YouVersion Logo
Search Icon

MATHAIA 14

14
സ്നാപകയോഹന്നാൻ വധിക്കപ്പെടുന്നു
(മർക്കോ. 6:14-29; ലൂക്കോ. 9:7-9)
1അക്കാലത്തു ഗലീല ഭരിച്ചിരുന്ന ഹേരോദാ യേശുവിന്റെ കീർത്തിയെപ്പറ്റി കേട്ടിട്ട്, തന്റെ സേവകന്മാരോടു പറഞ്ഞു: 2“ഇതു സ്നാപകയോഹന്നാൻ തന്നെയാണ്; അദ്ദേഹം മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അദ്ഭുതസിദ്ധികളെല്ലാം ഉള്ളത്.”
3തന്റെ സഹോദരൻ ഫീലിപ്പോസിന്റെ ഭാര്യ ഹേരോദ്യ നിമിത്തം ഹേരോദാ യോഹന്നാനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തിലടച്ചിരുന്നു. 4ഹേരോദ്യയെ ഭാര്യയായി വച്ചുകൊണ്ടിരുന്നതു ന്യായമല്ല എന്നു യോഹന്നാൻ പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. 5യോഹന്നാനെ വധിക്കണമെന്ന് ഉദ്ദേശിച്ചിരുന്നെങ്കിലും ഹേരോദാരാജാവ് ജനങ്ങളെ ഭയപ്പെട്ടു; യോഹന്നാൻ ഒരു പ്രവാചകനാണെന്ന് അവർ കരുതിയിരുന്നു.
6ഹേരോദായുടെ ജന്മദിനം കൊണ്ടാടിയപ്പോൾ ഹേരോദ്യയുടെ പുത്രി രാജസദസ്സിൽ ചെന്നു നൃത്തം ചെയ്തു ഹേരോദായെ സന്തോഷിപ്പിച്ചു. 7“നീ എന്തുതന്നെ ചോദിച്ചാലും നാം അതു തീർച്ചയായും നിനക്കു തരാം” എന്നു രാജാവ് അവളോടു ശപഥം ചെയ്തു.
8അവളാകട്ടെ അമ്മയുടെ പ്രേരണയനുസരിച്ച് “സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു താലത്തിൽവച്ച് എനിക്കു തരണം” എന്ന് ആവശ്യപ്പെട്ടു.
9രാജാവു ദുഃഖിതനായി. എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും ഓർത്ത് അപ്രകാരം ചെയ്തുകൊടുക്കുവാൻ രാജാവു കല്പിച്ചു. 10അങ്ങനെ കാരാഗൃഹത്തിൽവച്ച് യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു. 11എന്നിട്ട്, തല ഒരു താലത്തിൽവച്ച് ആ പെൺകുട്ടിക്കു കൊടുത്തു. അവൾ അതു കൊണ്ടുപോയി അമ്മയ്‍ക്കു കൊടുക്കുകയും ചെയ്തു. 12യോഹന്നാന്റെ ശിഷ്യന്മാർ ചെന്ന് മൃതദ്ദേഹം അടക്കം ചെയ്തശേഷം വിവരം യേശുവിനെ അറിയിച്ചു.
അയ്യായിരംപേർക്ക് ആഹാരം നല്‌കുന്നു
(മർക്കോ. 6:30-44; ലൂക്കോ. 9:10-17; യോഹ. 6:1-14)
13യേശു അതു കേട്ടപ്പോൾ ഒരു വഞ്ചിയിൽ കയറി അവിടംവിട്ട് തനിച്ച് ഒരു വിജനസ്ഥലത്തേക്കു പോയി. ജനങ്ങൾ ഇതറിഞ്ഞു പട്ടണങ്ങളിൽനിന്നു കാൽനടയായി അവിടുത്തെ പിന്തുടർന്നു. 14യേശു അവിടെ ചെന്നിറങ്ങിയപ്പോൾ ഒരു വലിയ ജനസമൂഹത്തെ കണ്ടു. അവിടുത്തേക്ക് അവരിൽ അനുകമ്പ തോന്നി. അവരുടെ കൂടെയുണ്ടായിരുന്ന രോഗികൾക്ക് അവിടുന്ന് സൗഖ്യം നല്‌കി.
15സന്ധ്യ ആയപ്പോൾ ശിഷ്യന്മാർ അവിടുത്തോടു പറഞ്ഞു: “ഇതൊരു വിജനസ്ഥലമാണല്ലോ; നേരവും വൈകി; ജനങ്ങളെ പറഞ്ഞയച്ചാലും; അവർ ഗ്രാമങ്ങളിൽ ചെന്നു വല്ല ഭക്ഷണസാധനങ്ങളും വാങ്ങട്ടെ.”
16യേശു അവരോടു പറഞ്ഞു: “അവർ പോകേണ്ടതില്ല; നിങ്ങൾ തന്നെ അവർക്കു ഭക്ഷണം നല്‌കണം.”
17അവർ യേശുവിനോട്: “ഞങ്ങളുടെ പക്കൽ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല” എന്നു പറഞ്ഞു.
18-19“അവ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞശേഷം ജനങ്ങളോടു പുൽപ്പുറത്തിരിക്കുവാൻ യേശു ആജ്ഞാപിച്ചു. അനന്തരം ആ അഞ്ചപ്പവും രണ്ടു മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി സ്തോത്രം ചെയ്തു മുറിച്ച് ജനങ്ങൾക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. 20എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങൾ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. 21ഭക്ഷണം കഴിച്ചവർ സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരത്തോളം പേർ ഉണ്ടായിരുന്നു.
യേശു വെള്ളത്തിന്മീതെ നടക്കുന്നു
(മർക്കോ. 6:45-52; യോഹ. 6:15-21)
22ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനിടയിൽ ശിഷ്യന്മാരോട് തോണിയിൽ കയറി തനിക്കു മുമ്പായി അക്കരയ്‍ക്കു പോകുവാൻ യേശു നിർബന്ധിച്ചു. 23അതിനുശേഷം യേശു പ്രാർഥിക്കുന്നതിനായി തനിച്ചു കുന്നിന്റെ മുകളിലേക്കു കയറിപ്പോയി. സന്ധ്യ ആയപ്പോൾ അവിടെ അവിടുന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. 24ഈ സമയത്ത് ശിഷ്യന്മാർ കയറിയ വഞ്ചി കരവിട്ടു വളരെദൂരം മുമ്പോട്ടു പോയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ തിരമാലകൾ അടിച്ചു തോണി ഉലഞ്ഞു.
25വെളുപ്പിനു മൂന്നുമണിക്കുശേഷം യേശു വെള്ളത്തിന്മീതെ നടന്ന് അവരുടെ അടുക്കലെത്തി. 26യേശു വെള്ളത്തിന്മീതെ നടക്കുന്നതു കണ്ടപ്പോൾ ശിഷ്യന്മാർ ഭയപരവശരായി. “ഇതാ, ഒരു ഭൂതം” എന്നു പറഞ്ഞ് അവർ പേടിച്ചു നിലവിളിച്ചു.
27ഉടനെ, “ധൈര്യപ്പെടുക ഞാനാണ്, ഭയപ്പെടേണ്ടാ” എന്ന് യേശു പറഞ്ഞു.
28അപ്പോൾ പത്രോസ്, “കർത്താവേ, അങ്ങുതന്നെ ആണെങ്കിൽ വെള്ളത്തിന്മീതെ നടന്ന് അങ്ങയുടെ അടുക്കൽ വരുവാൻ എന്നോടു കല്പിച്ചാലും” എന്നു പറഞ്ഞു.
29“വരിക” എന്നു യേശു പറഞ്ഞു. പത്രോസ് വഞ്ചിയിൽ നിന്നിറങ്ങി വെള്ളത്തിന്മീതെ നടന്ന് യേശുവിന്റെ അടുക്കലേക്കു നീങ്ങി. 30എന്നാൽ കാറ്റിന്റെ ഉഗ്രതകൊണ്ട് പത്രോസ് ഭയപ്പെട്ടു വെള്ളത്തിൽ താഴുവാൻ തുടങ്ങിയപ്പോൾ, “കർത്താവേ, രക്ഷിക്കണമേ” എന്നു നിലവിളിച്ചു.
31ഉടനെ യേശു കൈനീട്ടി പത്രോസിനെ പിടിച്ചുകൊണ്ട് “അല്പവിശ്വാസീ, നീ എന്തിനു സംശയിച്ചു?” എന്നു ചോദിച്ചു. 32അവർ വഞ്ചിയിൽ കയറിയപ്പോൾ കാറ്റു നിലച്ചു. 33“അങ്ങു സാക്ഷാൽ ദൈവപുത്രൻതന്നെ” എന്നു പറഞ്ഞുകൊണ്ട് ആ വഞ്ചിയിലുണ്ടായിരുന്നവർ അവിടുത്തെ നമസ്കരിച്ചു.
രോഗികളെ സുഖപ്പെടുത്തുന്നു
(മർക്കോ. 6:53-56)
34-35യേശു അക്കരെയുള്ള ഗന്നേസരെത്തിൽ എത്തി. അവിടെയുള്ളവർ അവിടുത്തെ തിരിച്ചറിഞ്ഞപ്പോൾ ചുറ്റുമുള്ള സ്ഥലങ്ങളിലെല്ലാം ആളയച്ച് സകല രോഗികളെയും അവിടുത്തെ അടുക്കൽ വരുത്തി. 36തന്റെ വസ്ത്രത്തിന്റെ അഗ്രത്തിൽ തൊടുവാനെങ്കിലും അനുവദിക്കണമെന്ന് അവർ അവിടുത്തോടപേക്ഷിച്ചു; തൊട്ടവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു.

Currently Selected:

MATHAIA 14: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy