YouVersion Logo
Search Icon

MARKA 14:27-53

MARKA 14:27-53 MALCLBSI

യേശു അവരോട് അരുൾചെയ്തു: “നിങ്ങൾ എല്ലാവരും ഇടറിവീഴും; ‘ഞാൻ ഇടയനെ അടിച്ചു വീഴ്ത്തും; ആടുകൾ ചിതറിപ്പോകും’ എന്നിങ്ങനെ വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലയിലേക്കു പോകും.” അപ്പോൾ പത്രോസ് യേശുവിനോട്, “ആരെല്ലാം ഇടറിവീണാലും ഞാൻ വീഴുകയില്ല” എന്നു പറഞ്ഞു. യേശു പത്രോസിനോട്, “ഇന്ന് രാത്രിയിൽ കോഴി രണ്ടു വട്ടം കൂകുന്നതിനുമുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയും എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു” എന്നു പറഞ്ഞു. അപ്പോൾ പത്രോസ് കൂറെക്കൂടി തറപ്പിച്ചു പറഞ്ഞു: “അങ്ങയോടുകൂടി മരിക്കേണ്ടി വന്നാലും ഞാൻ അങ്ങയെ തള്ളിപ്പറയുകയില്ല.” അതുപോലെതന്നെ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു. പിന്നീട് എല്ലാവരുംകൂടി ഗത്ശമേന എന്ന സ്ഥലത്തേക്കു പോയി. അവിടെ എത്തിയപ്പോൾ “ഞാൻ പ്രാർഥിച്ചു കഴിയുന്നതുവരെ നിങ്ങൾ ഇവിടെ ഇരിക്കുക” എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. പിന്നീട് അവിടുന്ന് പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് മുമ്പോട്ടുപോയി; അവിടുന്ന് അത്യന്തം ശോകാകുലനും അസ്വസ്ഥനുമാകുവാൻ തുടങ്ങി. യേശു അവരോടു പറഞ്ഞു: “എന്റെ ആത്മാവിന്റെ വേദന മരണവേദനപോലെയായിരിക്കുന്നു. നിങ്ങൾ ഇവിടെ ജാഗ്രതയോടുകൂടി ഇരിക്കുക.” പിന്നീട് അവിടുന്ന് അല്പം മുന്നോട്ടുപോയി നിലത്ത് സാഷ്ടാംഗം വീണു: “കഴിയുമെങ്കിൽ കഷ്ടാനുഭവത്തിന്റെ ഈ നാഴിക നീങ്ങിപ്പോകണമേ” എന്നു പ്രാർഥിച്ചു. “പിതാവേ! എന്റെ പിതാവേ! അവിടുത്തേക്കു സമസ്തവും സാധ്യമാണല്ലോ; ഈ പാനപാത്രം എന്നിൽനിന്നു നീക്കിയാലും; എങ്കിലും ഞാൻ ഇച്ഛിക്കുന്നതുപോലെയല്ല, അങ്ങ് ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ” എന്ന് അവിടുന്നു പ്രാർഥിച്ചു. യേശു തിരിച്ചുവന്നപ്പോൾ ശിഷ്യന്മാർ ഉറങ്ങുന്നതായി കണ്ടു. അവിടുന്ന് അവരോടു പറഞ്ഞു: “ശിമോനേ, നീ ഉറങ്ങുകയാണോ, ഒരുമണിക്കൂർ ഉണർന്നിരിക്കുവാൻ നിനക്കു കഴിവില്ലേ? പരീക്ഷയിൽ വീണുപോകാതിരിക്കുവാൻ നിങ്ങൾ ഉണർന്നിരുന്നു പ്രാർഥിക്കുക. ആത്മാവു സന്നദ്ധമാണ്; എന്നാൽ ശരീരം ദുർബലമത്രേ.” യേശു വീണ്ടുംപോയി അതേ വാക്കുകൾ ഉച്ചരിച്ചു പ്രാർഥിച്ചു. തിരിച്ചുവന്നപ്പോൾ പിന്നെയും അവർ ഉറങ്ങുന്നതായിട്ടത്രേ കണ്ടത്. അവരുടെ കണ്ണുകൾക്ക് അത്രയ്‍ക്കു നിദ്രാഭാരമുണ്ടായിരുന്നു. എന്താണ് ഉത്തരം പറയേണ്ടതെന്ന് അവർക്കറിഞ്ഞുകൂടായിരുന്നു. മൂന്നാം പ്രാവശ്യവും അവിടുന്ന് അവരുടെ അടുക്കൽ വന്ന് അവരോട്, “നിങ്ങൾ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ? മതി! സമയമായിരിക്കുന്നു! മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു. എഴുന്നേല്‌ക്കുക നമുക്കു പോകാം. ഇതാ എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്തെത്തിക്കഴിഞ്ഞു!” എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞുകൊണ്ടു നില്‌ക്കുമ്പോൾത്തന്നെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് അവിടെയെത്തി; മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും അയച്ച ഒരു ജനസഞ്ചയം വാളും വടിയുമായി യൂദാസിനോടുകൂടി ഉണ്ടായിരുന്നു. “ഞാൻ ആരെ ചുംബിക്കുന്നുവോ, അയാളാണ് ആ മനുഷ്യൻ” എന്നും “അയാളെ പിടിച്ച് കരുതലോടുകൂടി കൊണ്ടുപൊയ്‍ക്കൊള്ളണം” എന്നും ഒറ്റുകാരനായ യൂദാസ് അവർക്കു നിർദേശം നല്‌കിയിരുന്നു. അയാൾ ഉടനെ യേശുവിന്റെ അടുത്തുചെന്ന് “ഗുരോ” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചുംബിച്ചു. അവർ അവിടുത്തെ പിടിക്കുകയും ചെയ്തു. അടുത്തു നിന്നവരിൽ ഒരാൾ വാളൂരി മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി, അവന്റെ കാത് ഛേദിച്ചുകളഞ്ഞു. അപ്പോൾ യേശു പറഞ്ഞു: “ഒരു കൊള്ളക്കാരന്റെ നേരെ എന്നവിധം എന്നെ പിടിക്കുവാൻ നിങ്ങൾ വാളും വടിയുമായി വന്നിരിക്കുന്നുവോ? നിത്യേന ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ നിങ്ങളോടുകൂടി ഉണ്ടായിരുന്നല്ലോ? എന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ വേദലിഖിതങ്ങൾ നിറവേറണമല്ലോ. തത്സമയം ശിഷ്യന്മാർ എല്ലാവരും യേശുവിനെ വിട്ട് ഓടിപ്പോയി. പുതപ്പുമാത്രം ദേഹത്തു ചുറ്റിയിരുന്ന ഒരു യുവാവ് യേശുവിനെ അനുഗമിച്ചിരുന്നു. അവർ അവനെയും പിടികൂടി. എന്നാൽ അവൻ പുതപ്പ് ഉപേക്ഷിച്ചിട്ട് നഗ്നനായി ഓടി രക്ഷപെട്ടു. അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കലേക്കു കൊണ്ടുപോയി. എല്ലാ മുഖ്യപുരോഹിതന്മാരും ജനപ്രമാണിമാരും മതപണ്ഡിതന്മാരും അവിടെ കൂടിയിരുന്നു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy