YouVersion Logo
Search Icon

MIKA 5

5
1ഇതാ ശത്രു നമ്മെ കോട്ടപോലെ വളഞ്ഞിരിക്കുന്നു. ഇസ്രായേൽഭരണാധിപനെ അവർ വടികൊണ്ട് ചെകിട്ടത്ത് അടിക്കുന്നു.
ബേത്‍ലഹേമിൽനിന്ന് ഒരു രാജാവു വരുന്നു
2ബേത്‍ലഹേം എഫ്രാത്തേ, നീ യെഹൂദാവംശങ്ങളിൽ ഏറ്റവും ചെറുതെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവൻ എനിക്കുവേണ്ടി നിന്നിൽനിന്നു പുറപ്പെടും. അവന്റെ ഉദ്ഭവം അതിപുരാതനമായതുതന്നെ. 3അതിനാൽ ഈറ്റുനോവു കൊള്ളുന്നവൾ പ്രസവിക്കുംവരെ അവിടുന്നു തന്റെ ജനത്തെ ശത്രുക്കൾക്ക് ഏല്പിച്ചുകൊടുക്കും. അവന്റെ സഹോദരന്മാരിൽ അവശേഷിച്ചവർ തിരിച്ചുവന്ന് ഇസ്രായേൽജനത്തോടു ചേരും. 4സർവേശ്വരന്റെ ശക്തിയോടും തന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിന്റെ മഹത്ത്വത്തോടും കൂടി അവൻ എഴുന്നേറ്റ് തന്റെ ആടുകളെ മേയിക്കും. അവർ നിർഭയം വസിക്കും. അവന്റെ മാഹാത്മ്യം ഭൂമിയുടെ അറുതിവരെ വ്യാപിക്കും. അവൻ സമാധാനവും ഐശ്വര്യവും കൈവരുത്തും.
വിമോചനവും ശിക്ഷയും
5അസ്സീറിയാക്കാർ നമ്മെ ആക്രമിക്കുകയും നമ്മുടെ മണ്ണിൽ കാലുകുത്തുകയും ചെയ്യുമ്പോൾ അവരെ നേരിടാൻ ശക്തരായ അനേകം ഇടയന്മാരെയും പ്രഭുക്കന്മാരെയും നമ്മൾ അണിനിരത്തും. 6അവർ വാളുകൊണ്ട് അസ്സീറിയാദേശത്തെയും ഊരിപ്പിടിച്ച വാളുകൊണ്ട് നിമ്രോദ്‍ദേശത്തെയും ഭരിക്കും. അസ്സീറിയാക്കാർ നമ്മുടെ ദേശത്തു പ്രവേശിച്ച് അതിർത്തിയിൽ കാലു കുത്തുമ്പോൾ അവരുടെ കൈയിൽനിന്ന് അവർ നമ്മെ വിടുവിക്കും.
7ഇസ്രായേലിൽ ശേഷിച്ചിരിക്കുന്നവർ ജനതകൾക്കിടയിൽ സർവേശ്വരൻ അയയ്‍ക്കുന്ന മഞ്ഞുപോലെയും മനുഷ്യനുവേണ്ടി കാത്തു നില്‌ക്കുകയോ തങ്ങി നില്‌ക്കുകയോ ചെയ്യാതെ പുൽപ്പുറത്തു വർഷിക്കുന്ന മഴപോലെയും ആയിരിക്കും. 8ഇസ്രായേലിൽ അവശേഷിക്കുന്നവർ വന്യമൃഗങ്ങൾക്കിടയിൽ സിംഹം എന്നപോലെയും ആട്ടിൻപറ്റങ്ങൾക്കിടയിൽ യുവസിംഹംപോലെയും ആകും. അതു ചവുട്ടിമെതിച്ചും കടിച്ചുകീറിയും കടന്നുപോകും. അതിന്റെ പിടിയിൽനിന്നു വിടുവിക്കാൻ ആരും ഉണ്ടായിരിക്കുകയില്ല. 9നിന്റെ കൈ വൈരികൾക്കു മീതെ ഉയർന്നിരിക്കും; നിന്റെ സർവശത്രുക്കളും ഛേദിക്കപ്പെടും.
10അന്നു നിന്റെ കുതിരകളെ ഛേദിച്ചുകളയുമെന്നും നിന്റെ രഥങ്ങളെ നശിപ്പിച്ചുകളയുമെന്നും സർവേശ്വരൻ അരുളിച്ചെയ്യുന്നു. 11ഞാൻ നിന്റെ നഗരങ്ങൾ നശിപ്പിക്കുകയും നിന്റെ കോട്ടകൾ ഇടിച്ചുനിരത്തുകയും ചെയ്യും. 12നിന്റെ ക്ഷുദ്രപ്രയോഗങ്ങൾക്കു ഞാൻ അറുതിവരുത്തും. ശകുനം നോക്കി പ്രവചിക്കാൻ ഇനിമേൽ നിനക്ക് ആരും ഉണ്ടായിരിക്കുകയില്ല. 13നിങ്ങളുടെ വിഗ്രഹങ്ങളും സ്തംഭങ്ങളും ഞാൻ തകർത്തുകളയും. നിങ്ങളുടെ കൈപ്പണിയായ വിഗ്രഹങ്ങളെ നിങ്ങൾ ഇനിമേൽ നമസ്കരിക്കുകയില്ല. 14അശേരാപ്രതിഷ്ഠകൾ നിങ്ങളുടെ ഇടയിൽനിന്നു ഞാൻ പിഴുതുകളയും, നിങ്ങളുടെ നഗരങ്ങൾ നശിപ്പിച്ചു കളയുകയും ചെയ്യും. 15എന്നെ അനുസരിക്കാത്ത ജനതകളുടെമേൽ ഉഗ്രകോപം പൂണ്ട് അവർ കേട്ടിട്ടില്ലാത്തവിധം ഞാൻ പ്രതികാരം ചെയ്യും.

Currently Selected:

MIKA 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy