YouVersion Logo
Search Icon

NUMBERS 18

18
പുരോഹിതരും ലേവ്യരും
1സർവേശ്വരൻ അഹരോനോട് അരുളിച്ചെയ്തു: 2“നീയും നിന്റെ പുത്രന്മാരും പിതൃഭവനവും വിശുദ്ധസ്ഥലത്തു സംഭവിക്കുന്ന അകൃത്യങ്ങൾക്ക് ഉത്തരവാദിയായിരിക്കും. പൗരോഹിത്യശുശ്രൂഷ സംബന്ധിച്ചുണ്ടാകുന്ന കുറ്റങ്ങൾക്കു നീയും നിന്റെ പുത്രന്മാരും ഉത്തരവാദിത്വം ഏല്‌ക്കണം. നീയും പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യാൻ വരുമ്പോൾ നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലെ ചാർച്ചക്കാരെ കൊണ്ടുവരിക. അവർ നിങ്ങളെ സഹായിക്കട്ടെ. 3അങ്ങനെ സഹായിക്കുകയും തിരുസാന്നിധ്യകൂടാരം സംബന്ധിച്ചുള്ള ജോലികൾ നിർവഹിക്കുകയും വേണം; എന്നാൽ തിരുസാന്നിധ്യകൂടാരത്തിലുള്ള ഉപകരണങ്ങളെയോ യാഗപീഠത്തെയോ അവർ സമീപിക്കരുത്. സമീപിച്ചാൽ അവരും നിങ്ങളും മരിക്കും. 4അവർ നിങ്ങളോടൊത്തുനിന്നു തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷകളിൽ നിങ്ങളെ സഹായിക്കട്ടെ; മറ്റാരും നിങ്ങളുടെ അടുക്കൽ വരരുത്. 5ഇസ്രായേൽജനത്തിന്റെമേൽ എന്റെ ക്രോധം മേലാൽ വരാതെയിരിക്കുന്നതിനു തിരുസാന്നിധ്യകൂടാരവും യാഗപീഠവും സംബന്ധിച്ച ചുമതലകൾ നിങ്ങൾതന്നെ നിർവഹിക്കണം. 6നിങ്ങളുടെ സഹോദരന്മാരായ ലേവ്യരെ ഞാൻ ഇസ്രായേൽജനത്തിന്റെ ഇടയിൽനിന്നു തിരഞ്ഞെടുത്തിരിക്കുന്നു. സർവേശ്വരനു പ്രത്യേക വഴിപാടായി അർപ്പിക്കപ്പെട്ടിരുന്ന ലേവ്യരെ തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷകൾക്കുവേണ്ടി ഞാൻ നിങ്ങൾക്കു ദാനമായി നല്‌കിയിരിക്കുകയാണ്. 7അതുകൊണ്ടു നീയും പുത്രന്മാരും പൗരോഹിത്യധർമം അനുസരിച്ചു യാഗപീഠത്തിലും തിരശ്ശീലയ്‍ക്കകത്തും ചെയ്യേണ്ട കാര്യങ്ങൾ നിങ്ങൾതന്നെ ചെയ്യുക; പൗരോഹിത്യം നിങ്ങൾക്കു ദാനമായി നല്‌കിയിരിക്കുന്നു. മറ്റാരെങ്കിലും അതിനു മുതിർന്നാൽ അവനെ കൊന്നുകളയണം.”
ലേവ്യരുടെ ഓഹരി
8സർവേശ്വരൻ അഹരോനോടു പറഞ്ഞു: “ഇസ്രായേൽജനം എനിക്ക് അർപ്പിക്കുന്ന എല്ലാ വിശുദ്ധവസ്തുക്കളും വഴിപാടുകളും നിങ്ങൾക്കു നല്‌കിയിരിക്കുന്നു. അവ നിനക്കും പുത്രന്മാർക്കും ഒരു ശാശ്വതാവകാശമായിരിക്കും. 9വിശുദ്ധവസ്തുക്കളിൽ, അഗ്നിയിൽ ദഹിപ്പിച്ചുകളയാത്തവ നിനക്കുള്ളവയാണ്. ധാന്യവഴിപാടുകൾ, പാപപരിഹാരയാഗങ്ങൾ, പ്രായശ്ചിത്തയാഗങ്ങൾ എന്നിവ നിനക്കും പുത്രന്മാർക്കും അതിവിശുദ്ധമായിരിക്കും. 10നിങ്ങൾ ഒരു വിശുദ്ധസ്ഥലത്തുവച്ച് അവ ഭക്ഷിക്കണം. പുരുഷന്മാർക്കെല്ലാം അവ ഭക്ഷിക്കാം. അവയെ വിശുദ്ധമായി കരുതണം.
11“ഇവ കൂടാതെ, ഇസ്രായേൽജനം നല്‌കുന്ന കാഴ്ചകളും നീരാജനത്തിന് എനിക്ക് അർപ്പിക്കുന്ന വഴിപാടുകളും നിങ്ങൾക്കുള്ളവയാണ്; അവ നിനക്കും നിന്റെ മക്കൾക്കും ശാശ്വതാവകാശമായി നല്‌കിയിരിക്കുന്നു; നിന്റെ ഭവനത്തിൽ ആചാരപരമായി ശുദ്ധിയുള്ള എല്ലാവർക്കും അവ ഭക്ഷിക്കാം.
12“അവർ സർവേശ്വരന് ആദ്യഫലമായി അർപ്പിക്കുന്ന വിശേഷപ്പെട്ട എണ്ണ, പുതുവീഞ്ഞ്, ധാന്യം എന്നിവ ഞാൻ നിങ്ങൾക്കു തരുന്നു. 13അവർ നിലങ്ങളിലെ ആദ്യഫലങ്ങളിൽനിന്ന് എനിക്ക് അർപ്പിക്കുന്ന വസ്തുക്കളെല്ലാം നിങ്ങൾക്കുള്ളവയത്രേ. നിങ്ങളുടെ ഭവനത്തിൽ ആചാരപരമായി ശുദ്ധിയുള്ള എല്ലാവർക്കും അവ ഭക്ഷിക്കാം. 14ഇസ്രായേലിൽ എനിക്കായി സമർപ്പിച്ചിട്ടുള്ളവയെല്ലാം നിങ്ങളുടേതായിരിക്കും. 15മനുഷ്യരിൽനിന്നും മൃഗങ്ങളിൽനിന്നും സർവേശ്വരനു സമർപ്പിക്കുന്ന സകല കടിഞ്ഞൂൽസന്തതിയും നിങ്ങൾക്കുള്ളവയായിരിക്കും; എന്നാൽ മനുഷ്യരുടെയും അശുദ്ധമൃഗങ്ങളുടെയും സകല കടിഞ്ഞൂൽസന്തതികളെയും നിങ്ങൾ വീണ്ടെടുക്കണം. 16അവയെ വീണ്ടെടുക്കേണ്ടത് ഒരു മാസം പ്രായമാകുമ്പോഴാണ്; വീണ്ടെടുപ്പുവിലയായി വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് അഞ്ചുശേക്കെൽ വെള്ളി, അതായത് ശേക്കെലൊന്നിന് ഇരുപതു ഗേരാ വീതം നല്‌കണം. 17പശു, ആട്, കോലാട് എന്നിവയുടെ കടിഞ്ഞൂലുകളെ വീണ്ടെടുക്കാൻ പാടില്ല; അവ എനിക്കുള്ളവയായതുകൊണ്ട് അതിനെ യാഗം കഴിക്കണം. അതിന്റെ രക്തം യാഗപീഠത്തിൽ തളിക്കുകയും അതിന്റെ മേദസ്സ് സർവേശ്വരന് പ്രസാദകരവും സുരഭിലവുമായ ദഹനയാഗമായി അർപ്പിക്കുകയും ചെയ്യണം. 18നീരാജനമായി അർപ്പിക്കുന്ന മൃഗങ്ങളുടെ നെഞ്ചും വലതു കുറകും നിങ്ങൾക്ക് അവകാശമായിരിക്കുന്നതുപോലെ അതിന്റെ മാംസവും നിങ്ങളുടെ അവകാശമായിരിക്കും.”
19ഇസ്രായേൽജനം സർവേശ്വരനു നീരാജനമായി അർപ്പിക്കുന്ന സകല വിശുദ്ധവസ്തുക്കളും നിങ്ങൾക്കും നിങ്ങളുടെ പുത്രീപുത്രന്മാർക്കും ശാശ്വതാവകാശമായി ഞാൻ നല്‌കുന്നു. ഇതു ഞാൻ നിങ്ങളോടും നിങ്ങളുടെ സന്തതികളോടുമായി ചെയ്യുന്ന അലംഘ്യവും ശാശ്വതവുമായ ഉടമ്പടിയാകുന്നു.
20സർവേശ്വരൻ അഹരോനോട് അരുളിച്ചെയ്തു: “നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും ഓഹരിയും ഉണ്ടായിരിക്കരുത്. ഇസ്രായേൽജനത്തിന്റെ ഇടയിൽ നിനക്കുള്ള അവകാശവും ഓഹരിയും ഞാനാകുന്നു.”
21ഇസ്രായേൽജനം അർപ്പിക്കുന്ന ദശാംശമായിരിക്കും തിരുസാന്നിധ്യകൂടാരത്തിൽ ലേവ്യർ ചെയ്യുന്ന ശുശ്രൂഷയ്‍ക്കു പ്രതിഫലം. 22ഇനിമേൽ ഇസ്രായേലിലെ മറ്റു ജനങ്ങൾ തിരുസാന്നിധ്യകൂടാരത്തെ സമീപിക്കരുത്. അങ്ങനെ ചെയ്താൽ അവർ പാപം പേറി മരിക്കാൻ ഇടയാകും. 23ലേവ്യർ മാത്രം തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷിക്കുകയും തത്സംബന്ധമായി വരാവുന്ന കുറ്റങ്ങൾ ഏല്‌ക്കുകയും വേണം. ഇതു സകല തലമുറകൾക്കും ബാധകമായ ശാശ്വതനിയമമാകുന്നു; ഇസ്രായേൽജനത്തിന്റെ ഇടയിൽ അവർക്കു യാതൊരു ഓഹരിയും ഉണ്ടായിരിക്കരുത്. 24ഇസ്രായേൽജനം സർവേശ്വരനു വഴിപാടായി അർപ്പിക്കുന്ന ദശാംശം അവർക്ക് അവകാശമായി നല്‌കിയിരിക്കുകയാണല്ലോ. അതുകൊണ്ടാണ് ഇസ്രായേൽജനത്തിന്റെ ഇടയിൽ അവർക്ക് അവകാശം ഉണ്ടായിരിക്കുകയില്ല എന്നു ഞാൻ അരുളിച്ചെയ്തത്.
ലേവ്യരുടെ ദശാംശം
25സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 26“നിങ്ങളുടെ അവകാശമായി ഞാൻ നല്‌കിയിരിക്കുന്ന ദശാംശം ഇസ്രായേൽജനത്തിൽനിന്നു വാങ്ങുമ്പോൾ ആ ദശാംശത്തിന്റെ ദശാംശം നിങ്ങൾ സർവേശ്വരന് അർപ്പിക്കണമെന്നു ലേവ്യരോടു പറയുക. 27മെതിക്കളത്തിൽനിന്നുള്ള ധാന്യംപോലെയും നിറഞ്ഞു കവിയുന്ന മുന്തിരിച്ചക്കിൽനിന്നുള്ള വീഞ്ഞുപോലെയും നിങ്ങളുടെ വഴിപാടും അംഗീകരിക്കപ്പെടും. 28ഇസ്രായേൽജനം നിങ്ങൾക്കു നല്‌കുന്ന ദശാംശത്തിൽനിന്നു നിങ്ങൾ സർവേശ്വരന് അർപ്പിക്കുന്ന വഴിപാട് പുരോഹിതനായ അഹരോനു കൊടുക്കണം. 29“നിങ്ങൾക്കു ലഭിക്കുന്ന എല്ലാ വസ്തുക്കളിൽനിന്നും ഏറ്റവും ഉത്തമവും വിശുദ്ധവുമായ ഭാഗം സർവേശ്വരനു കാഴ്ചയായി സമർപ്പിക്കണം. 30ഉത്തമഭാഗം സർവേശ്വരന് അർപ്പിച്ചശേഷം അവശേഷിക്കുന്നതു ലേവ്യർക്കുള്ളതാണ്. കളത്തിലെ വിളവിൽനിന്നും മുന്തിരിച്ചക്കിലെ വീഞ്ഞിൽനിന്നും വഴിപാടർപ്പിച്ചതിനുശേഷമുള്ളതു കർഷകൻ എടുക്കുന്നതുപോലെ അതു ലേവ്യർക്ക് എടുക്കാവുന്നതാണ്. 31തിരുസാന്നിധ്യകൂടാരത്തിൽ നിങ്ങൾ അനുഷ്ഠിക്കുന്ന ശുശ്രൂഷയുടെ പ്രതിഫലമാകയാൽ അതു നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എവിടെവച്ചും ഭക്ഷിക്കാം. 32ഉത്തമഭാഗം സർവേശ്വരന് അർപ്പിച്ചുകഴിഞ്ഞ് അവശേഷിക്കുന്നതു നിങ്ങൾ എടുക്കുന്നതുമൂലം നിങ്ങൾ കുറ്റക്കാരാകുകയില്ല. അങ്ങനെ ഇസ്രായേൽജനം അർപ്പിക്കുന്ന വിശുദ്ധവസ്തുക്കൾ നിങ്ങൾ അശുദ്ധമാക്കാത്തതിനാൽ നിങ്ങൾ മരിക്കുകയില്ല.”

Currently Selected:

NUMBERS 18: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy