YouVersion Logo
Search Icon

MATHAIA 18:1-20

MATHAIA 18:1-20 MALCLBSI

ആ സമയത്ത് സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണെന്നു ചോദിച്ചുകൊണ്ട് ശിഷ്യന്മാർ യേശുവിനെ സമീപിച്ചു. ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യത്തിൽ നിറുത്തിയിട്ട് യേശു പറഞ്ഞു: “നിങ്ങൾക്കു പരിവർത്തനമുണ്ടായി ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. സ്വയമേവ എളിമപ്പെട്ട് ഈ ശിശുവിനെപ്പോലെ ആയിത്തീരുന്നവനാണ് സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ. ഇതുപോലെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ ഏതൊരുവൻ സ്വീകരിക്കുന്നുവോ അവൻ എന്നെ സ്വീകരിക്കുന്നു.” “ഈ ചെറിയവരിൽ ഒരുവനെ എന്നിലുള്ള വിശ്വാസത്തിൽനിന്നു വഴിതെറ്റിക്കുന്നവനു കൂടുതൽ നല്ലത് തന്റെ കഴുത്തിൽ വലിയൊരു തിരികല്ലു കെട്ടി ആഴക്കടലിൽ താഴ്ത്തപ്പെടുന്നതാണ്. “പാപത്തിലേക്കുള്ള പ്രലോഭനം നിമിത്തം ലോകത്തിന്റെ അവസ്ഥ എത്ര ശോചനീയം! പ്രലോഭനങ്ങൾ ഉണ്ടായേ തീരൂ; എങ്കിലും യാതൊരുവനാൽ അത് ഉണ്ടാകുന്നുവോ, ആ മനുഷ്യന് ഹാ കഷ്ടം! “നിന്റെ കൈയോ, കാലോ നിന്നെ വഴിതെറ്റിക്കുന്നു എങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക; രണ്ടു കൈയോ രണ്ടു കാലോ ഉള്ളവനായി നിത്യാഗ്നിയിൽ എറിയപ്പെടുന്നതിനെക്കാൾ അംഗഹീനനായോ, മുടന്തനായോ ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. നിന്റെ കണ്ണു നിന്നെ വഴിതെറ്റിക്കുന്നു എങ്കിൽ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ ഒരു കണ്ണുള്ളവനായി ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. “ഈ ചെറിയവരിൽ ഒരുവനെ നിന്ദിക്കാതിരിക്കുവാൻ നോക്കിക്കൊള്ളുക; അവരുടെ മാലാഖമാർ സ്വർഗത്തിലുള്ള എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. നഷ്ടപ്പെട്ടതിനെ രക്ഷിക്കുവാനാണല്ലോ മനുഷ്യപുത്രൻ വന്നത്. “നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരാൾക്ക് നൂറ് ആടുണ്ട് എന്നിരിക്കട്ടെ; അവയിൽ ഒന്നു വഴിതെറ്റിപ്പോയാൽ അയാൾ തൊണ്ണൂറ്റിഒൻപതിനെയും മലയിൽ വിട്ടിട്ട് വഴി തെറ്റിപ്പോയതിനെ അന്വേഷിച്ചുപോകുകയില്ലേ? കണ്ടുകിട്ടിയാൽ വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റിഒൻപതിനെപ്പറ്റിയുള്ളതിനെക്കാൾ അധികം സന്തോഷം നിശ്ചയമായും ആ കാണാതെപോയ ആടിനെക്കുറിച്ച് അയാൾക്കുണ്ടാകുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. അതുപോലെ ഈ ചെറിയവരിൽ ഒരുവൻപോലും നശിച്ചു പോകുവാൻ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് ഇച്ഛിക്കുന്നില്ല. “നിന്റെ സഹോദരൻ നിനക്കെതിരെ എന്തെങ്കിലും പ്രവർത്തിച്ചാൽ അയാളുടെ അടുക്കൽ തനിച്ചുചെന്ന്, അയാളുടെ തെറ്റു ചൂണ്ടിക്കാണിക്കുക; അയാൾ നിന്റെ വാക്കുകൾ കേൾക്കുന്ന പക്ഷം നിന്റെ സഹോദരനെ നീ നേടിക്കഴിഞ്ഞു. എന്നാൽ അയാൾ നിന്റെ വാക്കുകൾ കേൾക്കുന്നില്ലെങ്കിൽ ഒന്നോ രണ്ടോ ആളുകളെ കൂട്ടിക്കൊണ്ടു ചെല്ലുക. രണ്ടോ അതിലധികമോ സാക്ഷികൾ നല്‌കുന്ന തെളിവിനാൽ ഓരോ വാക്കും സ്ഥിരീകരിക്കപ്പെടുമല്ലോ. അവരെയും അയാൾ കൂട്ടാക്കാതെയിരുന്നാൽ സകല കാര്യങ്ങളും സഭയോടു പറയുക. സഭയ്‍ക്കും വഴങ്ങാതെ വന്നാൽ അയാൾ നിങ്ങൾക്കു വിജാതീയനോ ചുങ്കക്കാരനോപോലെ ആയിരിക്കട്ടെ. “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നിങ്ങൾ ഭൂമിയിൽ ബന്ധിക്കുന്നതെല്ലാം സ്വർഗത്തിലും ബന്ധിക്കപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും. “ഞാൻ വീണ്ടും നിങ്ങളോടു പറയുന്നു: ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ ഒരുമയോടുകൂടി ഏതെങ്കിലും കാര്യത്തിനുവേണ്ടി പ്രാർഥിച്ചാൽ, സ്വർഗസ്ഥനായ എന്റെ പിതാവ് അവർക്ക് അതു സാധിച്ചുകൊടുക്കും. എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ എവിടെ കൂടുന്നുവോ അവിടെ അവരുടെ മധ്യത്തിൽ ഞാനുണ്ടായിരിക്കും.”

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy