YouVersion Logo
Search Icon

MATHAIA 17

17
യേശുവിന്റെ രൂപാന്തരം
(മർക്കോ. 9:2-13; ലൂക്കോ. 9:28-36)
1ആറു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യാക്കോബിനെയും യാക്കോബിന്റെ സഹോദരൻ യോഹന്നാനെയും കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കു പോയി. അവിടെ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2അവിടുന്ന് അവരുടെ കൺമുമ്പിൽവച്ചു രൂപാന്തരം പ്രാപിച്ചു. അവിടുത്തെ മുഖം സൂര്യനെപ്പോലെ ശോഭയുള്ളതായിത്തീർന്നു; വസ്ത്രം പ്രകാശംപോലെ വെൺമയുള്ളതായും 3മോശയും ഏലിയായും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിക്കുന്നതായും അവർ കണ്ടു. 4അപ്പോൾ പത്രോസ് യേശുവിനോടു പറഞ്ഞു: “നാഥാ, നാം ഇവിടെ ആയിരിക്കുന്നത് എത്ര നന്ന്! അങ്ങ് ഇച്ഛിക്കുന്നെങ്കിൽ ഞാൻ മൂന്നു കൂടാരങ്ങൾ ഇവിടെ നിർമിക്കാം; ഒന്ന് അവിടുത്തേക്കും, ഒന്നു മോശയ്‍ക്കും ഒന്ന് ഏലിയായ്‍ക്കും.”
5പത്രോസ് ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ വെട്ടിത്തിളങ്ങുന്ന ഒരു മേഘം വന്ന് അവരെ മൂടി; “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവൻ പറയുന്നതു ശ്രദ്ധിക്കുക” എന്നു മേഘത്തിൽനിന്ന് ഒരു അശരീരിയും കേട്ടു.
6ശിഷ്യന്മാർ ഈ ശബ്ദം കേട്ടപ്പോൾ അത്യന്തം ഭയപരവശരായി കമിഴ്ന്നുവീണു. 7യേശു അവരുടെ അടുത്തുചെന്ന് അവരെ തൊട്ടുകൊണ്ട് “എഴുന്നേല്‌ക്കൂ ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു. 8അവർ തല ഉയർത്തി നോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല.
9മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോട് ആജ്ഞാപിച്ചു: “മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉത്ഥാനം ചെയ്യുന്നതുവരെ നിങ്ങളുടെ ഈ ദർശനത്തെക്കുറിച്ച് ആരോടും പറയരുത്.”
10അപ്പോൾ ശിഷ്യന്മാർ അവിടുത്തോടു ചോദിച്ചു: “ആദ്യം ഏലിയാ വരേണ്ടതാണെന്നു മതപണ്ഡിതന്മാർ പറയുന്നത് എന്തുകൊണ്ട്?”
11അതിന് യേശു മറുപടി പറഞ്ഞു: “ഏലിയാ ആദ്യം വരികയും എല്ലാം പുനഃസ്ഥാപിക്കുകയും വേണം, 12എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ഏലിയാ വന്നുകഴിഞ്ഞിരിക്കുന്നു; ആരും അദ്ദേഹത്തെ അറിഞ്ഞില്ല; തങ്ങൾക്കു തോന്നിയതെല്ലാം അവർ അദ്ദേഹത്തോടു ചെയ്തു. അതുപോലെതന്നെ മനുഷ്യപുത്രനെയും അവർ പീഡിപ്പിക്കും.”
13സ്നാപകയോഹന്നാനെക്കുറിച്ചാണ് തങ്ങളോട് അരുൾചെയ്തതെന്ന് ശിഷ്യന്മാർക്ക് അപ്പോൾ മനസ്സിലായി.
ഭൂതാവിഷ്ടനായ ബാലനെ സുഖപ്പെടുത്തുന്നു
(മർക്കോ. 9:14-29; ലൂക്കോ. 9:37-43)
14അവർ ജനക്കൂട്ടത്തിനടുത്തു തിരിച്ചുചെന്നപ്പോൾ ഒരു മനുഷ്യൻ യേശുവിന്റെ മുമ്പിൽ മുട്ടുകുത്തി അവിടുത്തോടു പറഞ്ഞു: 15“കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകണമേ! അപസ്മാരരോഗിയായ അവൻ വളരെയധികം കഷ്ടപ്പെടുന്നു. അവൻ പലപ്പോഴും തീയിലും വെള്ളത്തിലും വീഴുന്നു. 16ഞാൻ അവനെ അങ്ങയുടെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു. അവർക്ക് അവനെ സുഖപ്പെടുത്തുവാൻ കഴിഞ്ഞില്ല.”
17യേശു ഇപ്രകാരം മറുപടി പറഞ്ഞു: “അവിശ്വാസവും വഴിപിഴച്ചതുമായ തലമുറ! എത്രകാലം ഞാൻ നിങ്ങളോടുകൂടിയിരിക്കും? എത്രത്തോളം ഞാൻ നിങ്ങളെ വഹിക്കും? 18ആ ബാലനെ ഇങ്ങു കൊണ്ടുവരൂ.” പിന്നീട് യേശു ഭൂതത്തെ ശാസിച്ചു; ഭൂതം ആ ബാലനിൽനിന്ന് ഒഴിഞ്ഞുപോയി. തൽക്ഷണം അവൻ സുഖംപ്രാപിച്ചു.
19ശിഷ്യന്മാർ രഹസ്യമായി യേശുവിന്റെ അടുത്തുവന്ന്, “ഞങ്ങൾക്ക് എന്തുകൊണ്ടാണ് ആ ഭൂതത്തെ പുറത്താക്കുവാൻ കഴിയാഞ്ഞത്?” എന്നു ചോദിച്ചു.
20യേശു പ്രതിവചിച്ചു: “നിങ്ങളുടെ വിശ്വാസത്തിന്റെ കുറവുകൊണ്ടുതന്നെ. ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു, ഒരു കടുകുമണിയോളം വിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ ഈ മലയോട് ‘ഇവിടെനിന്ന് അങ്ങോട്ടു മാറുക’ എന്നു പറഞ്ഞാൽ അതു മാറും. നിങ്ങൾക്ക് ഒന്നും അസാധ്യമായിരിക്കുകയില്ല. 21#17:21 ഈ വാക്യം ചില കൈയെഴുത്തു പ്രതികളിൽ മാത്രം കാണുന്നു.പ്രാർഥനയാലും ഉപവാസത്താലുമല്ലാതെ മറ്റൊന്നുകൊണ്ടും ഈ ജാതിയെ ഒഴിച്ചുവിടാൻ സാധ്യമല്ല.”
വീണ്ടും മരണത്തെപ്പറ്റി സംസാരിക്കുന്നു
(മർക്കോ. 9:30-32; ലൂക്കോ. 9:44, 45)
22ഗലീലയിൽ അവർ ഒരുമിച്ചു കൂടിയപ്പോൾ യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാൻ പോകുകയാണ്. 23അവർ അവനെ വധിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്‌ക്കും.” ഇതുകേട്ട് ശിഷ്യന്മാർ അത്യധികം ദുഃഖിച്ചു.
ദേവാലയനികുതി കൊടുക്കുന്നു
24അവർ കഫർന്നഹൂമിൽ എത്തിയപ്പോൾ ദേവാലയനികുതി പിരിക്കുന്നവർ പത്രോസിനോട്, “നിങ്ങളുടെ ഗുരു ദേവാലയനികുതി കൊടുക്കാറുണ്ടോ?” എന്നു ചോദിച്ചു. “ഉണ്ട്” എന്നു പത്രോസ് പറഞ്ഞു.
25വീട്ടിൽ ചെന്നപ്പോൾ പത്രോസ് ഇതിനെപ്പറ്റി പറയുന്നതിനു മുമ്പ് യേശു ചോദിച്ചു: “ശിമോനേ, നിന്റെ അഭിപ്രായം എന്താണ്? ഈ ലോകത്തിലെ രാജാക്കന്മാർ ആരിൽനിന്നാണു ചുങ്കമോ തലപ്പണമോ പിരിക്കുന്നത്? സ്വന്തം രാജ്യത്തിലെ പൗരന്മാരിൽനിന്നോ, വിദേശീയരിൽനിന്നോ?”
26“വിദേശീയരിൽനിന്ന് എന്നു പറഞ്ഞപ്പോൾ യേശു പത്രോസിനോട്, “അങ്ങനെയെങ്കിൽ പൗരന്മാർ അവ കൊടുക്കേണ്ടതില്ലല്ലോ. 27എന്നാൽ നാം അവരെ പിണക്കേണ്ട ആവശ്യമില്ല; നീ പോയി തടാകത്തിൽ ചൂണ്ടയിടുക; ആദ്യം കിട്ടുന്ന മീനിന്റെ വായിൽനിന്ന് ഒരു നാണയം കിട്ടും. എന്റെയും നിന്റെയും ദേവാലയനികുതി കൊടുക്കുവാൻ അതു മതിയാകും; അതെടുത്തു നമ്മുടെ നികുതി അടയ്‍ക്കുക.”

Currently Selected:

MATHAIA 17: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy