YouVersion Logo
Search Icon

MARKA 8:1-21

MARKA 8:1-21 MALCLBSI

അന്നൊരിക്കൽ വീണ്ടും ഒരു വലിയ ജനസഞ്ചയം വന്നുകൂടി. അവർക്കു ഭക്ഷിക്കുന്നതിനൊന്നും ഇല്ലാഞ്ഞതിനാൽ ശിഷ്യന്മാരെ വിളിച്ച് യേശു പറഞ്ഞു: “ഈ ജനത്തോട് എനിക്ക് അനുകമ്പ തോന്നുന്നു; മൂന്നു ദിവസമായി അവർ എന്നോടുകൂടി കഴിയുകയാണല്ലോ. ഇവർക്കു ഭക്ഷിക്കാനൊന്നുമില്ല; ഞാനിവരെ പട്ടിണിയായി ഇവരുടെ വീടുകളിലേക്കു പറഞ്ഞയച്ചാൽ ഇവർ വഴിയിൽ തളർന്നുവീഴും; ഇവരിൽ ചിലർ ദൂരസ്ഥലങ്ങളിൽനിന്നു വന്നിട്ടുള്ളവരാണ്.” അപ്പോൾ ശിഷ്യന്മാർ അവിടുത്തോട്: “ഈ ജനത്തിനെല്ലാം ആഹാരം കൊടുക്കുവാൻ ഈ വിജനസ്ഥലത്ത് ആർക്കു കഴിയും?” എന്നു ചോദിച്ചു. “ആകട്ടെ നിങ്ങളുടെ കൈയിൽ എത്ര അപ്പമുണ്ട്?” എന്ന് യേശു അവരോട് ചോദിച്ചു. “ഏഴ്” എന്നവർ പറഞ്ഞു. അവിടുന്നു ജനത്തോടു നിലത്തിരിക്കുവാൻ ആജ്ഞാപിച്ചു. പിന്നീട് ആ ഏഴപ്പം എടുത്തു സ്തോത്രംചെയ്തു മുറിച്ച് അവർക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. അവർ വിളമ്പി; കുറെ ചെറുമീനും അവരുടെ പക്കലുണ്ടായിരുന്നു; യേശു അവയും വാഴ്ത്തിയശേഷം വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരോടു പറഞ്ഞു. അവർ ഭക്ഷിച്ചു തൃപ്തരായി; ശേഷിച്ച അപ്പനുറുക്കുകൾ ഏഴു വട്ടി നിറയെ ശേഖരിച്ചു. ഭക്ഷിച്ചവർ നാലായിരത്തോളം പേരുണ്ടായിരുന്നു. യേശു അവരെ പറഞ്ഞയച്ചു. ഉടനെതന്നെ അവിടുന്നു ശിഷ്യന്മാരോടുകൂടി വഞ്ചിയിൽ കയറി ദല്മനൂഥ ദേശത്തേക്കു പോയി. പരീശന്മാർ വന്ന് യേശുവിനോടു തർക്കിച്ചു തുടങ്ങി. അവിടുത്തെ പരീക്ഷിച്ചുകൊണ്ട് ആകാശത്തുനിന്ന് ഒരു അടയാളം കാണിക്കുവാൻ അവർ അവിടുത്തോട് ആവശ്യപ്പെട്ടു. അവിടുന്ന് ആത്മാവിന്റെ അടിത്തട്ടിൽനിന്നു നെടുവീർപ്പിട്ടുകൊണ്ട് “ഈ തലമുറ അടയാളം അന്വേഷിക്കുന്നത് എന്തിന്? ഒരടയാളവും അവർക്കു ലഭിക്കുകയില്ലെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു” എന്നു പറഞ്ഞു. അനന്തരം അവിടുന്ന് അവരെ വിട്ട് വഞ്ചിയിൽ കയറി തടാകത്തിന്റെ മറുകരയ്‍ക്കുപോയി. അപ്പം കൊണ്ടുപോരുവാൻ ശിഷ്യന്മാർ മറന്നുപോയി. വഞ്ചിയിൽ അവരുടെ കൈവശം ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യേശു അവരോട്, “പരീശന്മാരുടെയും ഹേരോദായുടെയും പുളിപ്പുമാവ് സൂക്ഷിച്ചുകൊള്ളുക” എന്നു മുന്നറിയിപ്പു നല്‌കി. “നമ്മുടെ കൈവശം അപ്പം ഇല്ലാത്തതുകൊണ്ടായിരിക്കുമോ അവിടുന്ന് ഇങ്ങനെ നിർദേശിച്ചത്? ” എന്ന് അവർ അന്യോന്യം പറഞ്ഞു. യേശു ഇതറിഞ്ഞ് അവരോടു ചോദിച്ചു: “നിങ്ങളുടെ കൈയിൽ അപ്പമില്ലാത്തതിനെപ്പറ്റി സംസാരിക്കുന്നതെന്തിന്? നിങ്ങൾ ഇനിയും ഒന്നും കാണുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങൾ മന്ദബുദ്ധികളായിത്തന്നെ ഇരിക്കുന്നുവോ? കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും കേൾക്കുന്നില്ലേ? നിങ്ങൾ ഓർക്കുന്നില്ലേ, അയ്യായിരംപേർക്ക് ഞാൻ അഞ്ചപ്പം നുറുക്കിക്കൊടുത്തപ്പോൾ അപ്പനുറുക്കുകൾ നിങ്ങൾ എത്ര കുട്ട നിറച്ചെടുത്തു?” അവർ പറഞ്ഞു: “പന്ത്രണ്ട്.” യേശു അവരോടു വീണ്ടും ചോദിച്ചു: “നാലായിരംപേർക്ക് ഏഴപ്പം കൊടുത്തപ്പോൾ അപ്പനുറുക്കുകൾ എത്ര വട്ടി നിറച്ചെടുത്തു?” “ഏഴ്” എന്നവർ പറഞ്ഞു. യേശു അവരോട് “ഇനിയും നിങ്ങൾ ഗ്രഹിക്കുന്നില്ലേ?” എന്നു ചോദിച്ചു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy