YouVersion Logo
Search Icon

MATHAIA 12:1-23

MATHAIA 12:1-23 MALCLBSI

അക്കാലത്ത് ഒരു ശബത്തുദിവസം യേശു ഒരു വിളഭൂമിയിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോൾ അവിടുത്തെ ശിഷ്യന്മാർക്കു വിശന്നു. അവർ കതിർ പറിച്ചെടുത്തു തിന്നുതുടങ്ങി. ഇതു കണ്ടിട്ടു പരീശന്മാർ യേശുവിനോടു പറഞ്ഞു: “നോക്കൂ, അങ്ങയുടെ ശിഷ്യന്മാർ ശബത്തിൽ ചെയ്തുകൂടാത്തതു ചെയ്യുന്നു.” അവിടുന്ന് അവരോട് ഇങ്ങനെ പറഞ്ഞു: “ദാവീദും സഹചരന്മാരും വിശന്നപ്പോൾ ചെയ്തത് എന്താണെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? ദാവീദ് ദേവാലയത്തിൽ പ്രവേശിച്ചു കാഴ്ചയപ്പം എടുത്തു ഭക്ഷിച്ചത് എങ്ങനെ? നിയമപ്രകാരം പുരോഹിതന്മാർക്കല്ലാതെ അദ്ദേഹത്തിനോ കൂടെയുള്ളവർക്കോ ഭക്ഷിക്കുവാൻ പാടില്ലാത്തതായിരുന്നല്ലോ അത്. മാത്രമല്ല ശബത്തു ദിവസങ്ങളിൽ ദേവാലയത്തിൽവച്ചു പുരോഹിതന്മാർ ശബത്തു ലംഘിക്കുന്നു എങ്കിലും അവർ കുറ്റക്കാരല്ലെന്നു ധർമശാസ്ത്രത്തിൽ പറയുന്നത് നിങ്ങൾ വായിച്ചിട്ടില്ലേ? ഞാൻ നിങ്ങളോട് പറയുന്നു: ദേവാലയത്തെക്കാൾ വലിയവൻ ഇവിടെയുണ്ട്; യാഗമല്ല കാരുണ്യമാണു ഞാൻ ആഗ്രഹിക്കുന്നത് എന്ന തിരുവെഴുത്തിന്റെ അർഥം നിങ്ങൾ ഗ്രഹിച്ചിരുന്നെങ്കിൽ നിർദോഷികളെ കുറ്റവാളികളെന്നു നിങ്ങൾ വിധിക്കുകയില്ലായിരുന്നു. എന്നാൽ മനുഷ്യപുത്രൻ ശബത്തിന്റെയും കർത്താവാണ്.” അനന്തരം യേശു അവിടെനിന്നു പുറപ്പെട്ട് അവരുടെ സുനഗോഗിലെത്തി. അവിടെ കൈ ശോഷിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. യേശുവിൽ കുറ്റമാരോപിക്കുന്നതിനുവേണ്ടി “ശബത്തിൽ രോഗം സുഖപ്പെടുത്തുന്നതു നിയമാനുസൃതമാണോ?” എന്ന് അവർ ചോദിച്ചു. യേശു പ്രതിവചിച്ചു: “ശബത്തുദിവസം നിങ്ങളിൽ ആരുടെയെങ്കിലും ഒരു ആട് കുഴിയിൽ വീണു എന്നിരിക്കട്ടെ; നിങ്ങൾ അതിനെ കരയ്‍ക്കു കയറ്റാതിരിക്കുമോ? മനുഷ്യൻ ആടിനെക്കാൾ എത്രയോ വിലയുള്ളവനാണ്! അതുകൊണ്ട് ശബത്തുദിവസം നന്മ ചെയ്യുന്നതു നിയമാനുസൃതമാണ്. പിന്നീട് യേശു ആ മനുഷ്യനോടു “കൈ നീട്ടുക” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. ഉടനെ അതു സുഖപ്പെട്ട് മറ്റേ കൈ പോലെ ആയി. പരീശന്മാരാകട്ടെ പുറത്തുപോയി എങ്ങനെ യേശുവിനെ നശിപ്പിക്കാമെന്നു ഗൂഢാലോചന നടത്തി. യേശു ഇതറിഞ്ഞ് അവിടം വിട്ടുപോയി. ധാരാളം ആളുകൾ അവിടുത്തെ അനുഗമിച്ചു. അവിടുന്ന് എല്ലാവരെയും സുഖപ്പെടുത്തി. തന്നെക്കുറിച്ച് ഒന്നും പരസ്യപ്പെടുത്തരുതെന്ന് അവിടുന്ന് അവരോട് ആജ്ഞാപിച്ചു. അങ്ങനെ യെശയ്യാ മുഖാന്തരം അരുളിച്ചെയ്തത് പൂർത്തിയായി. അദ്ദേഹം പ്രവചിച്ചത് ഇങ്ങനെയാണ്: “ഇതാ ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ അന്തരംഗം പ്രസാദിച്ച എന്റെ പ്രിയങ്കരൻ. എന്റെ ആത്മാവിനെ ഞാൻ അവന്റെമേൽ ആവസിപ്പിക്കും; എന്റെ ന്യായവിധി അവൻ സർവജനതകളോടും പ്രഖ്യാപനം ചെയ്യും. അവൻ വാദകോലാഹലത്തിലേർപ്പെടുകയില്ല; തെരുവീഥികളിൽ ആരും അവന്റെ ശബ്ദം കേൾക്കുകയുമില്ല. നീതിനിർവഹണം വിജയത്തിലെത്തിക്കുന്നതുവരെ ചതഞ്ഞ ഓടക്കമ്പ് അവൻ ഒടിക്കുകയില്ല; മങ്ങിക്കത്തുന്ന തിരി കെടുത്തുകയുമില്ല. അവന്റെ നാമത്തിലായിരിക്കും സകല ജനതകളുടെയും പ്രത്യാശ.” അനന്തരം അന്ധനും മൂകനുമായ ഒരു ഭൂതാവിഷ്ടനെ യേശുവിന്റെ അടുക്കൽ ചിലർ കൊണ്ടുവന്നു. യേശു അയാളെ സുഖപ്പെടുത്തി; അയാൾ സംസാരിക്കുകയും കാണുകയും ചെയ്തു. ജനസമൂഹം വിസ്മയഭരിതരായി, “ഇദ്ദേഹമായിരിക്കുമോ ദാവീദിന്റെ പുത്രൻ?” എന്നു പറഞ്ഞു.