YouVersion Logo
Search Icon

MATHAIA 21:23-46

MATHAIA 21:23-46 MALCLBSI

അവിടുന്നു ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണികളും വന്ന് “എന്ത് അധികാരം കൊണ്ടാണ് താങ്കൾ ഇതൊക്കെ ചെയ്യുന്നത്? ആരാണീ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിനു മറുപടിയായി യേശു പറഞ്ഞു: “ആകട്ടെ, ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കാം; അതിനു നിങ്ങൾ മറുപടി പറയുന്നപക്ഷം എന്തധികാരംകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാൻ പറയാം. സ്നാപനം നടത്തുവാനുള്ള അധികാരം യോഹന്നാന് എവിടെനിന്നാണു ലഭിച്ചത്? ദൈവത്തിൽനിന്നോ? മനുഷ്യരിൽനിന്നോ? അപ്പോൾ അവർ അന്യോന്യം ആലോചിച്ചു: “നാം എന്തു സമാധാനം പറയും? ദൈവത്തിൽനിന്ന് എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ എന്തുകൊണ്ടു വിശ്വസിച്ചില്ല എന്നു യേശു ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ? നാം പൊതുജനങ്ങളെ ഭയപ്പെടുന്നു; എന്തെന്നാൽ എല്ലാവരും അദ്ദേഹത്തെ ഒരു പ്രവാചകനായിട്ടാണു കരുതുന്നത്.” അതുകൊണ്ട് “ഞങ്ങൾക്കറിഞ്ഞുകൂടാ” എന്ന് അവർ യേശുവിനോടു പറഞ്ഞു. “എങ്കിൽ എന്തധികാരം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയുന്നില്ല” എന്നു യേശു പറഞ്ഞു. “ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അയാൾ മൂത്തപുത്രന്റെ അടുത്തുചെന്ന് ‘മകനേ, നീ ഇന്നു മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്യുക’ എന്നു പറഞ്ഞു. ‘എനിക്കു മനസ്സില്ല’ എന്ന് അവൻ മറുപടി പറഞ്ഞെങ്കിലും പിന്നീട് അനുതപിച്ച് പണിക്കുപോയി. ഇളയപുത്രനോടും അയാൾ അങ്ങനെ പറഞ്ഞു. ‘ഞാൻ പോകാം’ എന്നു പറഞ്ഞെങ്കിലും അവൻ പോയില്ല. നിങ്ങൾക്ക് എന്തു തോന്നുന്നു? ഇവരിൽ ആരാണ് പിതാവിന്റെ അഭീഷ്ടം അനുസരിച്ചു ചെയ്തത്?” “മൂത്തപുത്രൻ” എന്ന് അവർ ഉത്തരം പറഞ്ഞു. യേശു അവരോടു പറഞ്ഞു. “ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും ആയിരിക്കും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. ധർമമാർഗം ചൂണ്ടിക്കാണിച്ചുകൊണ്ട് സ്നാപകയോഹന്നാൻ വന്നു; നിങ്ങളാകട്ടെ അദ്ദേഹത്തെ വിശ്വസിച്ചില്ല; ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും അദ്ദേഹത്തെ വിശ്വസിച്ചു. അതു കണ്ടിട്ടുപോലും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തെ വിശ്വസിച്ചില്ല. “വേറൊരു ദൃഷ്ടാന്തം ശ്രദ്ധിക്കുക: ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടി; അതിൽ ഒരു ചക്കു കുഴിച്ചിടുകയും ഒരു കാവൽമാടം നിർമിക്കുകയും ചെയ്തു. പിന്നീട് ആ തോട്ടം പാട്ടത്തിനു കൊടുത്തിട്ട് അയാൾ വിദേശത്തേക്കു പുറപ്പെട്ടു. മുന്തിരിയുടെ വിളവെടുപ്പിനുള്ള കാലം സമീപിച്ചപ്പോൾ തനിക്കു കിട്ടാനുള്ള പാട്ടം വാങ്ങുന്നതിനായി സ്ഥലമുടമസ്ഥൻ തന്റെ ദാസന്മാരെ ആ പാട്ടക്കാരുടെ അടുക്കൽ അയച്ചു. എന്നാൽ അവർ ആ ദാസന്മാരെ പിടിച്ച് ഒരുവനെ അടിക്കുകയും അപരനെ കൊല്ലുകയും മറ്റൊരുവനെ കല്ലെറിയുകയും ചെയ്തു. അയാൾ വീണ്ടും ആദ്യത്തേതിനെക്കാൾ അധികം ദാസന്മാരെ അയച്ചു. അവരോടും അവർ അങ്ങനെതന്നെ ചെയ്തു. അവസാനം തന്റെ പുത്രനെത്തന്നെ അയാൾ അവരുടെ അടുക്കൽ അയച്ചു: ‘നിശ്ചയമായും എന്റെ മകനെ അവർ ആദരിക്കും’ എന്ന് അയാൾ വിചാരിച്ചു. പാട്ടക്കാരാകട്ടെ പുത്രനെ കണ്ടപ്പോൾ ‘ഇവനാണു തോട്ടത്തിന്റെ അവകാശി; വരിക, നമുക്ക് ഇവനെ കൊല്ലാം; അങ്ങനെ അവന്റെ സ്വത്തു നമുക്കു കൈവശപ്പെടുത്താം’ എന്ന് അന്യോന്യം പറഞ്ഞു; പിന്നീട് അവനെ പിടിച്ച് തോട്ടത്തിനു പുറത്തു തള്ളി അവനെ കൊന്നുകളഞ്ഞു. “ഇനിയും തോട്ടത്തിന്റെ ഉടമസ്ഥൻ വരുമ്പോൾ ആ പാട്ടക്കാരോട് എന്തു ചെയ്യും?” എന്ന് യേശു ചോദിച്ചു. “അയാൾ നിശ്ചയമായും ആ നിഷ്ഠുരന്മാരെ നിഗ്രഹിക്കുകയും പാട്ടം യഥാവസരം നല്‌കുന്ന മറ്റു പാട്ടക്കാരെ തോട്ടം ഏല്പിക്കുകയും ചെയ്യും” എന്ന് അവർ മറുപടി നല്‌കി. യേശു അവരോട് അരുൾചെയ്തു: “പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മർമപ്രധാനമായ മൂലക്കല്ലായി തീർന്നിരിക്കുന്നു. ഇതു ചെയ്തത് കർത്താവാകുന്നു; ഇതെത്ര അദ്ഭുതകരം!” ഈ വേദഭാഗം നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: ദൈവരാജ്യം നിങ്ങളിൽ നിന്നെടുത്ത് തക്കഫലം നല്‌കുന്ന ജനതയ്‍ക്കു നല്‌കും. ഈ കല്ലിന്മേൽ വീഴുന്ന ഏതൊരുവനും തകർന്നു പോകും. ഈ കല്ല് ആരുടെയെങ്കിലുംമേൽ വീണാൽ അത് അവനെ തകർത്തുകളയും.” മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിന്റെ സദൃശോക്തികൾ കേട്ടപ്പോൾ തങ്ങളെക്കുറിച്ചാണു പറയുന്നതെന്നു മനസ്സിലാക്കി. അതുകൊണ്ട് അവിടുത്തെ പിടിക്കുവാൻ അവർ ശ്രമിച്ചു. എന്നാൽ അവർ ജനങ്ങളെ ഭയപ്പെട്ടു. ജനങ്ങൾ അവിടുത്തെ ഒരു പ്രവാചകനായിട്ടത്രേ എണ്ണിയിരുന്നത്.