YouVersion Logo
Search Icon

MATHAIA 28

28
ഒഴിഞ്ഞ കല്ലറ
(മർക്കോ. 16:1-10; ലൂക്കോ. 24:1-12; യോഹ. 20:1-10)
1ശബത്തു കഴിഞ്ഞ് ഞായറാഴ്ച പ്രഭാതമായപ്പോൾ മഗ്ദലേനമറിയവും മറ്റേ മറിയവും കല്ലറ സന്ദർശിക്കുവാൻ പോയി. 2പെട്ടെന്ന് ഉഗ്രമായ ഒരു ഭൂകമ്പമുണ്ടായി. ദൈവത്തിന്റെ ഒരു മാലാഖ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു കല്ല് ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നു. 3ആ മാലാഖയുടെ മുഖം മിന്നൽപ്പിണർപോലെ ശോഭിച്ചു; ധരിച്ചിരുന്ന വസ്ത്രം ഹിമംപോലെ വെണ്മയുള്ളതുമായിരുന്നു. 4കാവല്‌ക്കാർ ദൈവദൂതനെ കണ്ടു വിറച്ച് ചേതനയറ്റവരെപ്പോലെയായി.
5മാലാഖ സ്‍ത്രീകളോടു പറഞ്ഞു: “നിങ്ങൾ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നത് എന്നെനിക്കറിയാം. അവിടുന്ന് ഇവിടെയില്ല; അവിടുന്നു പറഞ്ഞിരുന്നതുപോലെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. 6നിങ്ങൾ വന്ന് അവിടുത്തെ സംസ്കരിച്ച സ്ഥലം കാണുക. 7അവിടുന്നു മരിച്ചവരുടെ ഇടയിൽനിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു എന്നു വേഗം പോയി അവിടുത്തെ ശിഷ്യന്മാരെ അറിയിക്കുക. അവിടുന്നു ഇതാ, നിങ്ങൾക്കു മുമ്പായി ഗലീലയിലേക്കു പോകുന്നു; അവിടെവച്ച് നിങ്ങൾക്ക് അവിടുത്തെ കാണാം. ഞാൻ പറഞ്ഞത് നിങ്ങൾ ഓർത്തുകൊള്ളണം.”
8ആ സ്‍ത്രീകൾ ഭയത്തോടും എന്നാൽ അത്യധികമായ ആനന്ദത്തോടുംകൂടി ശിഷ്യന്മാരെ വിവരം അറിയിക്കുന്നതിനായി കല്ലറയ്‍ക്കൽനിന്നു വേഗം പോയി.
9പെട്ടെന്ന് യേശുതന്നെ അവർക്ക് അഭിമുഖമായി ചെന്ന്, അവരെ അഭിവാദനം ചെയ്തു. അവർ അടുത്തു ചെന്ന് അവിടുത്തെ പാദങ്ങൾ തൊട്ടു നമസ്കരിച്ചു. 10യേശു അവരോട്: “ഭയപ്പെടേണ്ടാ; നിങ്ങൾ പോയി എന്റെ സഹോദരന്മാരോട് ഗലീലയിലേക്കു പോകണമെന്നും അവിടെവച്ച് അവർ എന്നെ കാണുമെന്നും അറിയിക്കുക” എന്നു പറഞ്ഞു.
കാവല്‌ക്കാരുടെ പ്രസ്താവന
11ആ സ്‍ത്രീകൾ പോയപ്പോൾ കാവല്ഭടന്മാരിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചതെല്ലാം മുഖ്യപുരോഹിതന്മാരെ അറിയിച്ചു. 12അവർ യെഹൂദപ്രമാണിമാരുമായി കൂടിയാലോചിച്ചശേഷം പടയാളികൾക്ക് ഒരു വൻതുക കൊടുത്തു; പിന്നീട് അവരോടു പറഞ്ഞു: 13‘ഞങ്ങൾ രാത്രിയിൽ ഉറങ്ങുമ്പോൾ യേശുവിന്റെ ശിഷ്യന്മാർ വന്ന് അയാളുടെ ശരീരം മോഷ്‍ടിച്ചുകൊണ്ടുപോയി’ എന്നു നിങ്ങൾ പറയണം. 14ഗവർണർ ഇക്കാര്യം അറിയുന്നപക്ഷം നിങ്ങൾക്ക് ഉപദ്രവം വരാതെ ഞങ്ങൾ അദ്ദേഹത്തോടു പറഞ്ഞു ബോധ്യപ്പെടുത്തിക്കൊള്ളാം.”
15അവർ പണം വാങ്ങി അവരോടു നിർദേശിച്ചതുപോലെ ചെയ്തു. ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന കഥ ഇതാണ്.
ശിഷ്യന്മാരെ നിയോഗിക്കുന്നു
(മർക്കോ. 16:14-18; ലൂക്കോ. 24:36-49; യോഹ. 20:19-23; അപ്പോ. പ്ര. 1:6-8)
16ശിഷ്യന്മാർ പതിനൊന്നു പേരും ഗലീലയിൽ യേശു നിർദേശിച്ചിരുന്ന മലയിലേക്കു പോയി. 17അവിടുത്തെ കണ്ടപ്പോൾ അവർ സാഷ്ടാംഗം വീണു നമസ്കരിച്ചു; ചിലരാകട്ടെ സംശയിച്ചുനിന്നു. 18യേശു അടുത്തുചെന്ന് അവരോടു പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു. 19-20അതുകൊണ്ടു നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യന്മാരാക്കുക; പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാപനം ചെയ്യുകയും ഞാൻ നിങ്ങളോട് ആജ്ഞാപിച്ചതെല്ലാം അനുസരിക്കുവാൻ അവരെ പഠിപ്പിക്കുകയും വേണം. ഞാൻ യുഗാന്ത്യത്തോളം എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.”

Currently Selected:

MATHAIA 28: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy