YouVersion Logo
Search Icon

MATHAIA 8:1-17

MATHAIA 8:1-17 MALCLBSI

മലയിൽ നിന്നിറങ്ങി വന്നപ്പോൾ ഒരു വലിയ ജനസഞ്ചയം യേശുവിനെ അനുഗമിച്ചു. അപ്പോൾ ഒരു കുഷ്ഠരോഗി വന്ന് അവിടുത്തെ മുമ്പിൽ മുട്ടുകുത്തി ഇങ്ങനെ പറഞ്ഞു: “കർത്താവേ അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സുഖപ്പെടുത്തി ശുദ്ധനാക്കുവാൻ കഴിയും.” യേശു കൈനീട്ടി ആ രോഗിയെ തൊട്ടുകൊണ്ട്: “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്നു പറഞ്ഞു. തൽക്ഷണം കുഷ്ഠരോഗം അയാളെ വിട്ടുമാറി. യേശു അയാളോട്, “നോക്കൂ, ഇക്കാര്യം ആരോടും പറയരുത്; എന്നാൽ നീ പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുത്തിട്ട് മോശ കല്പിച്ചിട്ടുള്ള വഴിപാട് അർപ്പിക്കണം. അങ്ങനെ ഇക്കാര്യം അവരെ ബോധ്യപ്പെടുത്തുക” എന്നു പറഞ്ഞു. യേശു കഫർന്നഹൂമിൽ പ്രവേശിച്ചപ്പോൾ റോമൻ സൈന്യത്തിലെ ഒരു ശതാധിപൻ വന്ന് അവിടുത്തെ സഹായം അഭ്യർഥിച്ചു. “പ്രഭോ, എന്റെ ഭൃത്യൻ തളർവാതം പിടിപെട്ട് എന്റെ വീട്ടിൽ കിടക്കുന്നു; അവൻ ദുസ്സഹമായ വേദന അനുഭവിക്കുന്നു” എന്ന് അയാൾ പറഞ്ഞു. യേശു അയാളോട്: “ഞാൻ വന്ന് അവനെ സുഖപ്പെടുത്താം” എന്നു പറഞ്ഞു. അപ്പോൾ ശതാധിപൻ പറഞ്ഞു “പ്രഭോ അങ്ങ് എന്റെ ഭവനത്തിൽ വരാൻ തക്ക യോഗ്യത എനിക്കില്ല. അങ്ങ് ഒരു വാക്കു കല്പിച്ചാൽ മാത്രം മതി; എന്റെ ഭൃത്യൻ സുഖം പ്രാപിക്കും. ഞാൻ മേലധികാരികളുടെ കീഴിലുള്ള ഒരുവനാണ്; എന്റെ കീഴിലും ഭടന്മാരുണ്ട്; ഒരുവനോട് ‘പോകുക’ എന്നു ഞാൻ പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ഭൃത്യനോട് ‘ഇതു ചെയ്യുക’ എന്നു പറഞ്ഞാൽ അവനതു ചെയ്യുന്നു.” യേശു ഇതു കേട്ടപ്പോൾ ആശ്ചര്യപ്പെട്ടു. തന്നെ അനുഗമിച്ചവരോട് അവിടുന്ന് അരുൾചെയ്തു: “ഇസ്രായേലിൽപോലും ഇതുപോലെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകമാളുകൾ വന്ന് അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടുംകൂടി സ്വർഗരാജ്യത്തിൽ വിരുന്നിനിരിക്കും. എന്നാൽ രാജ്യത്തിന്റെ അവകാശികളായിരിക്കേണ്ടവർ പുറത്തുള്ള അന്ധകാരത്തിലേക്കു തള്ളപ്പെടും; അവിടെ അവർ കരയുകയും പല്ലുകടിക്കുകയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” യേശു ആ ശതാധിപനോട്, “പൊയ്‍ക്കൊള്ളുക, താങ്കൾ വിശ്വസിച്ചിരിക്കുന്നതുപോലെ താങ്കൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ ഭൃത്യൻ സുഖം പ്രാപിച്ചു. യേശു പത്രോസിന്റെ വീട്ടിൽ ചെന്നപ്പോൾ അയാളുടെ ഭാര്യാമാതാവ് ജ്വരബാധിതയായി കിടക്കുന്നതു കണ്ടു. അവിടുന്ന് ആ സ്‍ത്രീയുടെ കൈയിൽ തൊട്ടു; അപ്പോൾ പനി വിട്ടുമാറി. അവർ എഴുന്നേറ്റ് അവിടുത്തെ പരിചരിച്ചു. സായാഹ്നമായപ്പോഴേക്ക് ഭൂതാവിഷ്ടരായ ഒട്ടേറെയാളുകളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. തന്റെ വാക്കുകൊണ്ടു ദുഷ്ടാത്മാക്കളെ അവിടുന്നു പുറത്താക്കി; എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു. ‘നമ്മുടെ വേദനകളെ അവിടുന്ന് ഏറ്റെടുക്കുകയും നമ്മുടെ രോഗങ്ങളുടെ ഭാരം വഹിക്കുകയും ചെയ്തു’ എന്ന് യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് ഇങ്ങനെ സംഭവിച്ചു.

Free Reading Plans and Devotionals related to MATHAIA 8:1-17