YouVersion Logo
Search Icon

MATHAIA 15:1-20

MATHAIA 15:1-20 MALCLBSI

അനന്തരം യെരൂശലേമിൽനിന്നു പരീശന്മാരും മതപണ്ഡിതന്മാരും യേശുവിന്റെ അടുക്കൽവന്ന് “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യങ്ങൾ ലംഘിക്കുന്നത് എന്തുകൊണ്ട്? അവർ ഭക്ഷണം കഴിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ” എന്നു പറഞ്ഞു. യേശു അതിന് ഇങ്ങനെ മറുപടി നല്‌കി: “നിങ്ങളുടെ പാരമ്പര്യം പാലിക്കുന്നതിനുവേണ്ടി, ഈശ്വരകല്പനയെ നിങ്ങൾ ലംഘിക്കുന്നത് എന്തുകൊണ്ട്? പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക എന്നും പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം എന്നും ദൈവം കല്പിച്ചിരിക്കുന്നു. എന്നാൽ ‘പിതാവിനോ മാതാവിനോ എന്നിൽനിന്നു ലഭിക്കേണ്ടതു എന്തെങ്കിലും ഞാൻ ദൈവത്തിനു നല്‌കിയിരിക്കുന്നു’ എന്ന് ഒരുവൻ പറഞ്ഞാൽ പിന്നെ അച്ഛനെയും അമ്മയെയും സംരക്ഷിക്കേണ്ടതില്ല എന്നു നിങ്ങൾ പഠിപ്പിക്കുന്നു. അങ്ങനെ പാരമ്പര്യം പുലർത്താൻവേണ്ടി ദൈവവചനം നിങ്ങൾ നിരർഥകമാക്കുന്നു. കപടഭക്തരേ, നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചിരിക്കുന്നത് എത്രയോ വാസ്തവം. ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നിൽനിന്നു വിദൂരസ്ഥമായിരിക്കുന്നു. അവർ എന്നെ ആരാധിക്കുന്നതു വ്യർഥം; മനുഷ്യനിർമിതങ്ങളായ അനുശാസനങ്ങളാണ് അവരുടെ ധർമോപദേശം. പിന്നീട് യേശു ജനങ്ങളെ അടുക്കൽ വിളിച്ച് അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഇതു കേട്ടു ഗ്രഹിച്ചുകൊള്ളുക: മനുഷ്യന്റെ വായിലേക്കു ചെല്ലുന്നത് അല്ല അവനെ അശുദ്ധനാക്കുന്നത്; പ്രത്യുത വായിൽനിന്നു പുറത്തു വരുന്നതാണ്.” അനന്തരം ശിഷ്യന്മാർ യേശുവിനോട്, “അങ്ങു പറഞ്ഞത് പരീശന്മാരെ പ്രകോപിപ്പിച്ചു എന്നുള്ളത് അങ്ങു മനസ്സിലാക്കിയോ?” എന്നു ചോദിച്ചു. അവിടുന്ന് ഇങ്ങനെ മറുപടി പറഞ്ഞു: “എന്റെ സ്വർഗീയ പിതാവു നടാത്ത ചെടികളെല്ലാം വേരോടെ പിഴുതുപോകും. അവരെ കണക്കിലെടുക്കേണ്ടാ; അവർ അന്ധന്മാരായ വഴികാട്ടികളത്രേ. അന്ധൻ അന്ധനു വഴികാട്ടിയാൽ ഇരുവരും കുഴിയിൽ വീഴുമല്ലോ.” പത്രോസ് അവിടുത്തോട്, “ഈ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചുതന്നാലും” എന്ന് അഭ്യർഥിച്ചു. യേശു മറുപടി പറഞ്ഞു: “നിങ്ങൾപോലും അത് ഇനിയും മനസ്സിലാക്കുന്നില്ലേ? ഒരുവന്റെ വായിലേക്കു പോകുന്നതെന്തും അവന്റെ വയറ്റിൽ ചെന്നശേഷം വിസർജിക്കപ്പെടുന്നു. എന്നാൽ വായിൽനിന്നു പുറത്തുവരുന്നത്, ഹൃദയത്തിൽനിന്നത്രേ ഉദ്ഭവിക്കുന്നത്. അങ്ങനെയുള്ള കാര്യങ്ങളാണു മനുഷ്യനെ അശുദ്ധനാക്കുന്നത്. ഹൃദയത്തിൽനിന്നു ദുർവികാരങ്ങൾ, കൊലപാതകം, വ്യഭിചാരം, മറ്റ് അസാന്മാർഗിക കർമങ്ങൾ, മോഷണം, കള്ളസ്സാക്ഷ്യം, പരദൂഷണം എന്നിവ പുറപ്പെടുന്നു. മനുഷ്യനെ അശുദ്ധനാക്കുന്നത് ഇവയാണ്; കഴുകാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതല്ല.”

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy