YouVersion Logo
Search Icon

NUMBERS 16

16
മോശയ്‍ക്കും അഹരോനും എതിരെ
1ലേവിഗോത്രത്തിലെ കെഹാത്ത്കുലത്തിലുള്ള ഇസ്ഹാരിന്റെ പുത്രനായ കോരഹും, രൂബേൻഗോത്രത്തിലെ എലീയാബിന്റെ പുത്രന്മാരായ ദാഥാൻ, അബീരാം എന്നിവരും പേലെത്തിന്റെ പുത്രനായ ഓനും മോശയെ എതിർത്തു. 2അവരോടൊപ്പം ഇസ്രായേൽജനത്തിന്റെ സഭയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവരും പ്രസിദ്ധരുമായ ഇരുനൂറ്റമ്പതു നേതാക്കന്മാരും ഉണ്ടായിരുന്നു. 3അവർ മോശയ്‍ക്കും അഹരോനും എതിരായി ഒരുമിച്ചുകൂടി പറഞ്ഞു: “നിങ്ങൾ നിലവിട്ടു പ്രവർത്തിക്കുന്നു; ഈ സമൂഹത്തിലുള്ളവരെല്ലാം വിശുദ്ധരാണ്; സർവേശ്വരൻ അവരുടെ ഇടയിലുണ്ട്; അങ്ങനെയെങ്കിൽ സർവേശ്വരന്റെ ജനത്തെക്കാൾ ഉയർന്നവരെന്നു നിങ്ങൾ ഭാവിക്കുന്നതെന്ത്?” 4ഇതു കേട്ടപ്പോൾ മോശ കവിണ്ണു വീണു; 5കോരഹിനോടും കൂട്ടരോടും പറഞ്ഞു: “അവിടുത്തേക്കുള്ളവൻ ആരെന്നും വിശുദ്ധൻ ആരെന്നും സർവേശ്വരൻ നാളെ രാവിലെ കാണിച്ചുതരും; അവിടുന്നു തിരഞ്ഞെടുക്കുന്നവരെ തന്റെ അടുത്തു ചെല്ലാൻ അവിടുന്ന് അനുവദിക്കും. 6,7കോരഹും കൂട്ടരും നാളെ അവിടുത്തെ മുമ്പിൽ വന്നു ധൂപകലശങ്ങളിൽ തീക്കനൽ നിറച്ചു കുന്തുരുക്കം ഇടട്ടെ; സർവേശ്വരൻ തിരഞ്ഞെടുക്കുന്ന ആളായിരിക്കും വിശുദ്ധൻ; ലേവിപുത്രന്മാരേ, നിങ്ങൾ നിലവിട്ടു പെരുമാറുന്നു.” 8മോശ കോരഹിനോടു പറഞ്ഞു: “ലേവിപുത്രന്മാരേ, കേൾക്കുക; 9തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നതിനും ജനത്തെ ശുശ്രൂഷിക്കുന്നതിനും അവരുടെ മുമ്പിൽ നില്‌ക്കുന്നതിനുമായി ഇസ്രായേലിന്റെ മുഴുവൻ സമൂഹത്തിൽനിന്നുമായി സർവേശ്വരൻ നിങ്ങളെ വേർതിരിച്ചത് ഒരു ചെറിയ കാര്യമാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? 10അവിടുന്നു നിന്നെയും ലേവിപുത്രന്മാരായ നിന്റെ സഹോദരന്മാരെയുമെല്ലാം തന്റെ അടുക്കലേക്ക് അടുപ്പിച്ചു. നിങ്ങൾ പൗരോഹിത്യംകൂടി ആഗ്രഹിക്കുകയാണോ? 11നീയും നിന്റെ കൂട്ടരും സർവേശ്വരനെതിരായിട്ടാണ് ഒന്നിച്ചുകൂടിയിരിക്കുന്നത്. അഹരോനെതിരായി പിറുപിറുക്കാൻ അവൻ ആരാണ്?”
12മോശ എലീയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കാൻ ആളയച്ചു; 13“ഞങ്ങൾ വരികയില്ല എന്ന് അവർ മറുപടി പറഞ്ഞു. പാലും തേനും ഒഴുകുന്ന ദേശത്തുനിന്ന് ഈ മരുഭൂമിയിലേക്കു ഞങ്ങളെ കൊല്ലാൻ കൊണ്ടുവന്നതു കൂടാതെ നിന്നെത്തന്നെ ഞങ്ങൾക്ക് അധിപതിയും ആക്കുവാൻ ശ്രമിക്കുന്നു; ഇത് ഒരു ചെറിയ കാര്യമാണോ? 14മാത്രമല്ല പാലും തേനും ഒഴുകുന്ന ദേശത്തേക്കു നീ ഞങ്ങളെ എത്തിച്ചതുമില്ല. നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി നല്‌കിയതുമില്ല. ഈയുള്ളവരെ അന്ധരാക്കാമെന്നാണോ നീ കരുതുന്നത്. ഞങ്ങൾ വരികയില്ല.” 15അപ്പോൾ മോശ ഏറ്റവും കോപിഷ്ഠനായി. അയാൾ സർവേശ്വരനോട് അപേക്ഷിച്ചു:” “അങ്ങ് അവരുടെ വഴിപാട് സ്വീകരിക്കരുതേ; ഞാൻ അവരുടെ കൈയിൽനിന്ന് ഒരു കഴുതയെപ്പോലും വാങ്ങിയിട്ടില്ല; അവരിൽ ആരെയും ഞാൻ ഉപദ്രവിച്ചിട്ടുമില്ല.” 16മോശ കോരഹിനോടു പറഞ്ഞു: “നീയും, നിന്റെ കൂട്ടരും നാളെ സർവേശ്വരസന്നിധിയിൽ വരണം. അഹരോനും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. 17ആ ഇരുനൂറ്റമ്പതു പേരും അവരവരുടെ ധൂപകലശത്തിൽ കുന്തുരുക്കമിട്ടു സർവേശ്വരസന്നിധിയിൽ വരണം. നീയും അഹരോനും നിങ്ങളുടെ ധൂപകലശങ്ങളുമായി വരണം.” 18അവർ ഓരോരുത്തനും അവനവന്റെ ധൂപകലശമെടുത്ത് അതിൽ തീക്കനലും കുന്തുരുക്കവും ഇട്ടു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ മോശയോടും അഹരോനോടുമൊത്തു നിന്നു. 19മോശയ്‍ക്കും അഹരോനും എതിരായി സഭ മുഴുവനെയും തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ കോരഹ് കൂട്ടിവരുത്തി. അപ്പോൾ അവിടുത്തെ തേജസ്സ് സഭ മുഴുവനും പ്രത്യക്ഷമായി.
20സർവേശ്വരൻ മോശയോടും അഹരോനോടും പറഞ്ഞു: 21“ജനത്തിന്റെ ഇടയിൽനിന്നു മാറി നില്‌ക്കുക; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും.” 22എന്നാൽ മോശയും അഹരോനും താണു വണങ്ങി പറഞ്ഞു: ദൈവമേ, എല്ലാ ജീവികളുടെയും ചൈതന്യമായ ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്താൽ സമൂഹത്തോടു മുഴുവൻ അവിടുന്നു കോപിക്കുമോ?” 23-24സർവേശ്വരൻ മോശയോടു പറഞ്ഞു: “കോരഹ്, ദാഥാൻ, അബീരാം ഇവരുടെ കൂടാരങ്ങളിൽനിന്ന് അകന്നുമാറാൻ ജനത്തോടു പറയുക.” 25മോശ ദാഥാന്റെയും അബീരാമിന്റെയും അടുക്കലേക്കു പോയി. ഇസ്രായേലിലെ ജനനേതാക്കന്മാർ അദ്ദേഹത്തെ അനുഗമിച്ചു.
26മോശ ജനത്തോടു പറഞ്ഞു: “ഈ ദുഷ്ടമനുഷ്യരുടെ പാപങ്ങൾ നിമിത്തം നിങ്ങൾ കൂട്ടമായി സംഹരിക്കപ്പെടാതിരിക്കാൻ അവരുടെ കൂടാരങ്ങളിൽനിന്നു മാറി നില്‌ക്കുക; അവരുടേതായ ഒരു വസ്തുവും നിങ്ങൾ സ്പർശിക്കരുത്.” 27കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളിൽനിന്നു ജനം ഒഴിഞ്ഞുമാറി. ദാഥാനും അബീരാമും തങ്ങളുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുങ്ങളോടുംകൂടെ തങ്ങളുടെ വാതില്‌ക്കൽ വന്നുനിന്നു. മോശ ജനത്തോടു പറഞ്ഞു: 28“ഈ പ്രവൃത്തികൾ ചെയ്യാൻ സർവേശ്വരനാണ് എന്നെ നിയോഗിച്ചിരിക്കുന്നതെന്നും അവ സ്വന്ത ഇഷ്ടപ്രകാരമല്ല ഞാൻ ചെയ്യുന്നതെന്നും നിങ്ങൾ ഇതിനാൽ അറിയും. 29സർവസാധാരണമായ മരണവും അനുഭവങ്ങളുമാണ് ഉണ്ടാകുന്നതെങ്കിൽ സർവേശ്വരൻ എന്നെ അയച്ചിട്ടില്ല. 30എന്നാൽ മുമ്പുണ്ടായിട്ടില്ലാത്തവിധം അവിടുന്നു ഭൂമി പിളർന്ന് അവരെയും അവർക്കുള്ളവയെയും വിഴുങ്ങുകയും അവർ ജീവനോടെ പാതാളത്തിലേക്കു പോകുകയും ചെയ്താൽ, ഈ മനുഷ്യർ സർവേശ്വരനെ നിന്ദിച്ചു എന്നു നിങ്ങൾ മനസ്സിലാക്കും.” 31മോശ ഈ വാക്കുകൾ പറഞ്ഞു തീർന്നപ്പോഴേക്കും അവർ നിന്നിരുന്ന സ്ഥലം പിളർന്നു. 32ഭൂമി വായ് പിളർന്നു കോരഹിനെയും അവന്റെ കൂട്ടരെയും അവരുടെ കുടുംബാംഗങ്ങളെയും അവരുടെ സർവസമ്പത്തോടൊപ്പം വിഴുങ്ങിക്കളഞ്ഞു. 33അവരും ബന്ധപ്പെട്ടവരും ജീവനോടെ പാതാളത്തിൽ പതിച്ചു; ഭൂമി അവരെ മൂടി; അങ്ങനെ അവർ ഇസ്രായേലിൽനിന്നു നീക്കപ്പെട്ടു. 34അവരുടെ കരച്ചിൽ കേട്ടപ്പോൾ “ഭൂമി തങ്ങളെയും വിഴുങ്ങിക്കളയും” എന്നു പറഞ്ഞു ചുറ്റും നിന്ന ഇസ്രായേല്യർ ഓടി അകന്നു. 35സർവേശ്വരനിൽനിന്ന് അഗ്നി പുറപ്പെട്ടു ധൂപാർപ്പണം നടത്തിക്കൊണ്ടിരുന്ന ഇരുനൂറ്റമ്പതു പേരെയും ദഹിപ്പിച്ചുകളഞ്ഞു.
ധൂപകലശങ്ങൾ
36സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 37“എരിതീയിൽനിന്നു ധൂപകലശങ്ങൾ ശേഖരിക്കാൻ അഹരോന്റെ പുത്രനായ എലെയാസാരിനോടു പറയുക. അവയിലെ കനൽ ദൂരെ കളയണം. കലശങ്ങൾ വിശുദ്ധമാണല്ലോ. 38തങ്ങളുടെ പാപങ്ങൾക്കുവേണ്ടി ജീവൻ വിലയായി നല്‌കിയ ഇവരുടെ ധൂപകലശങ്ങൾ ശേഖരിച്ച് അടിച്ചു തകിടുകളാക്കി യാഗപീഠം മൂടുന്നതിന് ഉപയോഗിക്കാം; അവ സർവേശ്വരസന്നിധിയിൽ സമർപ്പിച്ചവയായതുകൊണ്ടു വിശുദ്ധമാണ്; അവ ഇസ്രായേൽജനത്തിന് ഒരു അടയാളമായിരിക്കട്ടെ. 39തീയിൽ വെന്തുപോയവർ അർപ്പിച്ച ഓട്ടുധൂപകലശങ്ങൾ പുരോഹിതനായ എലെയാസാർ ശേഖരിച്ചു; യാഗപീഠം മൂടത്തക്കവിധം അവ അടിച്ചുപരത്തി തകിടാക്കി. 40അഹരോന്റെ വംശപരമ്പരയിൽ പെടാത്തവനും പുരോഹിതനല്ലാത്തവനും സർവേശ്വരസന്നിധിയിൽ പ്രവേശിച്ചു ധൂപാർപ്പണം നടത്തിയാൽ കോരഹിനും അവന്റെ കൂട്ടർക്കും ഉണ്ടായ അനുഭവം ഉണ്ടാകും എന്നതിന്റെ പ്രതീകമായി അവ ഇസ്രായേൽജനത്തിന്റെ മുമ്പിൽ ഇരിക്കട്ടെ.” സർവേശ്വരൻ മോശ മുഖേന കല്പിച്ചതുപോലെ എലെയാസാർ ചെയ്തു.
അഹരോൻ ജനത്തെ രക്ഷിക്കുന്നു
41പിറ്റെദിവസം ഇസ്രായേൽജനം മോശയ്‍ക്കും അഹരോനും എതിരായി പിറുപിറുത്തുകൊണ്ടു പറഞ്ഞു: “നിങ്ങൾ സർവേശ്വരന്റെ ജനങ്ങളെ കൊന്നുകളഞ്ഞു.” 42അവർ മോശയ്‍ക്കും അഹരോനും എതിരായി ഒന്നിച്ചുകൂടി തിരുസാന്നിധ്യകൂടാരത്തിന്റെ അടുക്കലേക്കു നീങ്ങി. അപ്പോൾ മേഘം കൂടാരത്തെ മൂടിയിരിക്കുന്നതും സർവേശ്വരന്റെ തേജസ്സ് പ്രത്യക്ഷമായിരിക്കുന്നതും അവർ കണ്ടു. 43മോശയും അഹരോനും തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പിൽ ചെന്നു നിന്നു. 44അപ്പോൾ സർവേശ്വരൻ മോശയോട്: “ഈ ജനത്തിന്റെ ഇടയിൽനിന്നു മാറി നില്‌ക്കുക; 45ക്ഷണത്തിൽ ഞാൻ അവരെ സംഹരിക്കും” എന്നു പറഞ്ഞു. അപ്പോൾ അവർ സാഷ്ടാംഗം വീണു. മോശ അഹരോനോടു പറഞ്ഞു: 46“യാഗപീഠത്തിലെ തീക്കനൽ നിറച്ച ധൂപകലശം നീ എടുത്ത് അതിൽ കുന്തുരുക്കം ഇട്ട് അതുമായി വേഗം ജനത്തിന്റെ മധ്യേ ചെന്ന് അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുക; സർവേശ്വരനിൽനിന്നു കോപം പുറപ്പെട്ടിരിക്കുന്നു. ബാധ ആരംഭിച്ചുകഴിഞ്ഞു.” 47മോശ പറഞ്ഞതുപോലെ അഹരോൻ ജനത്തിന്റെ ഇടയിലേക്ക് ഓടി; ബാധ അവരുടെ ഇടയിൽ ആരംഭിച്ചുകഴിഞ്ഞിരുന്നു; അഹരോൻ ധൂപാർപ്പണം നടത്തി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ചു. 48മരിച്ചുവീണവരുടെയും ജീവനോടിരുന്നവരുടെയും മധ്യേ അഹരോൻ നിന്നപ്പോൾ ബാധ ശമിച്ചു. 49കോരഹ് നിമിത്തമായി മരിച്ചവർക്കു പുറമേ പതിനാലായിരത്തി എഴുനൂറു പേർ ബാധകൊണ്ടു മരിച്ചു. 50ബാധ ശമിച്ചപ്പോൾ അഹരോൻ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ മോശയുടെ അടുത്തു തിരികെ ചെന്നു.

Currently Selected:

NUMBERS 16: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy