YouVersion Logo
Search Icon

MATHAIA 10

10
ശിഷ്യന്മാരെ നിയോഗിക്കുന്നു
(മർക്കോ. 3:13-19; ലൂക്കോ. 6:12-16)
1യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് എല്ലാ അശുദ്ധാത്മാക്കളെയും പുറത്താക്കുന്നതിനും എല്ലാ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും സുഖപ്പെടുത്തുന്നതിനും അവർക്ക് അധികാരം നല്‌കി. 2പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകൾ ഇവയാണ്: ഒന്നാമൻ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമോൻ, ശിമോന്റെ സഹോദരൻ അന്ത്രയാസ്, 3സെബദിയുടെ പുത്രൻ യാക്കോബ്, യാക്കോബിന്റെ സഹോദരൻ യോഹന്നാൻ, ഫീലിപ്പോസ്, ബർതൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായിയുടെ പുത്രൻ യാക്കോബ്, തദ്ദായി, തീവ്രവാദിയായ ശിമോൻ, 4യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കരിയോത്ത്.
സുവിശേഷഘോഷണത്തിന് അയയ്‍ക്കുന്നു
(മർക്കോ. 6:7-13; ലൂക്കോ. 9:1-6)
5ഈ പന്ത്രണ്ടുപേരെയും താഴെപ്പറയുന്ന അനുശാസനങ്ങളോടുകൂടി യേശു അയച്ചു: “നിങ്ങൾ വിജാതീയരുടെ ഏതെങ്കിലും പ്രദേശത്തോ ശമര്യരുടെ പട്ടണങ്ങളിലോ പോകരുത്. 6പ്രത്യുത ഇസ്രായേൽഗൃഹത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുക്കലേക്കു പോകുക. 7നിങ്ങൾ പോകുമ്പോൾ സ്വർഗരാജ്യം സമാഗതമായിരിക്കുന്നു എന്ന് അവരോടു പ്രസംഗിക്കുക. 8രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിർപ്പിക്കുക, കുഷ്ഠരോഗികളെ ശുദ്ധരാക്കുക, ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായി കൊടുക്കുക. 9നിങ്ങൾ സ്വർണനാണയമോ, വെള്ളിനാണയമോ, ചെമ്പുനാണയമോ കൊണ്ടുപോകരുത്. യാത്രയ്‍ക്കുള്ള ഭാണ്ഡമോ, 10രണ്ട് ഉടുപ്പോ, ചെരുപ്പോ, വടിയോ നിങ്ങൾക്ക് ആവശ്യമില്ല; വേലക്കാരൻ തന്റെ ആഹാരത്തിന് അർഹനാണല്ലോ.
11“നിങ്ങൾ ഏതെങ്കിലും ഒരു പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ നിങ്ങളെ സ്വീകരിക്കുവാൻ സന്മനസ്സുള്ളവരെ കണ്ടുപിടിച്ച് നിങ്ങൾ പോകുന്നതുവരെ അവരുടെകൂടെ പാർക്കുക. 12നിങ്ങൾ ഒരു ഭവനത്തിൽ ചെല്ലുമ്പോൾ ആ ഭവനത്തിലുള്ളവർക്ക് സമാധാനം ആശംസിക്കുക. 13ആ ഭവനത്തിന് അർഹതയുണ്ടെങ്കിൽ നിങ്ങൾ ആശംസിച്ച സമാധാനം അതിനുണ്ടാകട്ടെ. അതിന് അർഹതയില്ലെങ്കിൽ ആ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ. 14ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ സന്ദേശം ശ്രദ്ധിക്കാതെയോ ഇരുന്നാൽ ആ ഭവനമോ നഗരമോ വിട്ടുപോകുമ്പോൾ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുക. 15ന്യായവിധിദിവസം ആ പട്ടണത്തിന്റെ സ്ഥിതിയെക്കാൾ സോദോം ഗോമോരാ പ്രദേശത്തിന്റെ അവസ്ഥ സഹിക്കാവുന്നതായിരിക്കും എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.
ഭാവിയിലുണ്ടാകുന്ന പീഡനങ്ങൾ
(മർക്കോ. 13:9-13; ലൂക്കോ. 21:12-17)
16“ആടുകളെ ചെന്നായ്‍ക്കളുടെ ഇടയിലേക്ക് എന്നവിധം ഇതാ, ഞാൻ നിങ്ങളെ അയയ്‍ക്കുന്നു. 17അതുകൊണ്ട് സർപ്പത്തെപ്പോലെ വിവേകമുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുമായിരിക്കണം. ജാഗ്രതയുള്ളവരായിരിക്കുക; 18മനുഷ്യർ നിങ്ങളെ ന്യായാധിപസംഘത്തിന് ഏല്പിച്ചുകൊടുക്കും; സുനഗോഗുകളിൽവച്ച് ചാട്ടവാറുകൊണ്ടു നിങ്ങളെ അടിക്കും; ഞാൻ നിമിത്തം ഗവർണർമാരുടെയും രാജാക്കന്മാരുടെയും അടുക്കലേക്കു നിങ്ങളെ വലിച്ചിഴച്ചുകൊണ്ടു പോകുകയും ചെയ്യും. അങ്ങനെ നിങ്ങൾ അവരുടെയും വിജാതീയരുടെയും മുമ്പിൽ സാക്ഷ്യം വഹിക്കും. 19അവർ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോൾ എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ ഓർത്തു വ്യാകുലപ്പെടേണ്ടാ. 20പറയാനുള്ളതു തത്സമയം നിങ്ങൾക്കു ലഭിക്കും. എന്തെന്നാൽ സംസാരിക്കുന്നതു നിങ്ങളായിരിക്കുകയില്ല; നിങ്ങളിൽകൂടി നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും സംസാരിക്കുക.
21“സഹോദരൻ സഹോദരനെയും പിതാവ് പുത്രനെയും ഏല്പിച്ചു കൊടുക്കും; മക്കൾ മാതാപിതാക്കളോട് എതിർക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും. 22എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും; അവസാനത്തോളം സഹിച്ചു നില്‌ക്കുന്നവൻ രക്ഷപെടും. 23ഒരു പട്ടണത്തിൽ അവർ നിങ്ങളെ പീഡിപ്പിക്കുമ്പോൾ മറ്റൊന്നിലേക്ക് ഓടിപ്പൊയ്‍ക്കൊള്ളുക. മനുഷ്യപുത്രൻ വരുന്നതിനുമുമ്പ് നിങ്ങളുടെ പ്രവർത്തനം ഇസ്രായേലിലെ എല്ലാ പട്ടണങ്ങളിലും പൂർത്തിയാവുകയില്ല എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു.
24“ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനല്ല, ദാസൻ യജമാനനെക്കാൾ വലിയവനുമല്ല. 25ശിഷ്യൻ ഗുരുവിനെപ്പോലെയും ദാസൻ യജമാനനെപ്പോലെയും ആയാൽ മതി. ഗൃഹനാഥനെ അവർ ബേൽസെബൂൽ എന്നു വിളിച്ചെങ്കിൽ ഗൃഹത്തിലെ മറ്റംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!
ആരെയാണു ഭയപ്പെടേണ്ടത്?
(ലൂക്കോ. 12:2-7)
26“അതുകൊണ്ടു നിങ്ങൾ മനുഷ്യരെ ഭയപ്പെടേണ്ടാ. വെളിച്ചത്തു കൊണ്ടുവരപ്പെടാതെ മൂടിവയ്‍ക്കുകയോ അറിയപ്പെടാതെ ഗൂഢമായിരിക്കുകയോ ചെയ്യുന്നതൊന്നുമില്ല. 27ഞാൻ നിങ്ങളോട് ഇരുട്ടിൽ സംസാരിക്കുന്നത് നിങ്ങൾ വെളിച്ചത്തു പ്രസ്താവിക്കുക. നിങ്ങളുടെ ചെവിയിൽ മന്ത്രിക്കുന്നതു നിങ്ങൾ പുരമുകളിൽനിന്ന് ഉച്ചൈസ്തരം ഘോഷിക്കുക. 28ശരീരത്തെ നശിപ്പിക്കുന്നവരെ ഭയപ്പെടേണ്ടാ: ആത്മാവിനെ നശിപ്പിക്കുവാൻ അവർക്കു കഴിയുകയില്ലല്ലോ. എന്നാൽ ആത്മാവിനെയും ശരീരത്തെയും നരകത്തിലിട്ടു നശിപ്പിക്കുവാൻ കഴിയുന്നവനെയാണു ഭയപ്പെടേണ്ടത്. 29ഒരു പൈസയ്‍ക്കു രണ്ടു കുരുവികളെ വില്‌ക്കുന്നില്ലേ? അവയിലൊന്നുപോലും നിങ്ങളുടെ പിതാവ് അറിയാതെ നിലത്തു വീഴുന്നില്ല.
30“നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും ദൈവത്തിന്റെ കണക്കിലുൾപ്പെട്ടിരിക്കുന്നു. 31നിങ്ങൾ ഭയപ്പെടേണ്ടാ. അനേകം കുരുവികളെക്കാൾ വിലയുള്ളവരാണല്ലോ നിങ്ങൾ.”
ക്രിസ്തുവിനെ സ്വീകരിക്കുന്നതും നിഷേധിക്കുന്നതും
(ലൂക്കോ. 12:8-9)
32“മനുഷ്യരുടെ മുമ്പിൽ എന്നെ അംഗീകരിച്ചു പ്രഖ്യാപനം ചെയ്യുന്ന ഏതൊരുവനെയും സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും അംഗീകരിക്കും. 33എന്നാൽ മനുഷ്യരുടെ മുമ്പിൽ എന്നെ നിഷേധിക്കുന്നവനെ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും നിഷേധിക്കും.
സമാധാനമല്ല വാൾതന്നെ
(ലൂക്കോ. 12:51-53; 14:26-27)
34“ഭൂമിയിൽ സമാധാനം വരുത്തുവാൻ ഞാൻ വന്നു എന്നു നിങ്ങൾ കരുതേണ്ടാ; സമാധാനമല്ല, വാളത്രേ ഞാൻ കൊണ്ടുവന്നിരിക്കുന്നത്. 35ഒരുവനെ അവന്റെ പിതാവിനെതിരെയും മകളെ അമ്മയ്‍ക്കെതിരെയും മരുമകളെ അമ്മായിയമ്മയ്‍ക്കെതിരെയും ഭിന്നിപ്പിക്കുവാനത്രേ ഞാൻ വന്നിരിക്കുന്നത്. 36അങ്ങനെ സ്വന്തം വീട്ടിലുള്ളവർ തന്നെ ഒരുവനു ശത്രുക്കളായിത്തീരും.
37“എന്നെക്കാൾ അധികം തന്റെ മകനെയോ മകളെയോ സ്നേഹിക്കുന്നവനും എന്റെ ശിഷ്യനായിരിക്കുവാൻ യോഗ്യനല്ല. 38തന്റെ ക്രൂശെടുത്ത് എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനാകാൻ യോഗ്യനല്ല. 39സ്വന്തം ജീവനെ സുരക്ഷിതമാക്കുവാൻ ശ്രമിക്കുന്നവൻ അതിനെ നഷ്ടപ്പെടുത്തും. എന്നാൽ എനിക്കുവേണ്ടി തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവൻ അതു നേടും.
പ്രതിഫലങ്ങൾ
(മർക്കോ. 9:41)
40“നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. 41പ്രവാചകനെന്നു കരുതി ഒരു പ്രവാചകനെ സ്വീകരിക്കുന്നവനു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാനെന്നു കരുതി ഒരു നീതിമാനെ സ്വീകരിക്കുന്നവനു നീതിമാന്റെ പ്രതിഫലം ലഭിക്കും. ഞാൻ നിങ്ങളോടു പറയുന്നു: 42ശിഷ്യനെന്നു കരുതി ഈ എളിയവരിൽ ഒരുവന് ഒരു പാത്രം ശുദ്ധജലമെങ്കിലും കൊടുക്കുന്നവൻ ആരായാലും അയാൾക്കു പ്രതിഫലം നിശ്ചയമായും ലഭിക്കും.”

Currently Selected:

MATHAIA 10: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy