YouVersion Logo
Search Icon

NUMBERS 13

13
ചാരന്മാരെ അയയ്‍ക്കുന്നു
(ആവ. 1:19-33)
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“ഞാൻ ഇസ്രായേൽജനത്തിനു നല്‌കാൻ പോകുന്ന കനാൻദേശം ഒറ്റുനോക്കാൻ ഓരോ ഗോത്രത്തിൽനിന്ന് ഓരോ നേതാവിനെ അയയ്‍ക്കുക. 3അവിടുന്നു കല്പിച്ചതുപോലെ പാരാൻമരുഭൂമിയിൽനിന്ന് അവരെ മോശ അയച്ചു. അവരെല്ലാവരും ഇസ്രായേൽജനത്തിന്റെ തലവന്മാരായിരുന്നു. 4അവരുടെ പേരുകൾ: രൂബേൻഗോത്രത്തിൽനിന്നു സക്കൂറിന്റെ പുത്രൻ ശമ്മൂവ, 5ശിമെയോൻഗോത്രത്തിൽനിന്നു ഹോരിയുടെ പുത്രൻ ശാഫാത്ത്, 6യെഹൂദാഗോത്രത്തിൽനിന്നു യെഫുന്നെയുടെ പുത്രൻ കാലേബ്, 7ഇസ്സാഖാർഗോത്രത്തിൽനിന്നു യോസേഫിന്റെ പുത്രൻ ഈഗാൽ, 8എഫ്രയീംഗോത്രത്തിൽനിന്നു നൂനിന്റെ പുത്രൻ ഹോശേയ, 9ബെന്യാമീൻഗോത്രത്തിൽനിന്നു രാഫൂവിന്റെ പുത്രൻ പൽത്തി, 10സെബൂലൂൻഗോത്രത്തിൽനിന്നു സോദിയുടെ പുത്രൻ ഗദ്ദീയേൽ, 11യോസേഫിന്റെ പുത്രനായ മനശ്ശെയുടെ ഗോത്രത്തിൽനിന്നു സൂസിയുടെ പുത്രൻ ഗദ്ദി, 12ദാൻഗോത്രത്തിൽനിന്നു ഗെമല്ലിയുടെ പുത്രൻ അമ്മീയേൽ, 13ആശേർഗോത്രത്തിൽനിന്നു മീഖായേലിന്റെ പുത്രൻ സെഥൂർ, 14നഫ്താലിഗോത്രത്തിൽനിന്നു വൊപ്സിയുടെ പുത്രൻ നഹ്ബി, 15ഗാദ്ഗോത്രത്തിൽനിന്നു മാഖിയുടെ പുത്രൻ ഗയൂവേൽ. 16ഇവരെയാണ് ദേശം ഒറ്റുനോക്കുന്നതിനു മോശ തിരഞ്ഞെടുത്തയച്ചത്. നൂനിന്റെ മകനായ ഹോശേയയ്‍ക്ക് യോശുവ എന്നു മോശ പേരിട്ടു. 17ദേശം പരിശോധിക്കാൻ അയയ്‍ക്കുമ്പോൾ മോശ അവരോടു പറഞ്ഞു: “നിങ്ങൾ നെഗബിൽ ചെന്നിട്ടു മലനാട്ടിലേക്കു പോകുക. 18ദേശം എങ്ങനെയുള്ളത്, അവിടെ പാർക്കുന്ന ജനം ശക്തരോ അശക്തരോ അവർ സംഖ്യയിൽ കൂടുതലോ കുറവോ, 19അവർ പാർക്കുന്ന സ്ഥലം നല്ലതോ ചീത്തയോ, അവരുടെ പട്ടണങ്ങൾ കോട്ടകളാൽ സുരക്ഷിതമോ അതോ വെറും കൂടാരങ്ങൾ മാത്രമോ, 20ഭൂമി ഫലഭൂയിഷ്ഠമോ അല്ലാത്തതോ, വൃക്ഷങ്ങൾ ഉള്ളതോ ഇല്ലാത്തതോ എന്നു പരിശോധിക്കണം. നിങ്ങൾ ധൈര്യമായിരിക്കുക. അവിടെനിന്നു കുറെ ഫലങ്ങളും കൊണ്ടുവരണം.” മുന്തിരിയുടെ ആദ്യവിളവെടുപ്പു സമയമായിരുന്നു അത്. 21അവർ പുറപ്പെട്ടു, സീൻമരുഭൂമിമുതൽ ഹാമാത്തിന്റെ കവാടത്തിനടുത്തുള്ള രഹോബ്‍വരെ ഒറ്റുനോക്കി. 22നെഗെബ് കടന്ന് അവർ ഹെബ്രോനിൽ എത്തി. അവിടെയായിരുന്നു അനാക്കിന്റെ പിൻതലമുറക്കാരായ അഹീമാൻ, ശേശായി, തൽമായി എന്നിവർ പാർത്തിരുന്നത്. ഈജിപ്തിലെ സോവാൻപട്ടണം നിർമ്മിക്കുന്നതിനു മുമ്പായിരുന്നു ഹെബ്രോന്റെ നിർമ്മാണം. 23അവർ എസ്കോൽതാഴ്‌വരയിൽ ചെന്ന് ഒരു മുന്തിരിക്കൊമ്പ് കുലയോടുകൂടി മുറിച്ചെടുത്തു തണ്ടിന്മേൽ കെട്ടി രണ്ടു പേർകൂടി ചുമന്നു കൊണ്ടുവന്നു. കുറെ മാതളപ്പഴവും അത്തിപ്പഴവുംകൂടി അവർ കൊണ്ടുപോന്നു. 24ഇസ്രായേല്യർ അവിടെനിന്നു മുന്തിരിക്കുല മുറിച്ചെടുത്തതിനാൽ ആ സ്ഥലത്തിനു #13:24 എസ്ക്കോൽ = മുന്തിരിക്കുല എസ്ക്കോൽ താഴ്‌വര എന്നു പേരായി. 25നാല്പതു ദിവസത്തെ രഹസ്യനിരീക്ഷണത്തിനു ശേഷം അവർ മടങ്ങിവന്നു. 26അവർ പാരാൻമരുഭൂമിയിലുള്ള കാദേശിൽവച്ച് മോശയെയും അഹരോനെയും ഇസ്രായേൽസമൂഹത്തെ മുഴുവനും വിവരം അറിയിച്ചു. അവർ കൊണ്ടുവന്ന പഴങ്ങളും അവരെ കാണിച്ചു. 27അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളെ അയച്ച ദേശത്തു ഞങ്ങൾ പോയി, അതു പാലും തേനും ഒഴുകുന്ന ദേശമാണ്; ഇതാ ഞങ്ങൾ അവിടെനിന്നു കൊണ്ടുവന്ന പഴങ്ങൾ. 28എന്നാൽ ആ ദേശവാസികൾ കരുത്തുറ്റവരും അവരുടെ പട്ടണങ്ങൾ കോട്ട കെട്ടി ഉറപ്പിച്ചിരിക്കുന്നവയുമാണ്. അനാക്കിന്റെ വംശജരെയും ഞങ്ങൾ അവിടെ കണ്ടു. 29നെഗെബ്‍ദേശത്തു പാർക്കുന്നത് അമാലേക്യരാണ്. ഹിത്യരും യെബൂസ്യരും അമോര്യരും മലമ്പ്രദേശങ്ങളിലും, കനാന്യർ കടൽക്കരയിലും യോർദ്ദാൻപ്രദേശത്തും വസിക്കുന്നു.” 30അപ്പോൾ മോശയുടെ മുമ്പാകെ കൂടിയിരുന്ന ജനത്തെ ശാന്തരാക്കിയിട്ടു കാലേബ് പറഞ്ഞു: “നമുക്കു ഇപ്പോൾത്തന്നെ പോയി ആ ദേശം കൈവശപ്പെടുത്താം; അതിനുള്ള ശക്തി നമുക്കുണ്ട്. 31എന്നാൽ കാലേബിനോടൊപ്പം പോയിരുന്നവർ പറഞ്ഞു: “അവിടെയുള്ള ജനത്തെ നേരിടാൻ നമുക്കു കഴികയില്ല; അവർ നമ്മെക്കാൾ ശക്തരാണ്.” 32“അങ്ങനെ തങ്ങൾ ഒറ്റുനോക്കാൻ പോയ സ്ഥലത്തെപ്പറ്റി തെറ്റായ ധാരണ ഇസ്രായേൽജനത്തിന്റെ ഇടയിൽ അവർ പ്രചരിപ്പിച്ചു. അവർ പറഞ്ഞു: “ഞങ്ങൾ ചുറ്റി സഞ്ചരിച്ചു രഹസ്യനിരീക്ഷണം നടത്തിയ സ്ഥലം അവിടെ പാർക്കാൻ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്ന സ്ഥലമാണ്. അതികായന്മാരെ മാത്രമാണ് ഞങ്ങൾ അവിടെ കണ്ടത്. 33അനാക്കിന്റെ വംശജരായ മല്ലന്മാരെയും അവിടെ കണ്ടു. അവരുടെ മുമ്പിൽ ഞങ്ങൾ വെറും വിട്ടിലുകളാണെന്നു ഞങ്ങൾക്കു തോന്നി. അവർക്കും ഞങ്ങളെപ്പറ്റി അങ്ങനെതന്നെ തോന്നിയിരിക്കണം.”

Currently Selected:

NUMBERS 13: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy