YouVersion Logo
Search Icon

MATHAIA 14:22-36

MATHAIA 14:22-36 MALCLBSI

ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനിടയിൽ ശിഷ്യന്മാരോട് തോണിയിൽ കയറി തനിക്കു മുമ്പായി അക്കരയ്‍ക്കു പോകുവാൻ യേശു നിർബന്ധിച്ചു. അതിനുശേഷം യേശു പ്രാർഥിക്കുന്നതിനായി തനിച്ചു കുന്നിന്റെ മുകളിലേക്കു കയറിപ്പോയി. സന്ധ്യ ആയപ്പോൾ അവിടെ അവിടുന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സമയത്ത് ശിഷ്യന്മാർ കയറിയ വഞ്ചി കരവിട്ടു വളരെദൂരം മുമ്പോട്ടു പോയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ തിരമാലകൾ അടിച്ചു തോണി ഉലഞ്ഞു. വെളുപ്പിനു മൂന്നുമണിക്കുശേഷം യേശു വെള്ളത്തിന്മീതെ നടന്ന് അവരുടെ അടുക്കലെത്തി. യേശു വെള്ളത്തിന്മീതെ നടക്കുന്നതു കണ്ടപ്പോൾ ശിഷ്യന്മാർ ഭയപരവശരായി. “ഇതാ, ഒരു ഭൂതം” എന്നു പറഞ്ഞ് അവർ പേടിച്ചു നിലവിളിച്ചു. ഉടനെ, “ധൈര്യപ്പെടുക ഞാനാണ്, ഭയപ്പെടേണ്ടാ” എന്ന് യേശു പറഞ്ഞു. അപ്പോൾ പത്രോസ്, “കർത്താവേ, അങ്ങുതന്നെ ആണെങ്കിൽ വെള്ളത്തിന്മീതെ നടന്ന് അങ്ങയുടെ അടുക്കൽ വരുവാൻ എന്നോടു കല്പിച്ചാലും” എന്നു പറഞ്ഞു. “വരിക” എന്നു യേശു പറഞ്ഞു. പത്രോസ് വഞ്ചിയിൽ നിന്നിറങ്ങി വെള്ളത്തിന്മീതെ നടന്ന് യേശുവിന്റെ അടുക്കലേക്കു നീങ്ങി. എന്നാൽ കാറ്റിന്റെ ഉഗ്രതകൊണ്ട് പത്രോസ് ഭയപ്പെട്ടു വെള്ളത്തിൽ താഴുവാൻ തുടങ്ങിയപ്പോൾ, “കർത്താവേ, രക്ഷിക്കണമേ” എന്നു നിലവിളിച്ചു. ഉടനെ യേശു കൈനീട്ടി പത്രോസിനെ പിടിച്ചുകൊണ്ട് “അല്പവിശ്വാസീ, നീ എന്തിനു സംശയിച്ചു?” എന്നു ചോദിച്ചു. അവർ വഞ്ചിയിൽ കയറിയപ്പോൾ കാറ്റു നിലച്ചു. “അങ്ങു സാക്ഷാൽ ദൈവപുത്രൻതന്നെ” എന്നു പറഞ്ഞുകൊണ്ട് ആ വഞ്ചിയിലുണ്ടായിരുന്നവർ അവിടുത്തെ നമസ്കരിച്ചു. യേശു അക്കരെയുള്ള ഗന്നേസരെത്തിൽ എത്തി. അവിടെയുള്ളവർ അവിടുത്തെ തിരിച്ചറിഞ്ഞപ്പോൾ ചുറ്റുമുള്ള സ്ഥലങ്ങളിലെല്ലാം ആളയച്ച് സകല രോഗികളെയും അവിടുത്തെ അടുക്കൽ വരുത്തി. തന്റെ വസ്ത്രത്തിന്റെ അഗ്രത്തിൽ തൊടുവാനെങ്കിലും അനുവദിക്കണമെന്ന് അവർ അവിടുത്തോടപേക്ഷിച്ചു; തൊട്ടവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy