YouVersion Logo
Search Icon

NEHEMIA 4

4
മതിൽപ്പണിക്കു തടസ്സം
1മതിൽ പണിയുന്നു എന്നു കേട്ടു സൻബല്ലത്ത് കോപിഷ്ഠനായി. അയാൾ ഞങ്ങളെ പരിഹസിച്ചു. 2തന്റെ ചാർച്ചക്കാരും ശമര്യാസൈന്യവും കേൾക്കെ അയാൾ പറഞ്ഞു: “ദുർബലരായ ഈ യെഹൂദന്മാർ എന്തു ചെയ്യാൻ പോകുന്നു? അവർ മതിൽ മുഴുവൻ പുനരുദ്ധരിക്കുമോ? അവർക്കു യാഗാർപ്പണം നടത്താൻ കഴിയുമോ? ഒറ്റ ദിവസംകൊണ്ട് അവർ ഇതെല്ലാം പണിയുമോ? കത്തി നശിച്ചുകിടക്കുന്ന അവശിഷ്ടങ്ങളിൽനിന്നു കല്ലുകൾ വീണ്ടെടുത്തു യഥാസ്ഥാനത്ത് അവർ ഉറപ്പിക്കുമോ?” 3അടുത്തു നിന്നിരുന്ന അമ്മോന്യനായ തോബീയാ പറഞ്ഞു: “അതേ, അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഇടിഞ്ഞുവീഴും.” 4ഞാൻ പ്രാർഥിച്ചു: “ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ പ്രാർഥന കേൾക്കണമേ; ഞങ്ങൾ നിന്ദിക്കപ്പെട്ടിരിക്കുന്നു. അവരുടെ പരിഹാസം അവരുടെ ശിരസ്സുകളിൽതന്നെ പതിക്കാൻ ഇടയാക്കണമേ. അവർ തടവുകാരായിത്തീരുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യട്ടെ. 5മതിൽ പണിയുന്നവരുടെ മുമ്പാകെ അവർ അവിടുത്തെ പ്രകോപിപ്പിച്ചിരിക്കുന്നു. അവരുടെ അപരാധം മറയ്‍ക്കരുതേ; അവരുടെ പാപം അവിടുത്തെ മുമ്പിൽനിന്നു മായിച്ചു കളയരുതേ.” 6അങ്ങനെ ഞങ്ങൾ മതിൽപ്പണി തുടർന്നു; ജനത്തിന്റെ ഉത്സാഹംകൊണ്ടു മതിൽ മുഴുവനും പകുതിവരെ കെട്ടി ഉയർത്തി.
7യെരൂശലേമിന്റെ മതിലുകളുടെ പുനരുദ്ധാരണം പൂർത്തിയാകുന്നു എന്നും വിള്ളലുകൾ അടഞ്ഞു തുടങ്ങി എന്നും കേട്ട് സൻബല്ലത്തും തോബീയായും അറബികളും അമ്മോന്യരും അസ്തോദ്യരും കുപിതരായി. 8യെരൂശലേമിനെതിരെ പോരാടാനും കലാപം ഉണ്ടാക്കാനും അവർ ഒത്തുകൂടി ഗൂഢാലോചന നടത്തി. 9ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവത്തോടു പ്രാർഥിച്ചു. അവരിൽനിന്നുള്ള രക്ഷയ്‍ക്കായി ഞങ്ങൾ രാവും പകലും കാവൽ ഏർപ്പെടുത്തി. 10“ചുമട്ടുകാർ തളർന്നിരിക്കുന്നു. മതിലിന്റെ അവശിഷ്ടങ്ങൾ ഇനിയും ധാരാളം നീക്കാനുണ്ട്; പണി തുടരാൻ ഞങ്ങൾക്കു കഴിയുന്നില്ല” എന്നു യെഹൂദ്യർ പറഞ്ഞു. 11“നാം അവരുടെ ഇടയിൽ കടന്ന് അവരെ കൊന്ന് മതിലിന്റെ പണി മുടക്കുന്നതുവരെ അവർ നമ്മുടെ നീക്കം അറിയരുത്” എന്നു ഞങ്ങളുടെ ശത്രുക്കൾ പറഞ്ഞു. 12സമീപവാസികളായ യെഹൂദന്മാർ പല തവണ ഞങ്ങളുടെ അടുക്കൽ വന്നു പറഞ്ഞു: “എങ്ങോട്ടു തിരിഞ്ഞാലും അവർ നമ്മെ എതിരിടും.” 13അതുകൊണ്ടു മതിലിന്റെ പണി പൂർത്തിയാകാത്ത ഇടങ്ങളിൽ തുറസ്സായ സ്ഥലത്തു ജനങ്ങളെ കുടുംബക്രമത്തിൽ വാള്, കുന്തം, വില്ല് എന്നിവയുമായി അണിനിരത്തി. 14ഞാൻ ചുറ്റും നോക്കി; പ്രഭുക്കന്മാരോടും പ്രമാണികളോടും മറ്റു ജനങ്ങളോടുമായി പറഞ്ഞു: “നിങ്ങൾ അവരെ ഭയപ്പെടേണ്ടാ; ഉന്നതനും ഉഗ്രപ്രഭാവവാനുമായ സർവേശ്വരനെ ഓർത്തുകൊണ്ടു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കുംവേണ്ടി പോരാടുക.” 15തങ്ങളുടെ ഗൂഢാലോചന ഞങ്ങളുടെ അറിവിൽ പെട്ടെന്നും ദൈവം തങ്ങളുടെ ഉപായം നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ മനസ്സിലാക്കി. ഞങ്ങൾ ആകട്ടെ മതിലിന്റെ പണി തുടർന്നു.
16അന്നുമുതൽ എന്റെ ആളുകളിൽ പകുതിപേർ പണിയിലേർപ്പെട്ടു; പകുതി ആളുകൾ കുന്തം, പരിച, വില്ല്, കവചം എന്നിവ ധരിച്ചു കാവൽനിന്നു. പണിയിൽ ഏർപ്പെട്ടിരുന്നവരെ നേതാക്കന്മാർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. 17ചുമട്ടുകാർ ഒരു കൈകൊണ്ടു വേല ചെയ്യുകയും മറ്റേ കൈയിൽ ആയുധം വഹിക്കുകയും ചെയ്തു. 18മതിലുപണിക്കാർപോലും അരയിൽ വാൾ തൂക്കിയിട്ടിരുന്നു. കാഹളം ഊതുന്നവൻ എന്റെ അടുക്കൽ നിന്നിരുന്നു. 19ഞാൻ ജനത്തോടും അവരുടെ പ്രഭുക്കന്മാരോടും പ്രമാണികളോടും പറഞ്ഞു: “നാം ചെയ്തുകൊണ്ടിരിക്കുന്ന ജോലി വളരെ വലുതാണ്. അതു പലയിടത്തായി വ്യാപിച്ചിരിക്കുന്നു. മതിലിന്റെ പണിയിൽ ഏർപ്പെട്ട് നാം പല സ്ഥലങ്ങളിൽ ആയിരിക്കുന്നു. 20കാഹളധ്വനി കേൾക്കുമ്പോൾ ഞങ്ങളുടെ അടുത്ത് ഓടിക്കൂടണം. നമ്മുടെ ദൈവം നമുക്കുവേണ്ടി പോരാടും.” 21അങ്ങനെ ഞങ്ങൾ പണി തുടർന്നു. പകുതി ആളുകൾ നേരം പുലരുമ്പോൾമുതൽ നക്ഷത്രം ഉദിക്കുന്നതുവരെ കുന്തവും ഏന്തിനിന്നിരുന്നു.
22അപ്പോൾ ഞാൻ ജനത്തോടു പറഞ്ഞു: “എല്ലാവരും തങ്ങളുടെ ദാസരുമൊത്ത് യെരൂശലേമിൽ രാത്രി കഴിക്കണം. അങ്ങനെ നമുക്കു പട്ടണം സംരക്ഷിക്കാം.” 23ഞാനും എന്റെ കൂടെയുണ്ടായിരുന്നവരും ഞങ്ങളുടെ ദാസന്മാരും എന്നെ അനുഗമിച്ചിരുന്ന കാവല്‌ക്കാരും വസ്ത്രം മാറിയില്ല; കുളിക്കുമ്പോൾ പോലും ആയുധം ധരിച്ചിരുന്നു.

Currently Selected:

NEHEMIA 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy