YouVersion Logo
Search Icon

MATHAIA 21

21
യെരൂശലേമിലേക്കുള്ള ജൈത്രയാത്ര
(മർക്കോ. 11:1-11; ലൂക്കോ. 19:28-40; യോഹ. 12:12-19)
1യെരൂശലേമിനു സമീപം ഒലിവുമലയുടെ അരികിലുള്ള ബേത്ത്ഫാഗയിലെത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: 2“നിങ്ങൾ മുമ്പിൽ കാണുന്ന ആ ഗ്രാമത്തിലേക്കു പോകുക. അവിടെ ചെല്ലുമ്പോൾ കെട്ടിയിരിക്കുന്ന ഒരു കഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ കാണും. അവയെ അഴിച്ചുകൊണ്ടുവരിക. 3നിങ്ങളോട് ആരെങ്കിലും വല്ലതും ചോദിച്ചാൽ ഗുരുവിന് ഇവയെ ആവശ്യമുണ്ടെന്നു പറഞ്ഞാൽ മതി. അവർ ഉടനെ അവയെ വിട്ടയയ്‍ക്കും,”
4,5‘ഇതാ, നിന്റെ രാജാവു വിനീതനായി കഴുതപ്പുറത്തു കയറിവരുന്നു!
കഴുതക്കുട്ടിയുടെ പുറത്ത് ഉപവിഷ്ടനായി
നിന്റെ അടുക്കലേക്ക് എഴുന്നള്ളുന്നു’
എന്നു സീയോൻനഗരത്തോടു പറയുക
എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുൾചെയ്യപ്പെട്ടിട്ടുള്ളതു സംഭവിച്ചു.
6യേശു പറഞ്ഞതുപോലെ ശിഷ്യന്മാർ ചെയ്തു. 7അവർ കഴുതയെയും അതിന്റെ കുട്ടിയെയും കൊണ്ടുവന്നു. തങ്ങളുടെ വസ്ത്രം അവർ അവയുടെമേൽ വിരിച്ചു. 8യേശു കയറിയിരുന്നു; ജനാവലി അവരുടെ മേലങ്കികൾ വഴിയിൽ വിരിച്ചു. 9ചിലർ മരച്ചില്ലകൾ വെട്ടിവിതറി. മുമ്പിലും പിമ്പിലും നടന്ന ജനക്കൂട്ടം
“ദാവീദിന്റെ പുത്രനു ഹോശന്നാ!”
കർത്താവിന്റെ നാമത്തിൽ വരുന്നവൻ
വാഴ്ത്തപ്പെട്ടവൻ!
അത്യുന്നതങ്ങളിൽ ഹോശന്നാ!”
എന്ന് ആർത്തുവിളിച്ചു.
10യെരൂശലേമിൽ പ്രവേശിച്ചപ്പോൾ നഗരം ആകമാനം ഇളകിവശായി. “ഇതാര്?” എന്ന് അവർ ചോദിച്ചു.
11“ഗലീലയിലെ നസറെത്തിൽ നിന്നു വന്ന പ്രവാചകനായ യേശു” എന്നു ജനങ്ങൾ മറുപടി പറഞ്ഞു.
ദേവാലയശുദ്ധീകരണം
(മർക്കോ. 11:15-19; ലൂക്കോ. 19:45-48; യോഹ. 2:13-22)
12യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്തിറക്കി. നാണയം മാറുന്ന വ്യാപാരത്തിലേർപ്പെട്ടിരുന്നവരുടെ മേശകളും പ്രാക്കളെ വില്‌ക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു. 13“എന്റെ ഭവനം പ്രാർഥനാലയം എന്നു വിളിക്കപ്പെടും’ എന്നു ദൈവം അരുൾചെയ്തതായി വേദഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നു; എന്നാൽ നിങ്ങൾ അതിനെ കൊള്ളക്കാരുടെ സങ്കേതമാക്കിത്തീർത്തിരിക്കുന്നു” എന്ന് അവിടുന്നു പറഞ്ഞു.
14അന്ധന്മാരും വികലാംഗരും ദേവാലയത്തിൽ അവിടുത്തെ അടുക്കൽ വന്നു. അവിടുന്ന് അവരെ സുഖപ്പെടുത്തി. 15അവിടുത്തെ അദ്ഭുതപ്രവൃത്തികളെയും “ദാവീദിന്റെ പുത്രനു ഹോശന്നാ” എന്ന് ആർത്തുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോൾ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും കോപാക്രാന്തരായി. 16“ഇവർ പറയുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ യേശുവിനോടു ചോദിച്ചു.
“തീർച്ചയായും ഞാൻ കേൾക്കുന്നു. ‘തികച്ചും കുറ്റമറ്റ സ്തുതിഘോഷം ശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും അധരങ്ങളിൽനിന്ന് അവിടുന്ന് ഉണർത്തുന്നു’ എന്ന വേദഭാഗം നിങ്ങൾ ഒരിക്കൽപോലും വായിച്ചിട്ടില്ലേ?” എന്ന് യേശു അവരോടു ചോദിച്ചു.
17അനന്തരം അവിടുന്ന് അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബേഥാന്യയിൽ പോയി രാത്രി കഴിച്ചുകൂട്ടി.
ഫലമില്ലാത്ത അത്തിവൃക്ഷം
(മർക്കോ. 11:12-14-20-24)
18പിറ്റേദിവസം അതിരാവിലെ നഗരത്തിലേക്കു മടങ്ങിപ്പോകുമ്പോൾ യേശുവിനു വിശന്നു. 19വഴിയരികിൽ ഒരത്തിവൃക്ഷം നില്‌ക്കുന്നതു കണ്ട് യേശു അതിന്റെ അടുത്തു ചെന്നു. അതിൽ ഇലപ്പടർപ്പല്ലാതെ ഒന്നും കണ്ടില്ല. യേശു അപ്പോൾ അതിനോട് “മേലിൽ ഒരിക്കലും നിന്നിൽ ഫലം കായ്‍ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.
20ഇതു കണ്ട് ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു. “ഇത്രവേഗം ഈ വൃക്ഷം ഉണങ്ങിയത് എങ്ങനെ?” എന്ന് അവർ ചോദിച്ചു.
21യേശു അതിനു മറുപടിയായി പറഞ്ഞു: “ഇതു നിങ്ങൾ ഓർമിച്ചുകൊള്ളണം; നിങ്ങൾ അശേഷം സംശയിക്കാതെ വിശ്വാസമുള്ളവരായിരുന്നാൽ ഞാൻ ഈ അത്തിമരത്തോടു ചെയ്തതു മാത്രമല്ല, നിങ്ങൾക്കു ചെയ്യുവാൻ കഴിയുന്നത്; ഈ മലയോട് ഇളകി കടലിൽവീഴുക എന്നു നിങ്ങൾ പറഞ്ഞാൽ അതും സംഭവിക്കും. 22നിങ്ങൾ വിശ്വസിക്കുന്നപക്ഷം പ്രാർഥനയിൽ നിങ്ങൾ എന്തപേക്ഷിച്ചാലും അതു ലഭിക്കും.”
യേശുവിന്റെ അധികാരത്തെപ്പറ്റിയുള്ള ചോദ്യം
(മർക്കോ. 11:27-33; ലൂക്കോ. 20:1-8)
23അവിടുന്നു ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണികളും വന്ന് “എന്ത് അധികാരം കൊണ്ടാണ് താങ്കൾ ഇതൊക്കെ ചെയ്യുന്നത്? ആരാണീ അധികാരം തന്നത്?” എന്നു ചോദിച്ചു.
24അതിനു മറുപടിയായി യേശു പറഞ്ഞു: “ആകട്ടെ, ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കാം; അതിനു നിങ്ങൾ മറുപടി പറയുന്നപക്ഷം എന്തധികാരംകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാൻ പറയാം. 25സ്നാപനം നടത്തുവാനുള്ള അധികാരം യോഹന്നാന് എവിടെനിന്നാണു ലഭിച്ചത്? ദൈവത്തിൽനിന്നോ? മനുഷ്യരിൽനിന്നോ?
അപ്പോൾ അവർ അന്യോന്യം ആലോചിച്ചു: “നാം എന്തു സമാധാനം പറയും? 26ദൈവത്തിൽനിന്ന് എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ എന്തുകൊണ്ടു വിശ്വസിച്ചില്ല എന്നു യേശു ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ? നാം പൊതുജനങ്ങളെ ഭയപ്പെടുന്നു; എന്തെന്നാൽ എല്ലാവരും അദ്ദേഹത്തെ ഒരു പ്രവാചകനായിട്ടാണു കരുതുന്നത്.” 27അതുകൊണ്ട് “ഞങ്ങൾക്കറിഞ്ഞുകൂടാ” എന്ന് അവർ യേശുവിനോടു പറഞ്ഞു.
“എങ്കിൽ എന്തധികാരം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയുന്നില്ല” എന്നു യേശു പറഞ്ഞു.
രണ്ടു പുത്രന്മാരുടെ ദൃഷ്ടാന്തം
28“ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അയാൾ മൂത്തപുത്രന്റെ അടുത്തുചെന്ന് ‘മകനേ, നീ ഇന്നു മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്യുക’ എന്നു പറഞ്ഞു. 29‘എനിക്കു മനസ്സില്ല’ എന്ന് അവൻ മറുപടി പറഞ്ഞെങ്കിലും പിന്നീട് അനുതപിച്ച് പണിക്കുപോയി. 30ഇളയപുത്രനോടും അയാൾ അങ്ങനെ പറഞ്ഞു. ‘ഞാൻ പോകാം’ എന്നു പറഞ്ഞെങ്കിലും അവൻ പോയില്ല. 31നിങ്ങൾക്ക് എന്തു തോന്നുന്നു? ഇവരിൽ ആരാണ് പിതാവിന്റെ അഭീഷ്ടം അനുസരിച്ചു ചെയ്തത്?”
“മൂത്തപുത്രൻ” എന്ന് അവർ ഉത്തരം പറഞ്ഞു.
യേശു അവരോടു പറഞ്ഞു. “ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും ആയിരിക്കും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. 32ധർമമാർഗം ചൂണ്ടിക്കാണിച്ചുകൊണ്ട് സ്നാപകയോഹന്നാൻ വന്നു; നിങ്ങളാകട്ടെ അദ്ദേഹത്തെ വിശ്വസിച്ചില്ല; ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും അദ്ദേഹത്തെ വിശ്വസിച്ചു. അതു കണ്ടിട്ടുപോലും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തെ വിശ്വസിച്ചില്ല.
മുന്തിരിത്തോട്ടത്തിന്റെ ദൃഷ്ടാന്തം
(മർക്കോ. 12:1-12; ലൂക്കോ. 20:9-19)
33“വേറൊരു ദൃഷ്ടാന്തം ശ്രദ്ധിക്കുക: ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടി; അതിൽ ഒരു ചക്കു കുഴിച്ചിടുകയും ഒരു കാവൽമാടം നിർമിക്കുകയും ചെയ്തു. പിന്നീട് ആ തോട്ടം പാട്ടത്തിനു കൊടുത്തിട്ട് അയാൾ വിദേശത്തേക്കു പുറപ്പെട്ടു. 34മുന്തിരിയുടെ വിളവെടുപ്പിനുള്ള കാലം സമീപിച്ചപ്പോൾ തനിക്കു കിട്ടാനുള്ള പാട്ടം വാങ്ങുന്നതിനായി സ്ഥലമുടമസ്ഥൻ തന്റെ ദാസന്മാരെ ആ പാട്ടക്കാരുടെ അടുക്കൽ അയച്ചു. 35എന്നാൽ അവർ ആ ദാസന്മാരെ പിടിച്ച് ഒരുവനെ അടിക്കുകയും അപരനെ കൊല്ലുകയും മറ്റൊരുവനെ കല്ലെറിയുകയും ചെയ്തു. 36അയാൾ വീണ്ടും ആദ്യത്തേതിനെക്കാൾ അധികം ദാസന്മാരെ അയച്ചു. അവരോടും അവർ അങ്ങനെതന്നെ ചെയ്തു. 37അവസാനം തന്റെ പുത്രനെത്തന്നെ അയാൾ അവരുടെ അടുക്കൽ അയച്ചു: ‘നിശ്ചയമായും എന്റെ മകനെ അവർ ആദരിക്കും’ എന്ന് അയാൾ വിചാരിച്ചു. 38പാട്ടക്കാരാകട്ടെ പുത്രനെ കണ്ടപ്പോൾ ‘ഇവനാണു തോട്ടത്തിന്റെ അവകാശി; വരിക, നമുക്ക് ഇവനെ കൊല്ലാം; അങ്ങനെ അവന്റെ സ്വത്തു നമുക്കു കൈവശപ്പെടുത്താം’ എന്ന് അന്യോന്യം പറഞ്ഞു; 39പിന്നീട് അവനെ പിടിച്ച് തോട്ടത്തിനു പുറത്തു തള്ളി അവനെ കൊന്നുകളഞ്ഞു.
40“ഇനിയും തോട്ടത്തിന്റെ ഉടമസ്ഥൻ വരുമ്പോൾ ആ പാട്ടക്കാരോട് എന്തു ചെയ്യും?” എന്ന് യേശു ചോദിച്ചു.
41“അയാൾ നിശ്ചയമായും ആ നിഷ്ഠുരന്മാരെ നിഗ്രഹിക്കുകയും പാട്ടം യഥാവസരം നല്‌കുന്ന മറ്റു പാട്ടക്കാരെ തോട്ടം ഏല്പിക്കുകയും ചെയ്യും” എന്ന് അവർ മറുപടി നല്‌കി.
42യേശു അവരോട് അരുൾചെയ്തു:
“പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല്
മർമപ്രധാനമായ മൂലക്കല്ലായി തീർന്നിരിക്കുന്നു.
ഇതു ചെയ്തത് കർത്താവാകുന്നു;
ഇതെത്ര അദ്ഭുതകരം!”
ഈ വേദഭാഗം നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
43അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: ദൈവരാജ്യം നിങ്ങളിൽ നിന്നെടുത്ത് തക്കഫലം നല്‌കുന്ന ജനതയ്‍ക്കു നല്‌കും. 44#21:44 ഈ വാക്യം ചില കൈയെഴുത്തു പ്രതികളിൽ കാണുന്നില്ല. ഈ കല്ലിന്മേൽ വീഴുന്ന ഏതൊരുവനും തകർന്നു പോകും. ഈ കല്ല് ആരുടെയെങ്കിലുംമേൽ വീണാൽ അത് അവനെ തകർത്തുകളയും.”
45മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിന്റെ സദൃശോക്തികൾ കേട്ടപ്പോൾ തങ്ങളെക്കുറിച്ചാണു പറയുന്നതെന്നു മനസ്സിലാക്കി. 46അതുകൊണ്ട് അവിടുത്തെ പിടിക്കുവാൻ അവർ ശ്രമിച്ചു. എന്നാൽ അവർ ജനങ്ങളെ ഭയപ്പെട്ടു. ജനങ്ങൾ അവിടുത്തെ ഒരു പ്രവാചകനായിട്ടത്രേ എണ്ണിയിരുന്നത്.

Currently Selected:

MATHAIA 21: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy