YouVersion Logo
Search Icon

MATHAIA 1

1
യേശുക്രിസ്തുവിന്റെ വംശാവലി
(ലൂക്കോ. 3:23-38)
1അബ്രഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി: 2അബ്രഹാമിന്റെ പുത്രൻ ഇസ്ഹാക്ക്; 3ഇസ്ഹാക്കിന്റെ പുത്രൻ യാക്കോബ്; യാക്കോബിന്റെ പുത്രന്മാർ യെഹൂദയും സഹോദരന്മാരും; യെഹൂദയ്‍ക്ക് പാരെസും സാരഹും ജനിച്ചു; 4അവരുടെ അമ്മ താമാർ; പാരെസിന്റെ പുത്രൻ ഹെസ്രോൻ; ഹെസ്രോന്റെ പുത്രൻ അരാം; അരാമിന്റെ പുത്രൻ അമ്മീനാദാബ്; അമ്മീനാദാബിന്റെ പുത്രൻ നഹശോൻ; നഹശോന്റെ പുത്രൻ സല്മോൻ; 5സല്മോന്റെ പുത്രൻ ബോവസ്; ബോവസിന്റെ അമ്മ രാഹാബ്; ബോവസിന് രൂത്തിൽ ജനിച്ച പുത്രൻ ഓബേദ്; 6ഓബേദിന്റെ പുത്രൻ യിശ്ശായി; യിശ്ശായിയുടെ പുത്രൻ ദാവീദുരാജാവ്.
7ഊരിയായുടെ ഭാര്യയായിരുന്ന ബത്ത്-ശേബയിൽ ദാവീദിനു ജനിച്ച പുത്രൻ ശലോമോൻ; ശലോമോന്റെ പുത്രൻ രഹബയാം; രഹബയാമിന്റെ പുത്രൻ അബീയാ; അബീയായുടെ പുത്രൻ ആസാ; 8ആസായുടെ പുത്രൻ യോശാഫാത്ത്; യോശാഫാത്തിന്റെ പുത്രൻ യോരാം; യോരാമിന്റെ പുത്രൻ ഉസ്സീയാ; ഉസ്സീയായുടെ പുത്രൻ യോഥാം; 9യോഥാമിന്റെ പുത്രൻ ആഹാസ്; 10ആഹാസിന്റെ പുത്രൻ ഹിസ്കീയ; ഹിസ്കീയായുടെ പുത്രൻ മനശ്ശെ; മനശ്ശെയുടെ പുത്രൻ ആമോസ്; ആമോസിന്റെ പുത്രൻ യോശിയാ; 11യോശിയായ്‍ക്കു ബാബേൽ പ്രവാസകാലത്ത് യഖ്യൊന്യായും സഹോദരന്മാരും ജനിച്ചു.
12ബാബേൽപ്രവാസത്തിനുശേഷം യഖൊന്യയായ്‍ക്കു ശെയല്തിയേൽ എന്ന പുത്രൻ ജനിച്ചു; ശെയല്തിയേലിന്റെ പുത്രൻ സെരൂബ്ബാബേൽ; 13സെരൂബ്ബാബേലിന്റെ പുത്രൻ അബീഹൂദ്; അബീഹൂദിന്റെ പുത്രൻ എല്യാക്കീം; എല്യാക്കീമിന്റെ പുത്രൻ ആസോർ; 14ആസോരിന്റെ പുത്രൻ സാദോക്ക്; സാദോക്കിന്റെ പുത്രൻ ആഖീം; ആഖീമിന്റെ പുത്രൻ എലിഹൂദ്; 15എലിഹൂദിന്റെ പുത്രൻ എലിയാസർ; എലിയാസരുടെ പുത്രൻ മത്ഥാൻ; മത്ഥാന്റെ പുത്രൻ യാക്കോബ്; 16യാക്കോബിന്റെ പുത്രൻ യോസേഫ്; യോസേഫ് മറിയമിന്റെ ഭർത്താവായിരുന്നു; മറിയമിൽനിന്ന് ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.
17ഇങ്ങനെ അബ്രഹാം മുതൽ ദാവീദുവരെ തലമുറകൾ ആകെ പതിനാലും ദാവീദു മുതൽ ബാബേൽ പ്രവാസംവരെ പതിനാലും ബാബേൽ പ്രവാസം മുതൽ ക്രിസ്തുവരെ പതിനാലും ആണ്.
യേശുക്രിസ്തുവിന്റെ ജനനം
(ലൂക്കോ. 2:1-7)
18യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു. യേശുവിന്റെ മാതാവായ മറിയവും യോസേഫും തമ്മിൽ വിവാഹനിശ്ചയം ചെയ്തിരുന്നു. അവർ ഒരുമിച്ചു ചേരുന്നതിനു മുമ്പ് മറിയം പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചിരിക്കുന്നതായി കാണപ്പെട്ടു. 19മറിയമിന്റെ ഭർത്താവായ യോസേഫ് ഒരു ഉത്തമ മനുഷ്യനായിരുന്നതുകൊണ്ട് മറിയം അപമാനിതയാകുന്നതിൽ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് രഹസ്യമായി മറിയമിനെ ഉപേക്ഷിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. 20എന്നാൽ ഇതേപ്പറ്റി അദ്ദേഹം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ദൈവദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി ഇപ്രകാരം പ്രസ്താവിച്ചു: “ദാവീദിന്റെ പുത്രനായ യോസേഫേ, നിന്റെ ഭാര്യയായ മറിയമിനെ സ്വീകരിക്കുന്നതിനു ശങ്കിക്കേണ്ടാ; അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. 21അവൾ ഒരു പുത്രനെ പ്രസവിക്കും; ആ ശിശുവിന് യേശു എന്നു പേര് വിളിക്കണം. തന്റെ ജനങ്ങളെ അവരുടെ പാപങ്ങളിൽനിന്ന് അവിടുന്നു രക്ഷിക്കും.”
22-23“ഇതാ കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവൻ ദൈവം നമ്മോടുകൂടി എന്നർഥമുള്ള ‘ഇമ്മാനുവേൽ’ എന്നു വിളിക്കപ്പെടും”
എന്നു പ്രവാചകൻ മുഖാന്തരം ദൈവം അരുളിച്ചെയ്തതു നിറവേറുന്നതിന് ഇവയെല്ലാം സംഭവിച്ചു.
24യോസേഫ് നിദ്രവിട്ടുണർന്ന് ദൈവദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു; അദ്ദേഹം തന്റെ ഭാര്യയെ സ്വീകരിച്ചു. 25എന്നാൽ പുത്രനെ പ്രസവിക്കുന്നതുവരെ അദ്ദേഹം മറിയമിനോടു ശാരീരികബന്ധം പുലർത്തിയില്ല. ശിശുവിനെ അദ്ദേഹം യേശു എന്നു പേര് വിളിച്ചു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy