YouVersion Logo
Search Icon

MARKA 15

15
പീലാത്തോസിന്റെ മുമ്പിൽ
(മത്താ. 27:1-2-11-14; ലൂക്കോ. 23:1-5; യോഹ. 18:28-38)
1അതിരാവിലെതന്നെ മുഖ്യപുരോഹിതന്മാർ, ജനപ്രമാണിമാരോടും മതപണ്ഡിതന്മാരോടും സന്നദ്രിംസംഘത്തിലെ എല്ലാ അംഗങ്ങളോടുംകൂടി ആലോചിച്ചശേഷം യേശുവിനെ ബന്ധിച്ച് പീലാത്തോസിന്റെ മുമ്പിൽ ഹാജരാക്കി.
2പീലാത്തോസ് യേശുവിനോട് ചോദിച്ചു: “നിങ്ങൾ യെഹൂദന്മാരുടെ രാജാവാണോ?”
യേശു പ്രതിവചിച്ചു: “താങ്കൾ അങ്ങനെ പറയുന്നു.”
3മുഖ്യപുരോഹിതന്മാർ യേശുവിനെതിരെ പല ആരോപണങ്ങൾ ഉന്നയിച്ചു. 4പീലാത്തോസ് വീണ്ടും ചോദിച്ചു: “താങ്കൾ ഒരു മറുപടിയും പറയുന്നില്ലേ? നോക്കൂ, താങ്കൾക്കെതിരെ എത്രയെത്ര കുറ്റങ്ങളാണ് അവർ ആരോപിക്കുന്നത്!”
5എന്നിട്ടും യേശു മറുപടിയൊന്നും പറഞ്ഞില്ല. അതിൽ പീലാത്തോസ് ആശ്ചര്യപ്പെട്ടു.
വധശിക്ഷയ്‍ക്കു വിധിക്കപ്പെടുന്നു
(മത്താ. 27:15-26; ലൂക്കോ. 23:13-25; യോഹ. 18:39—19:16)
6ഉത്സവദിവസം അവർ ആവശ്യപ്പെടുന്ന ഒരു തടവുകാരനെ പീലാത്തോസ് മോചിപ്പിക്കുക പതിവായിരുന്നു. 7ഒരു കലാപത്തിൽ കൊലക്കുറ്റം ചെയ്ത ബറബ്ബാസ് എന്നൊരാൾ മറ്റു കലാപകാരികളോടുകൂടി തടവിൽ കിടക്കുന്നുണ്ടായിരുന്നു. 8ജനങ്ങൾ പീലാത്തോസിന്റെ അടുക്കൽചെന്ന്, പതിവുപോലെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
9“യെഹൂദന്മാരുടെ രാജാവിനെ ഞാൻ നിങ്ങൾക്കു വിട്ടുതരണമെന്നാണോ നിങ്ങളുടെ ആഗ്രഹം?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. 10അസൂയകൊണ്ടാണ് മുഖ്യപുരോഹിതന്മാർ യേശുവിനെ പിടിച്ച് തന്നെ ഏല്പിച്ചതെന്ന് പീലാത്തോസ് മനസ്സിലാക്കിയിരുന്നു.
11ബറബ്ബാസിനെത്തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ പുരോഹിതമുഖ്യന്മാർ ജനത്തെ പറഞ്ഞിളക്കി. 12പീലാത്തോസ് വീണ്ടും ചോദിച്ചു: “യെഹൂദന്മാരുടെ രാജാവ് എന്നു നിങ്ങൾ പറയുന്ന ഈ മനുഷ്യനെ ഞാൻ എന്തുചെയ്യണം?”
13“അയാളെ ക്രൂശിക്കുക” എന്ന് അവർ അത്യുച്ചത്തിൽ പറഞ്ഞു.
14“എന്തിന്? അയാൾ എന്തുദോഷം ചെയ്തു?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. എന്നാൽ അവർ പൂർവാധികം ഉച്ചത്തിൽ “അയാളെ ക്രൂശിക്കുക” എന്ന് അട്ടഹസിച്ചു.
15ജനങ്ങളെ പ്രീണിപ്പിക്കുവാൻ പീലാത്തോസ് ആഗ്രഹിച്ചതുകൊണ്ട് ബറബ്ബാസിനെ മോചിപ്പിക്കുകയും യേശുവിനെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ക്രൂശിക്കുവാൻ അവരെ ഏല്പിക്കുകയും ചെയ്തു.
പടയാളികൾ പരിഹസിക്കുന്നു
(മത്താ. 27:27-31; യോഹ. 19:2-3)
16പടയാളികൾ യേശുവിനെ കൊട്ടാരത്തിനുള്ളിലുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അവർ അവിടെയുണ്ടായിരുന്ന പട്ടാളത്തെ മുഴുവൻ വിളിച്ചുകൂട്ടി; 17അവിടുത്തെ കടുംചുമപ്പ് നിറമുള്ള ഒരു അങ്കി അണിയിച്ചു; മുള്ളുകൊണ്ടു മെടഞ്ഞ കിരീടം അവിടുത്തെ ശിരസ്സിൽ ചൂടിക്കുകയും ചെയ്തു. 18പിന്നീട് “ഹേ, യെഹൂദന്മാരുടെ രാജാവേ! ജയിച്ചാലും! ജയിച്ചാലും! എന്നു പറഞ്ഞുകൊണ്ട് ഹാസ്യമായി അഭിവാദനം ചെയ്തു. 19വടികൊണ്ട് അവർ അവിടുത്തെ തലയ്‍ക്കടിച്ചു; മുഖത്തു തുപ്പി; മുട്ടുകുത്തി അവിടുത്തെ നമസ്കരിച്ചു. 20ഇങ്ങനെ അവർ അവിടുത്തെ അവഹേളിച്ചശേഷം അങ്കി ഊരി സ്വന്തം വസ്ത്രം ധരിപ്പിച്ചു ക്രൂശിക്കുവാൻ പുറത്തേക്കു കൊണ്ടുപോയി.
യേശുവിനെ ക്രൂശിക്കുന്നു
(മത്താ. 27:32-44; ലൂക്കോ. 23:26-43; യോഹ. 19:17-27)
21അലക്സാണ്ടറിന്റെയും രൂഫസിന്റെയും പിതാവായ കുറേനക്കാരൻ ശിമോൻ വയലിൽനിന്ന് അതുവഴി കടന്നുപോകുമ്പോൾ യേശുവിന്റെ കുരിശ് ചുമക്കുവാൻ പടയാളികൾ അയാളെ നിർബന്ധിച്ചു. 22അവർ യേശുവിനെ തലയോടിന്റെ സ്ഥലം എന്ന് അർഥമുള്ള ഗോല്ഗോഥായിലേക്ക് കൊണ്ടുപോയി. 23അവർ അവിടുത്തെ കയ്പുചേർത്ത വീഞ്ഞു കുടിക്കുവാൻ കൊടുത്തു. പക്ഷേ അവിടുന്ന് അതു സ്വീകരിച്ചില്ല. 24അവർ അവിടുത്തെ ക്രൂശിച്ചു. പിന്നീട് അവിടുത്തെ വസ്ത്രങ്ങൾ പങ്കിട്ടശേഷം ആർക്കു കിട്ടണമെന്നറിയുന്നതിനു നറുക്കിട്ടു. 25രാവിലെ ഒൻപതുമണിക്കാണ് അവർ യേശുവിനെ ക്രൂശിച്ചത്. 26അവിടുത്തെ പേരിലുള്ള കുറ്റമായി ‘യെഹൂദന്മാരുടെ രാജാവ്’ എന്ന് മീതെ എഴുതിവച്ചു. 27യേശുവിന്റെ കൂടെ രണ്ടു കൊള്ളക്കാരെ ഒരാളെ വലത്തും അപരനെ ഇടത്തുമായി ക്രൂശിച്ചു. 28’അവൻ അധർമികളുടെകൂടെ എണ്ണപ്പെട്ടു’ എന്ന വേദലിഖിതം ഇങ്ങനെ സത്യമായി.#15:28 ചില കൈയെഴുത്തു പ്രതികളിൽ ഈ വാക്യം കാണുന്നില്ല.
29അതുവഴി കടന്നുപോയവർ യേശുവിനെ ദുഷിച്ചു; “ആഹാ! ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവനല്ലേ നീ! 30കുരിശിൽനിന്ന് ഇറങ്ങിവന്നു നീ നിന്നെത്തന്നെ രക്ഷിക്കുക!” എന്നു തലയാട്ടിക്കൊണ്ട് അവർ പറഞ്ഞു.
31അതുപോലെതന്നെ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യേശുവിനെ പരിഹസിച്ചു; അവർ അന്യോന്യം പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; പക്ഷേ തന്നെത്തന്നെ രക്ഷിക്കുവാൻ കഴിവില്ല. 32ഇസ്രായേലിന്റെ രാജാവായ മശിഹാ ഇപ്പോൾ കുരിശിൽനിന്ന് ഇറങ്ങിവരട്ടെ; നമുക്കു കണ്ടു വിശ്വസിക്കാമല്ലോ”
യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവിടുത്തെ നിന്ദിച്ചു.
യേശു പ്രാണൻ വെടിയുന്നു
(മത്താ. 27:45-56; ലൂക്കോ. 23:44-49; യോഹ. 19:28-30)
33മധ്യാഹ്നം മുതൽ മൂന്നുമണിവരെ ദേശമാസകലം അന്ധകാരാവൃതമായി; മൂന്നുമണിക്ക് യേശു, 34“ഏലോയീ, ഏലോയീ, ലമ്മാ ശബ്ബക്താനി?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ അങ്ങ് എന്നെ കൈവിട്ടത് എന്ത്? എന്നാണ് ഇതിനർഥം.
35അടുത്തുനിന്നവരിൽ ചിലർ ഇതു കേട്ടപ്പോൾ, “അതാ അയാൾ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു. 36ഒരാൾ ഓടിപ്പോയി പുളിച്ച വീഞ്ഞിൽ സ്പഞ്ചു മുക്കി ഞാങ്ങണത്തണ്ടിൽ വച്ച് അവിടുത്തേക്ക് കുടിക്കുവാൻ കൊടുത്തു. “ആകട്ടെ ഏലിയാ ഇയാളെ താഴെ ഇറക്കാൻ വരുമോ എന്ന് നമുക്കു കാണാം” എന്ന് അവർ പറഞ്ഞു.
37യേശു ഉച്ചത്തിൽ നിലവിളിച്ചു പ്രാണൻ വെടിഞ്ഞു.
38അപ്പോൾ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല മുകളിൽനിന്നു താഴെവരെ രണ്ടായി കീറിപ്പോയി. 39യേശു #15:39 ചില കൈയെഴുത്തു പ്രതികളിൽ ‘ഇങ്ങനെ നിലവിളിച്ചു പ്രാണൻ വെടിഞ്ഞത്’ എന്നാണ്.ഇങ്ങനെ പ്രാണൻ വെടിഞ്ഞത് കണ്ടപ്പോൾ അവിടുത്തേക്ക് അഭിമുഖമായി നോക്കി നിന്നിരുന്ന ശതാധിപൻ, “തീർച്ചയായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു” എന്നു പറഞ്ഞു. 40ഏതാനും സ്‍ത്രീകളും അല്പം അകലെ നിന്നുകൊണ്ട് ഇവയെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ മഗ്ദലേന മറിയവും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയവും ശലോമിയും ഉണ്ടായിരുന്നു. 41യേശു ഗലീലയിലായിരുന്നപ്പോൾ അവിടുത്തെ അനുഗമിക്കുകയും പരിചരിക്കുകയും ചെയ്തവരായിരുന്നു ഈ സ്‍ത്രീകൾ. അവിടുത്തോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു പല സ്‍ത്രീകളും അവിടെയുണ്ടായിരുന്നു.
യേശുവിന്റെ മൃതദേഹം സംസ്കരിക്കുന്നു
(മത്താ. 27:57-61; ലൂക്കോ. 23:50-56; യോഹ. 19:38-42)
42-43അന്നു ശബത്തിന്റെ തലേദിവസമായ ഒരുക്കനാളായിരുന്നു. അതുകൊണ്ട് സന്ധ്യ ആയപ്പോൾ, അരിമത്യസ്വദേശിയായ യോസേഫ് ധൈര്യസമേതം പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അയാൾ സന്നദ്രിം സംഘത്തിലെ സമാദരണീയനായ ഒരു അംഗവും ദൈവരാജ്യത്തെ പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. 44യേശു ഇത്രവേഗം മരിച്ചു എന്നു കേട്ടതിനാൽ പീലാത്തോസ് ആശ്ചര്യപ്പെട്ടു. അദ്ദേഹം ശതാധിപനെ വിളിച്ച്, യേശു മരിച്ചുകഴിഞ്ഞോ എന്നു ചോദിച്ചു. 45ശതാധിപനിൽ നിന്ന് യേശു മരിച്ച വിവരം ഗ്രഹിച്ചശേഷം ശരീരം യോസേഫിനു വിട്ടുകൊടുത്തു. 46അദ്ദേഹം യേശുവിന്റെ ശരീരം ഇറക്കി മൃതദേഹം പൊതിയുന്ന തുണി വാങ്ങിക്കൊണ്ടുവന്ന് അതിൽ പൊതിഞ്ഞു പാറയിൽ വെട്ടിയുണ്ടാക്കിയ കല്ലറയിൽ സംസ്കരിച്ചു; കല്ലറയുടെ വാതില്‌ക്കൽ ഒരു കല്ലുരുട്ടി വയ്‍ക്കുകയും ചെയ്തു.
47മഗ്ദലേന മറിയവും യോസെയുടെ അമ്മ മറിയവും യേശുവിന്റെ ശരീരം സംസ്കരിച്ച സ്ഥലം കണ്ടിരുന്നു.

Currently Selected:

MARKA 15: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy