ചവയെല്ലാം അവിടുന്നു കല്പിച്ചിരുന്നതുപോലെ മോശ എലെയാസാർപുരോഹിതനെ ഏല്പിച്ചു. 42യോദ്ധാക്കൾക്കുവേണ്ടി വേർതിരിച്ചതിന്റെ ശേഷമുണ്ടായിരുന്ന പകുതി ഓഹരി ജനത്തിനുവേണ്ടി വേർതിരിച്ചു. 43ജനത്തിനു വേർതിരിച്ച ഓഹരിയിൽ മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തി അഞ്ഞൂറ് ആടുകളും 44-45മുപ്പത്താറായിരം കന്നുകാലികളും മുപ്പതിനായിരത്തി അഞ്ഞൂറു കഴുതകളും 46പതിനാറായിരം തടവുകാരും ഉണ്ടായിരുന്നു. 47ഇസ്രായേൽജനത്തിനുവേണ്ടി വേർതിരിച്ച മനുഷ്യരിലും മൃഗങ്ങളിലുംനിന്ന് അമ്പതിന് ഒന്നു വീതം സർവേശ്വരൻ തന്നോടു കല്പിച്ചിരുന്നതുപോലെ മോശ അവിടുത്തെ തിരുസാന്നിധ്യകൂടാരത്തിന്റെ ചുമതല വഹിക്കുന്ന ലേവ്യർക്കു കൊടുത്തു. 48പിന്നീടു സഹസ്രാധിപന്മാരും ശതാധിപന്മാരും മോശയുടെ അടുക്കൽ വന്നു. 49അവർ മോശയോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ഞങ്ങളുടെ കീഴിലുണ്ടായിരുന്ന യോദ്ധാക്കളുടെ എണ്ണമെടുത്തു; അവരിൽ ഒരാൾപോലും നഷ്ടപ്പെട്ടില്ല. 50അതുകൊണ്ട് ഞങ്ങളിൽ ഓരോരുത്തർക്കും ലഭിച്ച തോൾവള, കൈവള, മുദ്രമോതിരം, കർണവളയം, മാല എന്നീ സ്വർണാഭരണങ്ങൾ സർവേശ്വരനു ഞങ്ങളുടെ പാപപരിഹാരത്തിനു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു. 51ആഭരണങ്ങളായി ഉണ്ടായിരുന്ന സ്വർണമത്രയും മോശയും എലെയാസാർപുരോഹിതനുംകൂടി അവരിൽനിന്ന് ഏറ്റുവാങ്ങി. 52സഹസ്രാധിപന്മാരും ശതാധിപന്മാരും സർവേശ്വരനു വഴിപാടായി അർപ്പിച്ച സ്വർണം ഏകദേശം പതിനാറായിരത്തി എഴുനൂറ്റമ്പതു ശേക്കെൽ ഉണ്ടായിരുന്നു. 53യോദ്ധാക്കൾ തങ്ങൾക്കു ലഭിച്ച കൊള്ളമുതലുകൾ സ്വന്തമായി എടുത്തിരുന്നു. 54മോശയും എലെയാസാർപുരോഹിതനും ചേർന്നു സഹസ്രാധിപന്മാരിൽനിന്നും ശതാധിപന്മാരിൽനിന്നും ഏറ്റുവാങ്ങിയ സ്വർണം ഇസ്രായേൽജനത്തിന്റെ ഓർമയ്‍ക്കായി തിരുസാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുപോയി.

Currently Selected:

NUMBERS 31: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy